Kerala
ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം
നടി ആക്രമിക്കപ്പെട്ടതില്‍ ക്വട്ടേഷന്‍ കൊടുത്തവര്‍ ശിക്ഷിക്കപ്പെടാത്തതിനെതിരെ ഭാഗ്യലക്ഷ്മി ശക്തമായി രംഗത്തു വന്നിരുന്നു.
തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി ഈ വിവരം പുറത്തുവിട്ടത്. കോള്‍ വന്ന ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ അവര്‍ എഫ് ബിയില്‍ പങ്കുവെച്ചു.
നടി ആക്രമിക്കപ്പെട്ടതില്‍ ക്വട്ടേഷന്‍ കൊടുത്തവര്‍ ശിക്ഷിക്കപ്പെടാത്തതിനെതിരെ ഭാഗ്യലക്ഷ്മി ശക്തമായി രംഗത്തു വന്നിരുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് അവര്‍ സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയില്‍ നിന്നും രാജിവെച്ചിരുന്നു. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെയും ഒപ്പം നില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
അതിജീവിത പരാതി കൊടുത്തിരുന്നില്ലെങ്കില്‍ അടുത്ത ഇര മഞ്ജു വാര്യര്‍ ആയിരുന്നേനെയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. അതിജീവിത ഒരു തരിപോലും തളര്‍ന്നിട്ടില്ലെന്നും നിയമത്തിന്റെ ഏത് അറ്റംവരെയും പോകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അവളെ തളര്‍ത്താമെന്ന് ക്വട്ടേഷന്‍ കൊടുത്തയാളും പി ആര്‍ വര്‍ക്കുകാരും കരുതേണ്ടെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.


