Kerala
'നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ'; വൈകാരിക പ്രതികരണവുമായി അതിജീവിത
'ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്.'
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോക്കെതിരെ വൈകാരികമായി പ്രതികരിച്ച് അതിജീവിത. തനിക്കെതിരെ അക്രമമുണ്ടായപ്പോള്‍ ഉടന്‍ പോലീസില്‍ പരാതിപ്പെട്ടതാണോ താന്‍ ചെയ്ത തെറ്റെന്ന് അതിജീവിത ചോദിച്ചു. നടന്നതെല്ലാം വിധിയെന്ന് കരുതി സമാധാനിച്ച് ഇരിക്കണമായിരുന്നോ? നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നും വ്യാജ പ്രചാരകര്‍ക്ക് മറുപടിയിയായി അവര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
അതിജീവിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്.
അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പോലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു, അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.
ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ.
ഇരയല്ല, അതിജീവിതയുമല്ല. ഒരു സാധാരണ മനുഷ്യന്‍.
ജീവിക്കാന്‍ അനുവദിക്കൂ.’
കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ അതിജീവിതയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. അതിജീവിതയുടെ പരാതിയില്‍ തൃശൂര്‍ സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട് നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ് മാര്‍ട്ടിന്‍. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് 24 വീഡിയോ ലിങ്കുകള്‍ ഉള്‍പ്പെടെ ഡി ഐ ജി. ഹരിശങ്കറിന് നല്‍കിയ പരാതിയില്‍ അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹിക മാധ്യമത്തിലൂടെയുള്ള അധിക്ഷേപത്തില്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും അതിജീവിത ആവശ്യപ്പെട്ടിരുന്നു. താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ പരാതിപ്പെട്ടിരുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ പോലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

