National
ഡല്‍ഹിയില്‍ പുക മഞ്ഞും വിഷപ്പുകയും; ജനജീവിതം ദുസ്സഹം, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഇന്ന് മാത്രം ഡല്‍ഹി വിമാനത്താവളത്തില്‍ 73 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ പുക മഞ്ഞിലും വിഷപ്പുകയിലും ജന ജീവിതം ദുസ്സഹമായി തുടരുന്നു. വായു ഗുണനിലവാരം ഇന്ന് 382 ആണ് രേഖപെടുത്തിയ ശരാശരി എ ക്യു ഐ. വളരെ മോശം വിഭാഗത്തിലാണ് വായു ഗുണനിലവാരം. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിഷപ്പുകക്കൊപ്പം കനത്ത മുടല്‍മഞ്ഞും കൂടിയായപ്പോള്‍ ഗതാഗതവും താറുമാറായ അവസ്ഥയിലാണ്.
വ്യോമ ഗതാഗതത്തെ കനത്ത മൂടല്‍ മഞ്ഞ് ഗുരുതരമായി ബാധിച്ചു. പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഇന്ന് മാത്രം ഡല്‍ഹി വിമാനത്താവളത്തില്‍ 73 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയതിന് പുറമേ വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്യുന്നു. കേരളത്തിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയതോടെ മലയാളികളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
ഇതിനിടെ പ്രതിസന്ധിക്ക് പരിഹാരമായി യാത്രക്കാര്‍ക്ക് ബദല്‍ വിമാനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വൈകിട്ട് അഞ്ച് മണിക്കുള്ള വിമാനത്തില്‍ യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. റെയില്‍ ഗതാഗതത്തെയും മൂടല്‍ മഞ്ഞ് സാരമായി ബാധിച്ചു.


