Uae
യു എ ഇയിൽ അതിശക്തമായ പേമാരി; റാസ് അൽ ഖൈമയിൽ കനത്ത നാശം
മിക്ക ജീവനക്കാർക്കും ഇന്ന് "വർക്ക് ഫ്രം ഹോം'
റാസ് അൽ ഖൈമ / ദുബൈ| യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയും കാറ്റും. രാജ്യത്ത് ശൈത്യകാലത്തിന് തുടക്കമിട്ട് “അൽ ബശായർ’ ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് കാലാവസ്ഥ പ്രക്ഷുബ്ധമായത്. വടക്കൻ എമിറേറ്റുകളിൽ കനത്ത മഴയാണ് പെയ്തത്. മഴയും കാറ്റും വലിയ രീതിയിൽ നാശം വിതക്കുകയും ചെയ്തു. റാസ് അൽ ഖൈമയിൽ പലയിടത്തും വലിയ തോതിലുള്ള ആലിപ്പഴ വർഷമുണ്ടായി. മോശം കാലാവസ്ഥ രാജ്യമാസകലം ജനജീവിതത്തെ സാരമായി ബാധിച്ചു. വ്യാഴാഴ്ച ഉച്ചയോടെ തന്നെ പല കമ്പനികളും ജീവനക്കാർക്ക് അവധി നൽകി. നഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
കടലിൽ ചുഴലിക്കാറ്റ് സമാനമായ “ഫണൽ മേഘങ്ങൾ’
അസ്ഥിരമായ കാലാവസ്ഥക്കിടെ റാസ് അൽ ഖൈമയുടെ വടക്കൻ മേഖലയിൽ ആകാശത്ത് നിന്ന് കടലിലേക്ക് നീളുന്ന രീതിയിൽ ഫണൽ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. കടലിന് മുകളിൽ നിന്ന് മേഘങ്ങളിലേക്ക് ചുരുണ്ട് കയറുന്ന രീതിയിലുള്ള ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
കനത്ത നാശനഷ്ടം
രാത്രിയിൽ അപ്രതീക്ഷിതമായി എത്തിയ കാറ്റിലും മഴയിലും റാസ് അൽ ഖൈമയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ശമൽ, ഖോർ ഖുവൈർ മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കും വീടുകളുടെ ഗ്യാരേജുകളിലേക്കും മരങ്ങളും ചില്ലകളും വീണ് വലിയ കേടുപാടുകൾ സംഭവിച്ചു. കാറ്റിന്റെ ശക്തിയിൽ വീടുകൾക്ക് മുകളിലെ വാട്ടർ ടാങ്കുകൾ നിലംപൊത്തുകയും തകരുകയും ചെയ്തു.
വീടുകളോട് ചേർന്നുള്ള താത്കാലിക ഷെഡുകൾ പൂർണമായും നശിച്ചു. പലയിടത്തും മാലിന്യ ബിന്നുകൾ റോഡിലേക്ക് മറിഞ്ഞ നിലയിലാണ്. വീടുകളുടെ ജനലുകൾ, വാതിലുകൾ, ബാൽക്കണി എന്നിവയിലൂടെ വെള്ളം അകത്തേക്ക് കയറിയതായി താമസക്കാർ പറഞ്ഞു. റോഡുകളിലും നടപ്പാതകളിലും മരച്ചില്ലകളും അവശിഷ്ടങ്ങളും നിറഞ്ഞത് ഗതാഗതത്തിന് തടസ്സമായി. രാവിലെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസം മുഴുവൻ ആകാശം മേഘാവൃതമായിരുന്നു.
പാർക്കുകൾ, ഗ്ലോബൽ വില്ലേജ് അടച്ചു
അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദുബൈ ഗ്ലോബൽ വില്ലേജ്, ദുബൈ സഫാരി പാർക്ക്, ഷാർജ സഫാരി, ഷാർജ പോലീസ് ഡെസേർട് പാർക്ക് എന്നിവ താൽക്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് ദുബൈയിലെയും അജ്മാനിലെയും പൊതു പാർക്കുകളും ബീച്ചുകളും രണ്ട് ദിവസത്തേക്ക് (വ്യാഴം, വെള്ളി) പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഹത്ത ഫെസ്റ്റിവലും താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് മാത്രമേ ഇവയുടെ പ്രവർത്തനം പുനരാരംഭിക്കുകയുള്ളൂ.
