Articles
ഫാസിസം, ട്രംപിസം
യു എസ് പാട്രിയറ്റ് ആക്ടും 2002 മാര്‍ച്ച് 26ന് പാസ്സാക്കിയ ഇന്ത്യന്‍ ടെററിസം പ്രിവന്‍ഷന്‍ ആക്ടും (പോട്ട) സമാന സ്വഭാവമുള്ളവയാണ്. കുറ്റം ചുമത്താതെ ഏറെക്കാലം തടങ്കലില്‍ വെക്കാനാണ് പോട്ട അനുവദിച്ചതെങ്കില്‍ പാട്രിയറ്റ് ആക്ട് സാമ്പത്തിക നിരീക്ഷണ അധികാരങ്ങളിലാണ് കൂടുതല്‍ ഊന്നിയത്.

ദീര്‍ഘ നാളത്തേക്ക് നീണ്ടുനില്‍ക്കാനിടയുള്ള യുദ്ധസാഹചര്യം സംജാതമായാല്‍ പടക്കോപ്പുകളുടെ ക്ഷാമം ഒഴിവാക്കാനെന്ന പേരില്‍ മിസൈല്‍, ബോംബ്, ഷെല്‍ തുടങ്ങിയവയുടെ നിര്‍മാണം സ്വകാര്യ കമ്പനികള്‍ക്ക് പതിച്ചുനല്‍കാന്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനമെടുത്തത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യുദ്ധോപകരണ മേഖല സ്വകാര്യ കുത്തകകള്‍ക്ക് അടിയറവ് വെക്കാന്‍ ലക്ഷ്യമിട്ട് റവന്യൂ പ്രൊക്യൂര്‍മെന്റ് മാന്വലില്‍ (ആര്‍ പി എം) അടിമുടി ഭേദഗതിയും വരുത്തി. നിര്‍മാണ യൂനിറ്റുകള്‍ സ്ഥാപിക്കും മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ മ്യൂനിഷന്‍സ് ഇന്ത്യ ലിമിറ്റഡില്‍ (എം ഐ എല്‍) നിന്നുള്ള എന്‍ ഒ സി നിര്‍ബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ നിയന്ത്രണത്തിലും കോര്‍പറേറ്റ് ഉടമസ്ഥതയിലുമുള്ള സ്വകാര്യ കുത്തകകള്‍ക്ക് ഇന്ത്യയിലും പരവതാനി വിരിക്കാനുള്ള അപകടകരമായ വിധേയത്വത്തിന്റെ തുടക്കമാണ് നയവ്യതിയാനം. നിലവില്‍ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനികള്‍ക്കേ ആയുധ നിര്‍മാണത്തിന് അനുമതി ഉണ്ടായിരുന്നുള്ളൂ. കരയില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകളും നാവിക സേനയുടെ ടോര്‍പ്പിഡോകളും ഉള്‍പ്പെടെ നിര്‍മിച്ചിരുന്നത് അവയായിരുന്നു. അതും സ്വകാര്യ മേഖലക്ക് അടിയറവ് വെക്കും. ആത്മനിര്‍ഭര്‍ ഭാരതിന്റെ ചുവടുപിടിച്ചുള്ള നയംമാറ്റം മുന്‍നിര്‍ത്തിയുള്ള വിശദാംശങ്ങള്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനെ (ഡി ആര്‍ ഡി ഒ) കത്തിലൂടെ മന്ത്രാലയം അറിയിച്ചു. 1958ല്‍ ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറികളുടെ ടെക്‌നിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും ടെക്‌നിക്കല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പ്രൊഡക് ഷന്‍ ഡയറക്ടറേറ്റും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണത്തിന്‍ കീഴിലുള്ള ഡിഫന്‍സ് സയന്‍സ് ഓര്‍ഗനൈസേഷനുമായി ലയിപ്പിച്ചാണ് ഡല്‍ഹി ആസ്ഥാനമായ ഡി ആര്‍ ഡി ഒക്ക് 1979ല്‍ രൂപം നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമായി സായുധ സേനകള്‍ക്ക് വേണ്ട പടക്കോപ്പുകള്‍ നിര്‍മിക്കാനാകില്ലെന്ന വാദമുന്നയിച്ചായിരുന്നു അത്. അത്യാധുനിക പ്രതിരോധ ഉത്പന്നങ്ങള്‍ വികസിപ്പിക്കാനും ഇറക്കുമതി ആശ്രയിക്കുന്നത് കുറക്കാനും ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ന്യായീകരണം.
