Connect with us

articles

തട്ട വിലക്കിന്റെ മതം, രാഷ്ട്രീയം

വര്‍ഗീയ രാഷ്ട്രീയത്തിന്റെ ബീഭത്സ യുഗത്തെക്കുറിച്ചുള്ള ഭീകരമായ ഒരു ഭയമാണ് പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളും പ്രിന്‍സിപ്പലും സൃഷ്ടിച്ചിരിക്കുന്നത്. പണ്ട് ഉത്തരേന്ത്യയിലും മറ്റും കേട്ടുകൊണ്ടിരുന്ന മത ചിഹ്നങ്ങളോടുള്ള അസഹിഷ്ണുത പച്ചയായി കേരളത്തിലും പറയാന്‍ ധൈര്യപ്പെട്ടു തുടങ്ങിയെന്നത് മാത്രമല്ല, ഈ വിവേചനത്തിന് ഏറെ വിധേയരായിക്കൊണ്ടിരിക്കുന്ന കന്യാസ്ത്രീകളില്‍ നിന്ന് തന്നെ ഇത്തരം അവിവേകമുണ്ടാകുന്നു എന്നത് ഭീതി പരത്തുന്ന കാര്യമാണ്.

Published

|

Last Updated

പ്രമാണത്തിന്റെ അര വരി പോലും ആവശ്യമില്ലാത്ത വിധം എല്ലാ മനുഷ്യര്‍ക്കും അറിയുന്ന കാര്യമാണ് മുസ്‌ലിം സ്ത്രീകള്‍ അവരുടെ മത നിയമത്തിന്റെ ഭാഗമായി തല മറക്കാറുണ്ടെന്നത്. ഭര്‍ത്താവ്, പിതാവ്, മകന്‍, സഹോദരന്‍ തുടങ്ങിയ “മഹ്റമു'(വിവാഹബന്ധം നിഷിദ്ധമായവർ) കളല്ലാത്ത പുരുഷന്മാരുടെ മുമ്പില്‍ ഇത് നിര്‍ബന്ധമാണെന്നാണ് മതനിയമം. വിശുദ്ധ ഖുര്‍ആന്‍ സൂറ: അന്നൂര്‍ 31ലും, സൂറ: അല്‍അഹ്‌സാബ് 59ലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മുസ്‌ലിമിന് മതാചാരമെന്ന നിലക്ക് നിര്‍ബന്ധമുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്നത് കോടതിയുടെ പരിധിയില്‍ വരുന്ന കര്യമാണെന്ന് വിചാരിക്കുന്നില്ല. അത് തീരുമാനിക്കേണ്ടത് ഇസ്‌ലാമിന്റെ പ്രമാണങ്ങളാണ്. അതനുസരിച്ച് തീര്‍പ്പ് പറയേണ്ടത് പ്രമാണം പഠിച്ച പണ്ഡിതന്മാരുമാണ്. മറ്റു മതങ്ങളുടെ കാര്യവും ഇങ്ങനെത്തന്നെയാണ്. ഭരണഘടന വ്യാഖ്യാനിക്കുന്ന ചുമതലയാണ് കോടതിക്കുള്ളത്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ തല മറയ്ക്കല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അനിവര്യമാണെന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ മുഖം കൂടി മറയ്ക്കല്‍ നിര്‍ബന്ധമുണ്ടോ എന്ന കാര്യത്തിലാണ് രണ്ടഭിപ്രായമുള്ളത്.