നേരത്തെ മടങ്ങി ജീവനക്കാർ; നഗരത്തിൽ ഗതാഗതക്കുരുക്ക്
കാലാവസ്ഥ കൂടുതൽ മോശമാകുമെന്ന ഭയത്താൽ വ്യാഴാഴ്ച ഉച്ചയോടെ തന്നെ പല സ്വകാര്യ കമ്പനികളും ജീവനക്കാരെ നേരത്തെ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചിരുന്നു. ഒരേസമയം കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങിയത് ദുബൈയിലെ പല ഭാഗങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. റോഡുകളിൽ വെള്ളക്കെട്ടുണ്ടാകാനുള്ള സാധ്യതയും യാത്ര തടസ്സപ്പെടുമോ എന്ന ആശങ്കയുമാണ് കൂടുതൽ വാഹനങ്ങൾ എത്താനും റോഡുകളിൽ തിരക്കിനും കാരണമായത്.
മെട്രോ സ്റ്റേഷനുകളിൽ മണൽചാക്കുകൾ
കഴിഞ്ഞ ഏപ്രിലിലെ വെള്ളപ്പൊക്കത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ദുബൈ മെട്രോ സ്റ്റേഷനുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വെള്ളം സ്റ്റേഷനിലേക്ക് ഒഴുകിയെത്തുന്നത് തടയാൻ ഓൺപാസീവ് സ്റ്റേഷൻ ഉൾപ്പെടെയുള്ളവയുടെ കവാടങ്ങളിൽ മണൽചാക്കുകൾ അടുക്കിവെക്കുകയും വാതിലുകൾ സീൽ ചെയ്യുകയും ചെയ്തു.
രക്ഷാപ്രവർത്തനത്തിന് 120 ക്രെയിനുകൾ; ഹത്തയിൽ പ്രത്യേക ശ്രദ്ധ
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുബൈയിൽ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 120 ക്രെയിനുകളും 22 കര-സമുദ്ര രക്ഷാപ്രവർത്തന സംഘങ്ങളെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി ദുബൈ പോലീസ് അറിയിച്ചു. ഹത്ത ഉൾപ്പെടെ 13 കര രക്ഷാ പോയിന്റുകളും ദുബൈ തീരപ്രദേശങ്ങളിൽ ഒമ്പത് സമുദ്ര രക്ഷാ പോയിന്റുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി എമിറേറ്റ്‌സ് ഓക്ഷൻസുമായി സഹകരിച്ചാണ് ക്രെയിനുകൾ ലഭ്യമാക്കിയിരിക്കുന്നത്.
സർക്കാർ നിർദേശങ്ങൾ
മോശം കാലാവസ്ഥയെത്തുടർന്ന് ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് ഇന്ന് “വർക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഉത്തരവിട്ടത്. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സ്വകാര്യ കമ്പനികളും സമാനമായ രീതിയിൽ സംവിധാനം ഏർപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. അടിയന്തര സേവന വിഭാഗങ്ങൾക്ക് ഇത് ബാധകമല്ല.
സ്വകാര്യ മേഖലാ കമ്പനികൾ തൊഴിലാളികളുടെ, പ്രത്യേകിച്ച് പുറംജോലികൾ ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം (മൊഹ്റെ) നിർദേശിച്ചു.
ജാഗ്രത കൈവിടരുത്
വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള വാദികൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കടലിൽ ഇറങ്ങരുതെന്നും ദുബൈ പോലീസ് കർശന നിർദേശം നൽകി. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും ട്രാഫിക് നിർദേശങ്ങൾ പാലിക്കാനും തയ്യാറാകണം.
അസ്ഥിരത തുടരും
ഞായർ, തിങ്കൾ ദിവസങ്ങളോടെ മാത്രമേ കാലാവസ്ഥ ശാന്തമാകുകയുള്ളൂ എന്നാണ് അധികൃതരുടെ പ്രവചനം. ഇന്ന്, വെള്ളിയാഴ്ച താപനില 23 ഡിഗ്രിയിലേക്ക് താഴുകയും കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകുകയും ചെയ്യും. അറബിക്കടലും ഒമാൻ കടലും പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ ഒമ്പത് അടി വരെ ഉയരാൻ സാധ്യതയുണ്ട്.

---- facebook comment plugin here -----