Kerala
നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി പൂര്‍ണമായി നടപ്പിലായില്ല, ആസൂത്രണം ചെയ്തവര്‍ പകല്‍ വെളിച്ചത്തിലുണ്ട്: മഞ്ജു വാര്യര്‍
ഇത് ആസൂത്രണം ചെയ്തവര്‍ ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കട്ടാലേ അതിജീവിതക്കുള്ള നീതി പൂര്‍ണമാവുകയുള്ളൂ.
തിരുവനന്തപുരം | നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി പൂര്‍ണമായി നടപ്പിലാക്കിയെന്ന് പറയാനാകില്ലെന്ന് നടി മഞ്ജു വാര്യര്‍. ആക്രമണത്തിന്റെ ആസൂത്രകര്‍ ആരായാലും അവര്‍ പുറത്ത് പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണെന്നും അവര്‍ പറഞ്ഞു. കേസിലെ കോടതി വിധി വന്ന ശേഷം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയത്.
ആസൂത്രകരും ശിക്ഷിക്കപ്പെട്ടാലേ കേസില്‍ നീതി പൂര്‍ണമാവുകയുള്ളൂ. അതുകൂടി കണ്ടെത്തിയാല്‍ മാത്രമെ, പോലീസിലും നിയമസംവിധാനത്തിലും താനുള്‍പ്പെടെയുള്ള സമൂഹത്തിന് വിശ്വാസം ദൃഢപ്പെടൂവെന്നും മഞ്ജു വാര്യര്‍ പ്രതികരിച്ചു.
മഞ്ജു വാര്യരുടെ എഫ് ബി കുറിപ്പ്:
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ, ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍ ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കട്ടാലേ അതിജീവിതക്കുള്ള നീതി പൂര്‍ണമാവുകയുള്ളൂ. പോലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതുകൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.
അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം.
മഞ്ജു വാര്യര്‍.



