Kerala
2026ല്‍ കേരളം വീണ്ടും ചുവക്കും, മൂന്നാമൂഴത്തിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കുക: കെ ടി ജലീല്‍
ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍.
മലപ്പുറം | 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ട് പോകണമെന്നും കെ ടി ജലീല്‍. ചുവപ്പിന്റെ മൂന്നാമൂഴത്തിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ആഹ്വാനം ചെയ്തു. ഇതിലും വലിയ പരാജയമാണ് 2010-ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഏറ്റുവാങ്ങിയത്. എന്നാല്‍, തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ നാലയലത്ത് പോലും എത്താന്‍ യു ഡി എഫിന് കഴിഞ്ഞില്ലെന്നും ‘2026ലെ സൂര്യന്‍ ചുവക്കു’മെന്ന തലക്കെട്ടിനു കീഴില്‍ ജലീല്‍ ചൂണ്ടിക്കാട്ടി.
എഫ് ബി കുറിപ്പിന്റെ പൂര്‍ണ രൂപം:
2026ലെ സൂര്യന്‍ ചുവക്കും!
തദ്ദേശ തെരഞ്ഞെടുപ്പില്‍ LDFന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും വിഭാഗീകരിക്കാനും UDF-നും BJPക്കും ഒരു പരിധി വരെ സാധിച്ചു. എല്ലാ മത-ജാതി-സമുദായ വിഭാഗങ്ങളിലെ ഇടതുപക്ഷ മനസ്സുള്ളവരും LDFന്റെ കൂടെ ഉറച്ചു നിന്നു.
ഇടതുപക്ഷം ഇതിലും വലിയ പരാജയമാണ് 2010-ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. തൊട്ടടുത്ത വര്‍ഷം 2011-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ നാലയലത്ത് പോലും എത്താന്‍ UDFന് കഴിഞ്ഞില്ല. കേവലം രണ്ടു സീറ്റുകളുടെ വ്യത്യാസമേ LDF-ഉം UDFഉം തമ്മില്‍ ഉണ്ടായിരുന്നുള്ളൂ.
2026-ലെ നിയമസഭാ തെരഞ്ഞെടുചില്‍ കേരളം വീണ്ടും ചുവക്കും. ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണ്. ചുവപ്പിന്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍.



