Connect with us

National

വെല്ലുവിളിയായി എ ഐ; കൃത്രിമ ഉള്ളടക്കങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ഐ ടി നിയമത്തിൽ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം സിന്തറ്റിക് ആണോ എന്ന് ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കണം.

Published

|

Last Updated

ന്യൂഡൽഹി | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ്ഫേക്കുകൾ ഉൾപ്പടെ പ്രശ്നങ്ങൾ നേരിടുന്നതിന് ഐ ടി നിയമങ്ങളിൽ ഭേദഗതികൾ നിർദ്ദേശിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. യഥാർത്ഥ വിവരങ്ങളിൽ നിന്ന് സിന്തറ്റിക് ഉള്ളടക്കങ്ങളെ (കൃത്രിമമായി സൃഷ്ടിച്ചവ) വേർതിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുകയും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കരട് നിയമത്തിൻ്റെ ലക്ഷ്യം. കമ്പ്യൂട്ടർ ടൂളുകൾ ഉപയോഗിച്ച് സൃഷ്ടിക്കുകയോ, മാറ്റം വരുത്തുകയോ, പരിഷ്കരിക്കുകയോ ചെയ്ത് യഥാർത്ഥമെന്ന് തോന്നിക്കുന്ന ