Connect with us

Ongoing News

സ്മാര്‍ട്ട് സ്റ്റാര്‍ട്ട്: സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഉജ്ജ്വല തുടക്കം

ഐ എം വിജയനും കരുണ പ്രിയയും ദീപശിഖ തെളിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം | 67ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് തലസ്ഥാന നഗരിയില്‍ പ്രൗഢോജ്ജ്വല തുടക്കം. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്സ് മാതൃകയിലുള്ള കായിക മേളയുടെ ദീപശിഖ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയനും ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് എച്ച് എം കരുണ പ്രിയയും സംയുക്തമായി തെളിയിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ബാസ്‌കറ്റ്ബോള്‍ ജൂനിയര്‍ ടീം അംഗം അഥീന മറിയം സ്‌കൂള്‍ ഒളിമ്പിക്സ് പ്രതിജ്ഞ വായിച്ചു. അഭിമാനകരമായ ചടങ്ങാണിതെന്നും ഒളിമ്പിക്സ് മാതൃകയില്‍ കായിക മേള നടത്തുന്ന സംസ്ഥാനം വേറെ ഉണ്ടാകില്ലെന്നും ഉദ്ഘാടനം ചെയ്ത് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇത് കേവലം ഒരു മത്സരമല്ലെന്നും സാംസ്‌കാരിക സംഗമമാണെന്നും മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

എല്ലാ കുട്ടികള്‍ക്കും തുല്യഅവസരം എന്നതാണ് ഇന്‍ക്ലൂസ്സീവ് സ്പോര്‍ട്സിലൂടെ ഉദ്ദേശിക്കുന്നത്. നാളത്തെ ഒളിമ്പ്യന്മാരെ വാര്‍ത്തെടുക്കാനുള്ള കളരിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ ഒളിമ്പിക്സിന്റെ അംബാസഡറായ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍, ഗുഡ്്വില്‍ അംബാസഡറായ ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് എന്നിവരുടെ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

വൈകിട്ട് നാല് മുതല്‍ ജില്ലയിലെ വിവിധ സ്‌കൂളുകള്‍, എസ് പി സി, എന്‍ സി സി കേഡറ്റുകള്‍, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, മേളയില്‍ പങ്കെടുക്കുന്ന ഇന്‍ക്ലൂസ്സീവ് സ്പോര്‍ട്സ് താരങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ ജില്ലകളുടെ ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. ഓരോ ജില്ലയില്‍ നിന്നും മുന്നൂറ് കുട്ടികള്‍ പങ്കെടുക്കുന്ന വിപുലമായ മാര്‍ച്ച് പാസ്റ്റാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് പാസ്റ്റോടെ ഉദ്ഘാടനച്ചടങ്ങിന് തുടക്കമായി. ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. എം എല്‍ എമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്‍, വി ജോയ്, ജി സ്റ്റീഫന്‍, സി കെ ഹരീന്ദ്രന്‍, ഐ ബി സതീഷ്, എം വിന്‍സെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍ അനുകുമാരി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ്, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എ ആര്‍ സുപ്രിയ, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ആര്‍ കെ ജയപ്രകാശ്, മുന്‍ കായികതാരങ്ങളായ കെ എം ബീനാമോള്‍, പത്മിനി തോമസ്, കെ സി ലേഖ പങ്കെടുത്തു.

പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മേളക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആയിരത്തോളം ഒഫീഷ്യലുകളും രണ്ടായിരത്തോളം വളണ്ടിയര്‍മാരും കായിക മാമാങ്കത്തിന്റെ ഭാഗമാകും.

പുതിയ പാഠങ്ങള്‍ പഠിക്കണം: സഞ്ജു
കേരളത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്ന ഈ വലിയ മേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. നിങ്ങളെ ഓരോരുത്തരെയും കാണുമ്പോള്‍ തിരുവനന്തപുരത്തെ മൈതാനങ്ങളില്‍ കളിച്ചുനടന്ന കുട്ടിക്കാലമാണ് എനിക്ക് ഓര്‍മ വരുന്നത്. വലിയ സ്വപ്നങ്ങള്‍ കാണുകയും അതിനായി കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നമുക്ക് ഏത് ഉയരത്തിലും എത്താന്‍ സാധിക്കും. നിങ്ങളുടെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തി. വിജയവും പരാജയവും കളിയുടെ ഭാഗമാണ്. ഓരോ മത്സരത്തില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. നമ്മെ അച്ചടക്കവും ഒരുമയും പഠിപ്പിക്കുന്ന ഏറ്റവും നല്ല പാഠപുസ്തകമാണ് സ്പോര്‍ട്സ്. നിങ്ങളുടെ കഴിവുകള്‍ പുറത്തെടുത്ത് ആരോഗ്യകരമായ മത്സരങ്ങളില്‍ ഏര്‍പ്പെടുക. സ്‌കൂള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

വിജയങ്ങള്‍ക്കപ്പുറം ഓരോ നിമിഷവും ആസ്വദിക്കണം: കീര്‍ത്തി സുരേഷ്
നമ്മുടെ സ്വന്തം ഒളിമ്പിക്സ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ കായിക മാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് കായികമേളയുടെ ഗുഡ്‌വില്‍ അംബാസഡര്‍ കീര്‍ത്തി സുരേഷ്. നിങ്ങളുടെ ഓരോരുത്തരുടേയും മുഖത്ത് വിരിയുന്ന ആത്മവിശ്വാസവും ആവേശവുമാണ് ഈ മേളയുടെ യഥാര്‍ഥ ഊര്‍ജം. കഠിനാധ്വാനത്തിലൂടയും അര്‍പ്പണ ബോധത്തിലൂടെയുമാണ് നിങ്ങള്‍ ഈ വേദിയില്‍ എത്തിയിരിക്കുന്നത് എന്നതില്‍ യാതൊരു സംശയവുമില്ല. വിജയങ്ങള്‍ക്കപ്പുറം ഓരോ നിമിഷവും നിങ്ങള്‍ ആസ്വദിക്കുകയും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. കായിക ലോകത്തെ നാളത്തെ താരങ്ങളായി മാറാന്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സാധിക്കട്ടെയെന്നും കീര്‍ത്തി സുരേഷ് ആശംസിച്ചു.

 

 

 

Latest