Kerala
സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ തീക്കൊളുത്തി കൊന്ന കേസ്: സഹോദരീ പുത്രന് ജീവപര്യന്തവും പിഴയും
പിഴയൊടുക്കേണ്ടത് ഒന്നര ലക്ഷം. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി വരകില്‍ വീട്ടില്‍ സുനില്‍കുമാറിനെയാണ് (56) ഇടുക്കി ജില്ലാ കോടതി ശിക്ഷിച്ചത്.
തൊടുപുഴ | സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിയുടെ മകന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി വരകില്‍ വീട്ടില്‍ സുനില്‍കുമാറിനെയാണ് (56) ശിക്ഷിച്ചത്. ഇടുക്കി ജില്ലാ കോടതിയുടേതാണ് വിധി.
മുട്ടം തോട്ടുങ്കര ഭാഗത്ത് ഊളാനിയില്‍ 2021 മാര്‍ച്ച് 31ന് രാത്രിയായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന സരോജിനി (72) എന്ന സ്ത്രീയെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ആറു വര്‍ഷമായി സരോജിനിയുടെ വീട്ടില്‍ സഹായിയായി താമസിച്ചു വരികയായിരുന്നു സുനില്‍ കുമാര്‍. അവിവാഹിതയായ സരോജിനിക്ക് രണ്ട് ഏക്കര്‍ സ്ഥലമടക്കം ആറ് കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു.
സ്വത്തുക്കള്‍ തനിക്ക് നല്‍കുമെന്ന് സരോജിനി പറഞ്ഞിരുന്നുവെന്നും എന്നാല്‍ പിന്നീട് അത് രണ്ട് സഹോദരിമാരുടെയും ഒമ്പത് മക്കളുടെയും പേരില്‍ വീതംവെച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സുനില്‍ കുമാറിന്റെ മൊഴി. സ്വത്ത് ലഭിക്കില്ലെന്ന് അറിഞ്ഞതോടെയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തി.


