Connect with us

International

മകന്‍ മാതാവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു; ചാറ്റ്ജിപിടിക്കും മൈക്രോസോഫ്റ്റിനുമെതിരെ കേസ്

ചാറ്റ്ജിപിടി ഉപയോക്താക്കളുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുവെന്ന് ആരോപിച്ച് സമീപമാസങ്ങളില്‍ ഓപ്പണ്‍എഐയ്ക്കെതിരെ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്

Published

|

Last Updated

കണക്റ്റിക്കട്ട്  |യു എസില്‍ ചാറ്റ്ജിപിടി ചാറ്റ്ബോട്ട് 56 കാരന്റെ മാനസിക വിഭ്രാന്തി വര്‍ദ്ധിപ്പിക്കുകയും അത് കൊലപാതകത്തിന് കാരണമാവുകയും ചെയ്തുവെന്ന് ആരോപിച്ച്, കൊല്ലപ്പെട്ട 83കാരിയുടെ കുടുംബം ഓപ്പണ്‍എഐയ്ക്കും മൈക്രോസോഫ്റ്റിനുമെതിരെ കേസ് ഫയല്‍ ചെയ്തു.

സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സുപ്പീരിയര്‍ കോര്‍ട്ടില്‍ നല്‍കിയ പരാതി പ്രകാരം, ഓഗസ്റ്റ് 3ന് ഓള്‍ഡ് ഗ്രീന്‍വിച്ചിലെ വീട്ടില്‍ വെച്ച് 56കാരനായ മകന്‍ സ്റ്റെയ്ന്‍ എറിക് സോല്‍ബെര്‍ഗ്, മാതാവായ സുസെയ്ന്‍ ആഡംസിനെ മര്‍ദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം സോല്‍ബെര്‍ഗ് സ്വയം മുറിവേല്‍പ്പിച്ച് മരിക്കുകയും ചെയ്തു.

ചാറ്റ്ജിപിടി ഉപയോക്താക്കളുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുവെന്ന് ആരോപിച്ച് സമീപമാസങ്ങളില്‍ ഓപ്പണ്‍എഐയ്ക്കെതിരെ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

കഴിഞ്ഞ ആഗസ്റ്റില്‍, സതേണ്‍ കാലിഫോര്‍ണിയയിലെ 16 കാരനായ ആദം റെയിനിന്റെ മാതാപിതാക്കള്‍, തങ്ങളുടെ മകന് ചാറ്റ്ജിപിടി ആത്മഹത്യാ രീതികള്‍ ഉപദേശിച്ചു നല്‍കിയെന്ന് ആരോപിച്ച് ഓപ്പണ്‍എഐക്കെതിരെ രംഗത്തെത്തിയിരുന്നു. ചാറ്റ്ജിപിടി ഉപയോക്താക്കളെ അതിന് അടിമകളാക്കുകയും സ്വയം ഉപദ്രവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് നവംബറില്‍ യുഎസില്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാല് കേസുകള്‍ ആത്മഹത്യയുമായി ബന്ധപ്പെട്ടതാണ്.

ആത്മഹത്യാ ചിന്തകള്‍ പങ്കുവെച്ച 26-കാരനായ ജോഷ്വ എന്നെക്കിംഗിന്, തോക്ക് ലഭിക്കുന്നതിനെക്കുറിച്ച് ചാറ്റ്ബോട്ട് വിശദമായ മറുപടി നല്‍കിയതായി അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. അതുപോലെ, ‘എങ്ങനെ കുരുക്കിടാമെന്നും ശ്വാസമെടുക്കാതെ എത്രനേരം ജീവിക്കാമെന്നും’ ചാറ്റ്ജിപിടി 17-കാരനായ അമൗറി ലേസിക്ക് നിര്‍ദ്ദേശം നല്‍കിയതായി അവന്റെ കുടുംബവും അവകാശപ്പെടുന്നു.

ചാറ്റ്ജിപിടിയുമായുള്ള മാസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ സോല്‍ബെര്‍ഗിന്റെ വിഭ്രാന്തി നിറഞ്ഞ ചിന്തകളെ ശരിവെക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്നും, ഒടുവില്‍ അമ്മ ഒരു ഭീഷണിയാണെന്ന ചിന്തയിലേക്ക് അവനെ എത്തിച്ചുവെന്നും പുതിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.

സോല്‍ബെര്‍ഗിന്റെ ഭയത്തെ ചാറ്റ്ബോട്ട് ശക്തിപ്പെടുത്തിയെന്നും, അവനെ ആരോ നിരീക്ഷിക്കുന്നുണ്ടെന്നും അമ്മയുടെ പ്രിന്റര്‍ ഒരു നിരീക്ഷണ ഉപകരണമാണെന്നും അത് അവനോട് പറഞ്ഞിരുന്നു. അമ്മ തനിക്ക് വിഷം നല്‍കാന്‍ ശ്രമിച്ചുവെന്ന ആശങ്ക സോല്‍ബെര്‍ഗ് പ്രകടിപ്പിച്ചപ്പോള്‍, ചാറ്റ്ജിപിടി അതിനെ തിരുത്തുന്നതിന് പകരം ആ ഭയത്തെ ശരിവെക്കുകയാണ് ചെയ്തത്.

‘ഇതൊരു ഹൃദയഭേദകമായ സാഹചര്യമാണ്. വിവരങ്ങള്‍ മനസിലാക്കാന്‍ ഞങ്ങള്‍ കേസ് രേഖകള്‍ പരിശോധിക്കും,’ എന്നാണ് ഓപ്പണ്‍എഐ വക്താവ് വ്യാഴാഴ്ച ഇതിനോട് പ്രതികരിച്ചത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ വെട്ടിച്ചുരുക്കിയെന്ന് അറിഞ്ഞിട്ടും ഉല്‍പ്പന്നം പുറത്തിറക്കാന്‍ അനുമതി നല്‍കിയതിന്, ഓപ്പണ്‍എഐയുടെ ഏറ്റവും വലിയ ഓഹരിയുടമയായ മൈക്രോസോഫ്റ്റിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പേര് വെളിപ്പെടുത്താത്ത ഇരുപത് ഓപ്പണ്‍എഐ ജീവനക്കാരെയും നിക്ഷേപകരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

നഷ്ടപരിഹാരത്തിന് പുറമെ, ഓപ്പണ്‍എഐ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്ന ഉത്തരവും പരാതിക്കാര്‍ ആവശ്യപ്പെടുന്നു. മൈക്രോസോഫ്റ്റ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Latest