2014ലെ മോദിയുടെ വാഗ്ദാനം
‘ലോകത്തിലെ മുഴുവനാളുകളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. വരൂ, ഇന്ത്യയില്‍ നിര്‍മിക്കൂ. ലോകത്തിലെ ഏത് രാജ്യത്തും പോയി വില്‍ക്കൂ. എന്നാല്‍ ഇവിടെ നിര്‍മിക്കൂ. ഞങ്ങള്‍ക്ക് വൈദഗ്ധ്യം, കഴിവ്, അച്ചടക്കം തുടങ്ങിയവയെല്ലാം പ്രകടിപ്പിക്കാനുള്ള ആഗ്രഹമുണ്ട്. ലോകത്തിന് ഇന്ത്യയില്‍ നിര്‍മിക്കാനുള്ള അവസരം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’ എന്നാണ് പ്രധാനമന്ത്രിയായ ശേഷമുള്ള 2014 ആഗസ്റ്റ് 15ലെ കന്നി സ്വാതന്ത്ര്യദിന അഭിസംബോധനയില്‍ നരേന്ദ്ര മോദിയുടെ വാഗ്ദാനം. ലോക ആയുധ ഇറക്കുമതിയുടെ പത്ത് ശതമാനത്തിനടുത്ത് ഇന്ത്യയുടേതായിരുന്നു; രണ്ടാം സ്ഥാനം. പ്രതിരോധ കയറ്റുമതിയിലും ഗണ്യമായ വളര്‍ച്ചയുണ്ടായി. പ്രതിരോധ വ്യാവസായിക അടിത്തറയിലെ പരിമിതികള്‍ മറികടക്കാന്‍ സ്വകാര്യവത്കരണത്തിന്റെ പ്രചാരകരായ വിദഗ്ധര്‍ ശിപാര്‍ശ ചെയ്ത ഒട്ടേറെ മാറ്റങ്ങള്‍ നടപ്പാക്കുന്നതിനുള്ള പ്രക്രിയയിലാണ് രാജ്യം. സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍, ലൈസന്‍സിംഗും നിയന്ത്രണ നടപടിക്രമങ്ങളും ലളിതമാക്കല്‍, മേഖലയില്‍ സ്വകാര്യ പങ്കാളിത്തം കൂട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ അതിന്റെ ഭാഗമാണ്.
അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റംസിലെ സ്ഫോടനം
2025 ഒക്ടോബര്‍ ഒമ്പതിന് അമേരിക്കയിലെ ടെന്നസിയില്‍ അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റംസിന്റെ ഉടമസ്ഥതയിലുള്ള സ്ഫോടക വസ്തു നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 19 പേരെ കാണാതായി. നാഷ്വില്ലില്‍ നിന്ന് 56 മൈല്‍ തെക്ക് പടിഞ്ഞാറായി ബക്‌സ്‌നോര്‍ട്ടിലുള്ള പ്ലാന്റ്‌സ്ഫോടക വസ്തുക്കളുടെ വികസനം, നിര്‍മാണം, കൈകാര്യം ചെയ്യല്‍, സംഭരണം എന്നിവയില്‍ വൈദഗ്ധ്യം നേടിയതാണ്. വന്‍ സ്ഫോടനത്തില്‍ അര ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ചു. വേവര്‍ലി നിവാസികള്‍ക്ക് അത് ഭയാനകമായി അനുഭവപ്പെട്ടു. സ്ഥലത്ത് നിന്ന് 20 മൈലിലധികം ദൂരെ താമസിക്കുന്നവര്‍ക്ക് സ്ഫോടനത്തിന്റെ ശബ്ദം അനുഭവപ്പെട്ടതായി പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളുടെ റിപോര്‍ട്ടിലുണ്ട്. 1,300 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ സി-4, ടി എന്‍ ടി, മറ്റ് ഉയര്‍ന്ന നിലവാരമുള്ള സൈനിക, വാണിജ്യ സ്ഫോടക വസ്തുക്കള്‍ എന്നിവ നിര്‍മിച്ച് സൂക്ഷിച്ചിരുന്നു. അക്യുറേറ്റ് എനര്‍ജറ്റിക്സ് സിസ്റ്റംസ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തുകയും ചെയ്തു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ ആംസ് ആന്‍ഡ് എക്സ്പ്ലോസീവ്സ് എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക, ഫെഡറല്‍ ഏജന്‍സികള്‍ ഇരച്ചെത്തുന്നത്ര വലുതായിരുന്നു സ്‌ഫോടനം. എഫ് ബി ഐയും എ ടി എഫും സംഭവസ്ഥലം സുരക്ഷിതമാക്കിയതില്‍ നിന്ന് കാര്യങ്ങളുടെ അപകടാവസ്ഥ വ്യക്തം. 2014ല്‍ അതേ സ്ഥലത്ത് റിയോ അമ്യൂനിഷന്‍ എന്ന കമ്പനിയുടെ യൂനിറ്റിലെ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കലാപ നിയമം; ട്രംപിന്റെ ഭീഷണി
കോടതികള്‍ നാഷനല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കുന്നത് തടഞ്ഞാല്‍ പട്ടണങ്ങളിലേക്ക് സൈന്യത്തെ അയക്കാന്‍ കലാപ നിയമം പ്രയോഗിക്കുന്നത് പരിഗണിക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി കുഴഞ്ഞുമറിഞ്ഞ സ്ഥിതിഗതികളുടെ അനുബന്ധമാണ്. ആവശ്യമെങ്കില്‍ താനത് ചെയ്യുമായിരുന്നു. ഇതുവരെ ആവശ്യമായി വന്നിട്ടില്ല. നമുക്കൊരു കലാപ നിയമമുണ്ട്. നടപ്പാക്കേണ്ടി വന്നാല്‍ താന്‍ അത് ചെയ്യുമായിരുന്നെന്നും അദ്ദേഹം ഈ മാസമാദ്യം ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു. രാജ്യ ചരിത്രത്തില്‍ 30 പ്രാവശ്യം മാത്രം എടുത്ത് പ്രയോഗിച്ചതാണ് 1807 മാര്‍ച്ച് മൂന്നിന് അംഗീകരിച്ച കലാപ നിയമം. ഫെഡറല്‍ നിയമങ്ങള്‍ തടസ്സപ്പെടുമ്പോള്‍ കലാപങ്ങളും ആഭ്യന്തര കലാപങ്ങളും അടിച്ചമര്‍ത്താന്‍ യു എസ് സായുധ സേനയെ വിന്യസിക്കാനുള്ള അധികാരം പ്രസിഡന്റിന് നിക്ഷിപ്തമാക്കുന്നതാണ് ഈ നിയമം. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഫെഡറല്‍ സൈനികരെ വിന്യസിക്കുന്നത് സംബന്ധിച്ച് കോടതിയില്‍ നിന്ന് തിരിച്ചടികള്‍ നേരിടുകയും ഡെമോക്രാറ്റുകളില്‍ നിന്ന് പുതിയ നിയമപരമായ വെല്ലുവിളികള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍. ഒക്ടോബര്‍ അഞ്ചിന് ഫെഡറല്‍ ജഡ്ജി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് സൗകര്യം സംരക്ഷിക്കാന്‍ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലേക്ക് നാഷനല്‍ ഗാര്‍ഡ് സൈനികരെ അയക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ താത്കാലികമായി തടഞ്ഞിരുന്നു.
