From the print
ക്ഷേമ പെന്‍ഷന്‍ 1,800 ആക്കും
പ്രഖ്യാപനം ഉടന്‍. വര്‍ധിപ്പിക്കുക 200 രൂപ. കേരളപ്പിറവി ദിനത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി വര്‍ധിപ്പിക്കുന്ന തുക നവംബര്‍ മുതല്‍ വിതരണം ചെയ്യാനാണ് ധാരണ.

തിരുവനന്തപുരം | സംസ്ഥാനത്ത് 62 ലക്ഷത്തിലധികം പേര്‍ക്ക് നല്‍കിവരുന്ന സാമൂഹിക ക്ഷേമ സുരക്ഷാ പെന്‍ഷന്‍ 200 രൂപ വര്‍ധിപ്പിച്ച് 1,800 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കേരളപ്പിറവി ദിനത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി വര്‍ധിപ്പിക്കുന്ന തുക നവംബര്‍ മുതല്‍ വിതരണം ചെയ്യാനാണ് ധാരണ. ധനമന്ത്രിയുടെ വസതിയില്‍ സെക്രട്ടറിമാര്‍ക്കൊരുക്കിയ വിരുന്നിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയും ധനമന്ത്രിയും ചേര്‍ന്ന് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള നീക്കമെന്നത് ശ്രദ്ധേയമാണ്.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് മുമ്പ് ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയെങ്കിലുമാക്കണമെന്ന് നിര്‍ദേശം വന്നിരുന്നു. നിലവില്‍ 62 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിമാസം 1,600 രൂപയാണ് ക്ഷേമ പെന്‍ഷനായി നല്‍കുന്നത്. ക്ഷേമ പെന്‍ഷന്‍ 2,500 രൂപയിലേക്ക് ക്രമാനുഗതമായി ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എല്‍ ഡി എഫ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇത് നടപ്പാക്കാനായിരുന്നില്ല. എങ്കിലും വര്‍ധന പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒരുമാസത്തെ കുടിശ്ശികയടക്കമുള്ള തുകയാണ് അടുത്തമാസം നല്‍കുക.
ശമ്പള പരിഷ്‌കരണ കമ്മീഷന്‍
ഇതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലും നിര്‍ണായക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് ധനമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശികയില്‍ ബാക്കിയുള്ള രണ്ട് ഗഡുക്കള്‍ പി എഫില്‍ ലയിപ്പിച്ചേക്കും. ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാനും ധാരണയായിട്ടുണ്ട്. രണ്ട് മാസമായിരിക്കും കമ്മീഷന്റെ കാലാവധി. രണ്ട് മാസത്തിനകം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ വര്‍ധന നടപ്പാക്കാനും തീരുമാനമുണ്ട്. 2023 ജനുവരിയില്‍ ലഭിക്കേണ്ട ഡി എ വര്‍ധനയാകും നല്‍കുക. 2019ലെ കുടിശ്ശികയായ രണ്ട് ഗഡു അടുത്ത ജനുവരിയില്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ 17 ശതമാനം ഡി എ കുടിശ്ശികയാണ്.