Connect with us

National

ആന്ധ്രപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം

രക്ഷാ പ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Published

|

Last Updated

വിജയവാഡ| ആന്ധ്രപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 10 പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി അല്ലൂരി സീതാരാമ രാജു ജില്ലയിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഭദ്രാചലം സന്ദര്‍ശിച്ച ശേഷം അന്നവാരത്തേക്ക് പോകുകയായിരുന്നു ബസ്.

രണ്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ 37 പേര്‍ ബസിലുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍ക്ക് കുത്തനെയുള്ള വളവ് മറികടക്കാന്‍ കഴിയാതെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ചതാണ് അപകട കാരണമെന്നാണ് പോലീസ് നിഗമനം. സംഭവം നടന്ന സ്ഥലം കുന്നിന്‍ മുകളിലായതിനാല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കവറേജ് ലഭ്യമായിരുന്നില്ല. ഇത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ വൈകുന്നതിന് കാരണമായി.

അപകടത്തില്‍ പരുക്കേറ്റവരെ ചിന്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ദുഖം രേഖപ്പെടുത്തി. ജില്ലാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 

Latest