യു എസ് എ പാട്രിയറ്റ് ആക്ടും പോട്ടയും
തീവ്രവാദം തച്ചുടക്കാന്‍ നിയമ നിര്‍വഹണ ഏജന്‍സികളുടെയും രഹസ്യാന്വേഷണ സംവിധാനങ്ങളുടെയും അധികാരങ്ങള്‍ വിപുലീകരിക്കുന്നതിന് 2001 ഒക്ടോബര്‍ 26ന് പാസ്സാക്കിയ യു എസ് എ പാട്രിയറ്റ് ആക്ട് കഠിനങ്ങളായ വ്യവസ്ഥകളോടെയായിരുന്നു. നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ തീവ്രവാദ ധനസഹായം തടസ്സപ്പെടുത്തുന്നതിനും അതിര്‍ത്തി സുരക്ഷ കൂട്ടുന്നതിനുമുള്ള നടപടികള്‍ ഉള്‍ക്കൊണ്ടതാണ് നിയമം. ഭീകരവിരുദ്ധ ശ്രമങ്ങളെ പിന്തുണക്കുന്നതിന് ബിസിനസ്സ്, വ്യക്തിഗത രേഖകളിലേക്കുള്ള പ്രവേശനം എന്നിവയുള്‍പ്പെടെ വിശാലമായ സര്‍ക്കാര്‍ നിരീക്ഷണത്തിന് അനുവാദം നല്‍കി. കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ ധനസഹായവും തടയാന്‍ ഉപഭോക്തൃ ഐഡന്റിറ്റികള്‍ പരിശോധിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. തീവ്രവാദത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടിക വികസിപ്പിക്കുകയും നിലവിലുള്ള ശിക്ഷകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. യു എസ് എ പാട്രിയറ്റ് ആക്ടും 2002 മാര്‍ച്ച് 26ന് പാസ്സാക്കിയ ഇന്ത്യന്‍ ടെററിസം പ്രിവന്‍ഷന്‍ ആക്ടും (പോട്ട) സമാന സ്വഭാവമുള്ളവയാണ്. കുറ്റം ചുമത്താതെ ഏറെക്കാലം തടങ്കലില്‍ വെക്കാനാണ് പോട്ട അനുവദിച്ചതെങ്കില്‍ പാട്രിയറ്റ് ആക്ട് സാമ്പത്തിക നിരീക്ഷണ അധികാരങ്ങളിലാണ് കൂടുതല്‍ ഊന്നിയത്.
പ്രതികാര നടപടികളും താരിഫ് ഭീഷണിയും
ഭൂമുഖമാകെ യുദ്ധാസക്തി വിതയ്ക്കുന്ന ട്രംപ് സമാധാന നൊബേല്‍ പുരസ്‌കാരം ആഗ്രഹിച്ചത് അതിരുവിട്ട വ്യാമോഹമായിപ്പോയി. നരകപേടകത്തിലെ കൂട്ടാളി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും ഗുണംചെയ്തില്ല. സമാധാന നൊബേല്‍ വഴുതിപ്പോയതുപോലെ മനസ്സമാധാനവും കൈമോശംവന്നു. ചൈനക്ക് 100 ശതമാനം അധിക തീരുവയാണ് പ്രഖ്യാപിച്ചത്. ഒപ്പം ഈ മാസം അവസാനം ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ-പസഫിക് സാമ്പത്തിക സഹകരണ (എ പി ഇ സി) ഉച്ചകോടിയില്‍ പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സോഫ്റ്റ് വെയറുകളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പുതുക്കിയ തീരുവ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചു. വ്യാപാര യുദ്ധം വീണ്ടും ശക്തമായതോടെ ആഗോള ഓഹരി വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. അതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉരസല്‍ മറ്റൊരു ഘട്ടത്തിലെത്തി നില്‍ക്കുകയാണ്.