Articles
പി എം ശ്രീ പദ്ധതിയുടെ രാഷ്ട്രീയം എന്ത്?
പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല എന്നത് കേവലം ഒരു സാങ്കേതികത്വത്തിന്റെ പ്രശ്നമാണോ? അല്ല അതൊരു രാഷ്ട്രീയ നയപ്രശ്നമാണോ? ഈ ചോദ്യമണ് ഇടതു മുന്നണിക്കകത്ത് ചര്‍ച്ചയാകുന്നത്. സംഘ്പരിവാര്‍ അജന്‍ഡകള്‍ കേരളത്തില്‍ നടപ്പാക്കില്ല എന്നത് ഒരു നയമല്ലേ? ആരോഗ്യം, കൃഷി തുടങ്ങിയ മറ്റു വകുപ്പുകള്‍ സമാനമായ കേന്ദ്ര പദ്ധതികളുടെ ഫണ്ട് വാങ്ങുന്നില്ലേ എന്ന മന്ത്രിയുടെ ചോദ്യവും അംഗീകരിക്കാനാകില്ല.

2023-24ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയ പദ്ധതിയാണ് പി എം ശ്രീ സ്‌കൂള്‍ (ഉദിച്ചുയരുന്ന ഇന്ത്യക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പദ്ധതി). ഓരോ ബ്ലോക്കിലെയും ഒരു വിദ്യാലയം പ്രത്യേകം തിരഞ്ഞെടുത്ത് വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കുക എന്നതാണ് പരിപാടി. ഇതിനായി കേന്ദ്രം നല്ലൊരു വിഹിതം നല്‍കും. ഒരു വിഹിതം സംസ്ഥാനവും മുടക്കണം.
ദേശീയ വിദ്യാഭ്യാസ നയം അഥവാ എന്‍ ഇ പി രാജ്യവ്യാപകമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവത്കരണവും കാവിവത്കരണവുമാണ് അതിന്റെ ലക്ഷ്യങ്ങള്‍ എന്ന് ഇടതുപക്ഷമടക്കം ഏതാണ്ടെല്ലാ പ്രതിപക്ഷ കക്ഷികളും അംഗീകരിക്കുകയും തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. പശ്ചിമബംഗാളും തമിഴ്നാടും അതിശക്തമായി പ്രതികരിച്ചു. ഇടതുപക്ഷ വിദഗ്ധര്‍ ഈ നയത്തെ തൊലിയുരിച്ച് കാണിക്കുകയും ചെയ്തു. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളിലെ ചരിത്രബോധം വികലമാക്കുക എന്നതാണ് ഒരു ലക്ഷ്യം. സ്വാതന്ത്ര്യ സമരവും ഗാന്ധിജിയും നെഹ്റുവുമെല്ലാം അപ്രത്യക്ഷമാകും. പകരം ശിവജി മുതല്‍ സവര്‍ക്കര്‍ വരെയുള്ളവര്‍ വീര സമര സേനാനികളാകും. ഇത്തരത്തില്‍ നിരവധി ശ്രമങ്ങള്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനകം നടപ്പാക്കി വരികയുമാണ്. ഇടതുപക്ഷത്തിന്റെ ദേശീയ നേതൃത്വം ഇതിനെതിരെ തുറന്ന വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു.
ഇത് തുടങ്ങിയ കാലം മുതല്‍ പങ്കാളിയാകാന്‍ സംസ്ഥാനങ്ങള്‍ക്കു മേല്‍ വിവിധ തരത്തിലുള്ള സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഭരണഘടനയുടെ പട്ടിക പ്രകാരം വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയുക്ത പട്ടികയിലാണ് വരുന്നത്. അതുകൊണ്ട് തന്നെ ഏകപക്ഷീയമായി ഇത്തരം ഒരു നയം മാറ്റല്‍ തെറ്റാണെന്നാണ് തമിഴ്‌നാടിന്റെ കേസ്. ഇത് നടപ്പാക്കാത്തതിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന മറ്റു വിദ്യാഭ്യാസ ഫണ്ടുകള്‍ മുടക്കുക എന്നതാണ് കേന്ദ്രത്തിന്റെ ഒരു സമ്മര്‍ദതന്ത്രം. ഇതിനെയും തമിഴ്‌നാട് ചോദ്യംചെയ്തിട്ടുണ്ട്.
കേരളത്തില്‍ ഈ നിര്‍ദേശങ്ങള്‍ വന്നപ്പോള്‍ തന്നെ അതിശക്തമായ എതിര്‍പ്പുയര്‍ന്നുവന്നു. ഇടതുപക്ഷത്തെ സി പി ഐ ആണ് ഇത് ഇടതുപക്ഷത്തിന്റെ ദേശീയ നയത്തിനെതിരാണെന്ന വാദമുയര്‍ത്തിക്കൊണ്ട് മന്ത്രിസഭക്കകത്തും പുറത്തും നിലപാടെടുത്തത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ പിറകോട്ടു പോകുകയായിരുന്നു, അന്ന്. ഓരോ ബ്ലോക്കിലും ഒരു സ്‌കൂളിന് 1.13 കോടി രൂപയുടെ പദ്ധതിയാണിത്. ഇതില്‍ 60 ശതമാനം കേന്ദ്രവും ബാക്കി 40 ശതമാനം സംസ്ഥാനവും മുടക്കണം. ഇങ്ങനെ വികസിപ്പിക്കുന്ന സ്‌കൂള്‍ പ്രധാനമന്ത്രിയുടെ പടം വെച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ബ്രാന്‍ഡ് ആക്കി വികസിപ്പിക്കുന്നു. അതുകൊണ്ടാണ് സി പി ഐ എതിര്‍ത്തത്. ആദ്യ വര്‍ഷത്തില്‍ (202324) എതിര്‍ത്തത് മുതല്‍ വിദ്യാഭ്യാസത്തിനുള്ള മറ്റ് കേന്ദ്ര ഫണ്ടുകള്‍ തടയാന്‍ തുടങ്ങി.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടപ്പോഴാണ് ഈ നയത്തില്‍ മാറ്റങ്ങള്‍ പ്രകടമായി വന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നും സമഗ്ര ശിക്ഷാ അധ്യാപകര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കാന്‍ കഴിയുന്നില്ലെന്നും കേവലം ഒരു ആദര്‍ശത്തിന്റെ പേരില്‍ ഇത് തുടരാനാകില്ലെന്നുമാണ് ഇപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറയുന്നത്. ചുരുങ്ങിയത് 1,500 കോടി രൂപയെങ്കിലും ഇതിലൂടെ ലഭിക്കുമെന്നതിനാല്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിടുകയാണെന്നാണ് മന്ത്രി പറഞ്ഞത്. ‘കേവലം ചില സാങ്കേതികത്ത്വങ്ങള്‍ പറഞ്ഞുകൊണ്ട് വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ട് നിഷേധിക്കാനാകില്ല’. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി മന്ത്രി ശിവന്‍കുട്ടി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. മാത്രവുമല്ല പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചില ഘടകങ്ങളായ അധ്യാപകപരിശീലനവും പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും മറ്റും ഇതിനകം തന്നെ നടപ്പാക്കിത്തുടങ്ങി എന്നും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ചും അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക്, ഇത് പ്രയോജനപ്പെടുന്നതാണ്. സമഗ്ര ശിക്ഷാ പദ്ധതിയിലെ സ്റ്റാഫിന് പ്രതിഫലം നല്‍കാന്‍ ഇതുപകരിക്കും. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ ഒരു പ്രധാന ചോദ്യമുണ്ട്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല എന്നത് കേവലം ഒരു സാങ്കേതികത്വത്തിന്റെ പ്രശ്നമാണോ? അല്ല അതൊരു രാഷ്ട്രീയ നയപ്രശ്നമാണോ? ഈ ചോദ്യമണ് ഇടതു മുന്നണിക്കകത്ത് ചര്‍ച്ചയാകുന്നത്. സംഘ്പരിവാര്‍ അജന്‍ഡകള്‍ കേരളത്തില്‍ നടപ്പാക്കില്ല എന്നത് ഒരു നയമല്ലേ? ആരോഗ്യം, കൃഷി തുടങ്ങിയ മറ്റു വകുപ്പുകള്‍ സമാനമായ കേന്ദ്ര പദ്ധതികളുടെ ഫണ്ട് വാങ്ങുന്നില്ലേ എന്ന മന്ത്രിയുടെ ചോദ്യവും അംഗീകരിക്കാനാകില്ല. ആരോഗ്യവും കൃഷിയും പൂര്‍ണമായി സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ പെട്ടവയാണ്. അവിടെ പരമാവധി കേന്ദ്രത്തിന് പറയാവുന്നത് പ്രധാനമന്ത്രിയുടെ പടം വെക്കണം എന്നൊക്കെയാണ്. നയപരമായി ഇടപെടാന്‍ കഴിയില്ല. എന്നാല്‍ വിദ്യാഭ്യാസ മേഖല അങ്ങനെയല്ല എന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.
ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട ചില പ്രായോഗിക പ്രശ്‌നങ്ങളും ഉണ്ട്. സി പി ഐ നേതാവ് ബിനോയ് വിശ്വം ഈ നീക്കത്തെ തുറന്നെതിര്‍ത്തുകൊണ്ട് പറഞ്ഞ ചില കാര്യങ്ങള്‍ പ്രസക്തമാണ്. ഈ ധാരണാപത്രം കൊണ്ട് ഇവര്‍ അവകാശപ്പെടുന്ന ഫണ്ട് ലഭിക്കാനുള്ള സാധ്യതയില്ലെന്നതാണ് പ്രായോഗിക പ്രശ്നം. രാഷ്ട്രീയമായി എതിരാളികള്‍ക്ക് ഇത് പ്രയോജനകരമാകുകയും ചെയ്യും. 2022ല്‍ തുടങ്ങിയ ഇപ്പോഴത്തെ പദ്ധതി 2026-27 വരെ മാത്രമാണ്. മുന്‍കാല പ്രാബല്യത്തില്‍ ഫണ്ട് തരാനൊന്നും ഇതില്‍ വ്യവസ്ഥയില്ല. ഫലത്തില്‍ മന്ത്രി അവകാശപ്പെടുന്നതിന്റെ ചെറിയൊരു പങ്ക് മാത്രമാകും കിട്ടുക എന്നദ്ദേഹം പറയുന്നതില്‍ കാര്യമുണ്ട്. ‘ഇത്ര ചെറിയൊരു സംഖ്യക്ക് വേണ്ടി സംഘ്പരിവാര്‍ അജന്‍ഡ നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത് രാഷ്ട്രീയ ആത്മഹത്യയാകും’ എന്നും ബിനോയ് വിശ്വം പറയുന്നു. റവന്യൂ മന്ത്രി രാജനും പരസ്യമായി ഈ നയത്തിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. പണം വാങ്ങാന്‍ കരാര്‍ ഒപ്പിട്ട ശേഷം അവരുടെ നയം നടപ്പാക്കില്ല എന്ന് വാദിക്കാന്‍ കഴിയില്ല. അവര്‍ തുടര്‍ ഫണ്ടുകള്‍ തരുന്നത് ഇപ്പോള്‍ ഒപ്പിടുന്ന ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമാകും. പദ്ധതിയുടെ സംസ്ഥാന വിഹിതമായ 40 ശതമാനം ഫണ്ട് നല്‍കുമെങ്കില്‍ മാത്രവുമായിരിക്കും. സാമ്പത്തികമായി മോശം അവസ്ഥയിലുള്ള കേരളത്തിന് ഇത് കഴിയുമോ എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
മന്ത്രിസഭയുടെ തീരുമാനമില്ലാതെ മുന്നോട്ട് പോകുന്നത് പ്രയാസമായിരിക്കും. മന്ത്രിസഭാ യോഗത്തില്‍ സി പി ഐ മന്ത്രിമാര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമായിരിക്കും. സംഘ്പരിവാറിന്റെ സമ്മര്‍ദ തന്ത്രങ്ങളെ ഒന്നിച്ച് നിന്ന് നേരിടുക എന്ന ഇന്ത്യ മുന്നണിയുടെ നിലപാടിന് ഈ നീക്കം തിരിച്ചടിയാകും. പൊതുസമരമുഖം വേണമെന്ന സി പി ഐ മന്ത്രിയുടെ നിലപാട് അംഗീകരിക്കപ്പെടുമോ? ഇതില്‍ ദേശീയ നേതൃത്വങ്ങളുടെ നിലപാടും പ്രധാനമാണ്. ഇത് വൈകി വന്ന വിവേകമാണെന്ന് ബി ജെ പി നേതാക്കള്‍ ആര്‍ത്തുവിളിച്ചു തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തെ ഭിന്നത മുതലെടുക്കാന്‍ യു ഡി എഫും രംഗത്തുണ്ട്.