Kerala
പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം
സമാനമായ നടപടികള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം എന്നീ വ്യവസ്ഥകള്‍ പാലിക്കണമെന്നും കോടതി
തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസിലെ പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറയാണ് ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ തിരിച്ചറിയല്‍ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസിലാണ് നടപടി. സമാനമായ നടപടികള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം എന്നീ വ്യവസ്ഥകള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശം.
പരാതിക്കാരിയെ അപമാനിച്ചെന്ന കേസില്‍ സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രാഹുല്‍ ഈശ്വര്‍, പാലക്കാട് സ്വദേശിയായ വ്ലോഗര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.


