Kerala
ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം; എസ് എച്ച് ഒ. പ്രതാപചന്ദ്രനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കരുതെന്ന് പരാതിക്കാരി
ഗര്‍ഭിണിയായിരിക്കേ തന്നെ കൈയേറ്റം ചെയ്ത പ്രതിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നും പരാതിക്കാരി ഷൈമോള്‍.
കൊച്ചി | പോലീസ് സ്‌റ്റേഷനിലെ മര്‍ദനവുമായി ബന്ധപ്പെട്ട കേസില്‍ എസ് എച്ച് ഒ. പ്രതാപചന്ദ്രനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ ഷൈമോള്‍. ഗര്‍ഭിണിയായിരിക്കേ തന്നെ കൈയേറ്റം ചെയ്യുകയും മുഖത്തടിക്കുകയും ചെയ്ത പ്രതിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് അയാള്‍ക്കെതിരെ കേസെടുക്കണമെന്നും ഷൈമോള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം വേണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഷൈമോള്‍ ഹരജി സമര്‍പ്പിച്ചു. ഹരജി കോടതി ജനുവരി 17ന് പരിഗണിക്കും.
2024ല്‍ പ്രതാപ ചന്ദ്രന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്ന കാലത്താണ് സംഭവം. ഇദ്ദേഹം ഗര്‍ഭിണിയായ യുവതിയുടെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതാപ ചന്ദ്രന്‍ ആണ് ഗര്‍ഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്. സ്ത്രീയുടെ ഭര്‍ത്താവ് ബെഞ്ചോയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭര്‍ത്താവിനെ അന്വേഷിച്ച് യുവതി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മര്‍ദനം നേരിടേണ്ടി വന്നത്. ഏറെ നാളത്തെ നിയമപോരാട്ടത്തിനു ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് യുവതിക്ക് സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചത്.
പോലീസ് സ്റ്റേഷനകത്ത് കയറിവന്ന് കൈക്കുഞ്ഞുങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നും കുഞ്ഞുങ്ങളെ വലിച്ചെറിയാന്‍ ശ്രമിച്ചപ്പോളാണ് ഇടപെട്ടതെന്നുമായിരുന്നു സസ്‌പെന്‍ഷന് മുമ്പ് പ്രതാപചന്ദ്രന്റെ പ്രതികരണം.