ഇതിലും സൂക്ഷ്മത പാലിക്കുന്നവരുടെ വീക്ഷണം അന്യരുടെ മുമ്പില്‍ “നിഖാബ്’ ധരിക്കണമെന്നാണ്. വ്യക്തിയെ തിരിച്ചറിയല്‍ ആവശ്യമുള്ളപ്പോഴൊക്കെ നിഖാബ് നീക്കല്‍ അനുവദനീയവുമാണ്. നിഖാബിന്റെ വിഷയത്തില്‍ ഭിന്നവീക്ഷണമുള്ളത് കൊണ്ട് തന്നെ അതില്‍ രക്ഷിതാക്കള്‍ കുട്ടികളെ നിര്‍ബന്ധിക്കാറില്ല. തങ്ങള്‍ക്ക് അതാണ് കൂടുതല്‍ സുരക്ഷിതം എന്ന് തോന്നുന്നവര്‍ നിഖാബ് ധരിക്കലാണ് പതിവ്. തലയും കഴുത്തും മറയ്ക്കല്‍ നിര്‍ബന്ധമുള്ള കാര്യമാണ്. മാത്രമല്ല മക്കനയുടെ ഭാഗം മാറിടത്തിലേക്ക് താഴ്ത്തിയിട്ട് വേണം മക്കന ധരിക്കാന്‍ എന്നുകൂടി ഖുര്‍ആന്‍ പറയുന്നുണ്ട്. ഇത്രയും പറഞ്ഞത്, യേശുവിന്റെ മണവാട്ടികള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമായത് പോലെ തന്നെ മുസ്‌ലിം സ്ത്രീകള്‍ക്കും നിര്‍ബന്ധമുള്ള കാര്യമാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ്. ഇത് പറയുമ്പോള്‍ കര്‍ണാടക കോടതിയുടെ ഉത്തരവ് ഉയര്‍ത്തിക്കാട്ടേണ്ടതില്ല. അതിനാണ് മതത്തില്‍ എന്തൊക്കെയാണ് നിര്‍ബന്ധ ആചാരമുള്ളതെന്ന് തീരുമാനിക്കുന്നത് കോടതിയല്ല എന്ന് പറഞ്ഞത്.

കര്‍ണാടക കോടതിയുടെ ഉത്തരവ് അവിടുത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തന്നെ അവഗണിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് വിധി വന്നപ്പോള്‍ എന്തിനായിരുന്നു വിശ്വാസ സംരക്ഷണ സമരവുമായി ഇറങ്ങിയത്? അതനുസരിച്ചാല്‍ പോരായിരുന്നോ. മുസ്‌ലിം സ്ത്രീകള്‍ക്ക് തലയും കഴുത്തും മാറും മറയും വിധം മുഖമക്കന നിര്‍ബന്ധമാക്കിയത് മരണാനന്തര ജീവിതത്തില്‍ ആരുടെയും മണവാട്ടി ആകുന്നതിന് വേണ്ടിയല്ല.

മറിച്ച് പാരത്രിക വിജയത്തിനൊപ്പം ഐഹിക ലോകത്ത് തന്റെ അഭിമാനവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിനും ലൈംഗിക വൈകൃതമുള്ള സ്ത്രീ, പുരുഷന്മാരില്‍ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കുന്നത്തിന് വേണ്ടി കൂടിയാണ്. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇതാണ് ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് മതത്തിന് പറയാനുള്ളത്.

ഇനി പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളില്‍ പതിമൂന്ന് വയസ്സുകാരിയായ ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് സ്‌കൂള്‍ യൂനിഫോമിന്റെ എല്ലാ കാര്യങ്ങളും പാലിച്ച് തലയില്‍ ഒരു തട്ടം കൂടി മതാചരണത്തിന്റെ ഭാഗമായി ധരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ആ കുട്ടി സ്‌കൂള്‍ മാറിപ്പോകേണ്ടി വരികയും ചെയ്ത സംഭവത്തിലെ വര്‍ഗീയ രാഷ്ട്രീയത്തെക്കുറിച്ച് പറയാം.

തലയില്‍ തട്ടമിട്ട് പര്‍ദയും ധരിച്ച ഒരു കന്യാസ്ത്രീ അതും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോസ്റ്റിലിരുന്നു കൊണ്ട് പറഞ്ഞത്, ഈ പതിമൂന്നുകാരി തലയില്‍ തട്ടമിടുമ്പോള്‍ അത് മറ്റുള്ളവരെ ഭയപ്പെടുത്തുന്നുണ്ടെന്നാണ്. ആ “മറ്റുള്ളവര്‍’ ഈ സ്ത്രീയും അവിടുത്തെ പി ടി എ പ്രസിഡന്റും സമാന ചിന്തയുള്ള മറ്റു ചിലരുമായിരിക്കും. സ്വന്തം തലയിലുള്ളതെന്തെന്ന് പോലും ഇത് പറയുമ്പോള്‍ അവര്‍ മറന്നു പോയിരുന്നു. ഇത് ക്രൈസ്തവ മതത്തിന്റെ പൊതുവിലുള്ള സമീപനമാണെന്ന് വിശ്വസിക്കുന്നില്ല. കാരണം അതെ പള്ളുരുത്തിയില്‍ തന്നെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളില്‍ കുട്ടികളെ തല മറയ്ക്കാന്‍ അനുവദിക്കുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് ക്രിസ്തീയ സമുദായത്തിലെ ഒരു വിഭാഗത്തെ “കാസായിസം’ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യമാണ്. വര്‍ഗീയ രാഷ്ട്രീയത്തിന്റെ ബീഭത്സ യുഗത്തെക്കുറിച്ചുള്ള ഭീകരമായ ഒരു ഭയമാണ് പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളും പ്രിന്‍സിപ്പലും സൃഷ്ടിച്ചിരിക്കുന്നത്. പണ്ട് ഉത്തരേന്ത്യയിലും മറ്റും കേട്ടുകൊണ്ടിരുന്ന മത ചിഹ്നങ്ങളോടുള്ള അസഹിഷ്ണുത പച്ചയായി കേരളത്തിലും പറയാന്‍ ധൈര്യപ്പെട്ടു തുടങ്ങിയെന്നത് മാത്രമല്ല, ഈ വിവേചനത്തിന് ഏറെ വിധേയരായിക്കൊണ്ടിരിക്കുന്ന കന്യാസ്ത്രീകളില്‍ നിന്ന് തന്നെ ഇത്തരം അവിവേകമുണ്ടാകുന്നു എന്നത് ഭീതി പരത്തുന്ന കാര്യമാണ്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ എന്തായുധം കിട്ടിയാലും ഉപയോഗിക്കുന്നവര്‍ എന്ന നിലക്ക് ബി ജെ പി മുസ്‌ലിംകള്‍ക്കെതിരെ ക്രൈസ്തവ അവകാശ സംരക്ഷകരായി അവതരിച്ചതില്‍ അത്ഭുതമില്ല. ഇതേ വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ആക്രമിച്ചതും അവഹേളിച്ചതും ജയിലിലിട്ടതുമെല്ലാം മറന്നു കൊടുക്കാം. തൃപ്പൂണിത്തുറ അവരെ സംബന്ധിച്ച് അല്‍പ്പം സാധ്യതയുള്ള മണ്ഡലമാണ്. അതാണ് ബി ജെ പിയുടെ തട്ടത്തില്‍ പൊതിഞ്ഞ രാഷ്ട്രീയമെന്നത് വ്യക്തം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളാരും ഒരു സമുദായത്തിന്റെ മൗലികാവകാശം പരസ്യമായി നിഷേധിച്ച വിവരം തന്നെ അറിഞ്ഞ മട്ടില്ല. ഹൈബി ഈഡന്‍ എം പി, കുട്ടിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തി തട്ടമിടാതെ തന്നെ സ്‌കൂളില്‍ അയക്കാന്‍ നിബന്ധിപ്പിച്ചു. “കാസ’ക്കാരായ സ്‌കൂള്‍ അധികാരികളെ അവരുടെ നിലപാടില്‍ നിന്ന് പിന്തിരിപ്പാക്കാന്‍ മുതിര്‍ന്നാല്‍ അത് മുതലെടുത്ത് ബി ജെ പി കൂടുതല്‍ വോട്ട് തട്ടുമോ എന്ന “രാഷ്ട്രീയബോധം’ എം പിയും പ്രകടിപ്പിച്ചു. ഒരു പതിമൂന്നുകാരി നേരിട്ട അവകാശലംഘനത്തിനെതിരെ ശബ്ദിക്കാന്‍ ഒറ്റ കോണ്‍ഗ്രസ്സുകാരനുമുണ്ടായില്ല.

കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാണിച്ച ആര്‍ജവമെങ്കിലും മുസ്‌ലിം ലീഗ് ഉള്‍ക്കൊള്ളുന്ന മുന്നണിയെ നയിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രകടിപ്പിക്കേണ്ടിയിരുന്നു. വര്‍ഗീയത പടരാതിരിക്കാനുള്ള ശ്രദ്ധയും കരുതലും മുസ്‌ലിം സമുദായത്തിന്റെ മാത്രം ബാധ്യതയാണെന്ന പൊതുബോധമാണോ ഹൈബി ഈഡന്‍ എം പിയെയും മറ്റും നയിക്കുന്നത്? സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന മുസ്‌ലിം ലീഗ് മൂന്ന് ദിവസം മൗനവ്രതം ആചരിച്ചു. ഒടുവില്‍ ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഒരു മുസ്‌ലിം വിദ്യാര്‍ഥിനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു എന്ന രീതിയില്‍ പ്രസ്താവനയുമായി കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തെത്തി. ഇതിലും അവകാശ രാഷ്ട്രീയത്തിന് പകരം വോട്ട് രാഷ്ട്രീയമാണ് നിഴലിച്ചു നില്‍ക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി നിവര്‍ന്നു നിന്ന് സംസാരിച്ചത് കേരളത്തിന്റെ സാംസ്‌കാരിക മാനം കാക്കുന്നതായി എന്ന് പറയാന്‍ മടിക്കേണ്ടതില്ല. നേരത്തേ ഇതേ മന്ത്രിയെ സൂംബ ഡാന്‍സിന്റെ പേരില്‍ ഇവിടെ വിമര്‍ശിച്ചത് മറക്കുന്നില്ല. കുഞ്ഞാലിക്കുട്ടിക്ക് പോലും അതിനെ അഭിനന്ദിക്കേണ്ടി വന്നിട്ടുണ്ട്. നീതിക്കും ന്യായത്തിനും വേണ്ടി നിവര്‍ന്നു നിന്ന് സംസാരിക്കുന്നതാണ് രാഷ്ട്രീയം, അധികാരത്തെ മുന്നില്‍ കണ്ട് ഉരുണ്ട് കളിക്കുന്നതല്ല. കുട്ടി സ്‌കൂള്‍ മാറിപ്പോകുന്നുവെന്ന് അറിഞ്ഞ ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നടത്തിയ ഒരു പത്രസമ്മേളനമുണ്ട്. മതേതര ഇന്ത്യയുടെ ആത്മാവ് പൊറുക്കാത്ത ഒരു തരം കൊലച്ചിരിയോടെയായിരുന്നു തുടക്കം.

ചോദ്യങ്ങളെ അഡ്രസ്സ് ചെയ്യില്ലെന്ന ആമുഖവും ഉണ്ടായിരുന്നു. ഒരു പതിമൂന്നുകാരി പെണ്‍കുട്ടിയെ തോല്‍പ്പിച്ച്, പുകച്ച് പുറത്തുചാടിച്ചതിന്റെ വിജയഭേരിയായിരുന്നു അവരുടെ ഓരോ വാക്കുകളിലും നിറഞ്ഞു നിന്നത്. അതിന് സഹായിച്ച കൃസംഘികള്‍ക്കും ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കും നന്ദി പറയുകയായിരുന്നു ആ സ്ത്രീ. ഇതേ അവസരത്തില്‍ വരുന്ന മറ്റൊരു വാര്‍ത്ത മറ്റു ചില കുട്ടികളും ഈ സ്‌കൂള്‍ ഒഴിവാക്കി പള്ളുരുത്തി പരിസരത്ത് തന്നെയുള്ള ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളിലേക്ക് ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യത്തോടെ പഠനം മാറ്റുന്നു എന്നതാണ്. ഇതാണ് ഇത്തരം വര്‍ഗീയവാദികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും ഉചിതായ ഒരു തിരിച്ചടി.

---- facebook comment plugin here -----

Latest