Uae
ദുബൈയിൽ ഏഴ് പുതിയ സൗജന്യ പാർക്കിംഗ് പെർമിറ്റുകൾ പ്രഖ്യാപിച്ചു
പ്രവാസികൾക്കും സന്ദർശകർക്കും ഗുണകരമാവും
ദുബൈ|പൊതു പാർക്കിംഗ് കൂടുതൽ എളുപ്പമാക്കുന്നതിനായി ഏഴ് പുതിയ സൗജന്യ പാർക്കിംഗ് പെർമിറ്റുകൾ പ്രഖ്യാപിച്ച് പാർക്കിൻ. പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പാർക്കിൻ സ്മാർട്ട് ആപ്പ് വഴി സൗജന്യമായി ഈ പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. പെയ്ഡ് പാർക്കിംഗ് മേഖലയിൽ താമസിക്കുന്ന സ്വദേശികൾക്ക് വീടിന്റെ 500 മീറ്റർ ചുറ്റളവിൽ സൗജന്യ പാർക്കിംഗ് ലഭിക്കുന്ന സ്വദേശി ഭവന പെർമിറ്റ് ആണ് ഇതിലൊന്ന്.
വീടിന്റെ വലിപ്പമനുസരിച്ച് രണ്ട് മുതൽ അഞ്ച് വാഹനങ്ങൾ വരെ ഇതിൽ ഉൾപ്പെടുത്താം. ജി സി സി പൗരന്മാർക്ക് സമാനമായ ആനുകൂല്യം നൽകുന്ന പെർമിറ്റ് ആണ് മറ്റൊന്ന്. 60 വയസ്സ് കഴിഞ്ഞ സ്വദേശികൾക്ക് പൊതു പാർക്കിംഗുകളിൽ സൗജന്യമായി വാഹനം നിർത്താൻ കഴിയും. ഇതിൽ ഒരു പ്രധാന വാഹനവും നാല് അനുബന്ധ വാഹനങ്ങളും രജിസ്റ്റർ ചെയ്യാം.
ഭിന്നശേഷിക്കാർക്കായി സ്ഥിരം, താത്കാലികം, ടൂറിസ്റ്റ് എന്നിങ്ങനെ മൂന്ന് തരം പെർമിറ്റുകളുണ്ട്. സ്ഥിരമായ വൈകല്യമുള്ള സ്വദേശികൾക്കും പ്രവാസികൾക്കും സ്ഥിരം പെർമിറ്റും ഒരു വർഷം വരെ ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് താത്കാലിക പെർമിറ്റും ഉപയോഗിക്കാം. സന്ദർശക വിസയിലെത്തുന്ന ഭിന്നശേഷിക്കാർക്ക് 60 ദിവസത്തേക്ക് ടൂറിസ്റ്റ് പെർമിറ്റ് ലഭിക്കും. സ്ഥിരമായി ചികിത്സ ആവശ്യമുള്ളവർക്ക് മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ ആശുപത്രിയുടെ 500 മീറ്റർ ചുറ്റളവിൽ സൗജന്യ പാർക്കിംഗ് ലഭിക്കുന്ന പ്രത്യേക ചികിത്സാ ആവശ്യം പെർമിറ്റും ലഭ്യമാണ്.
---- facebook comment plugin here -----



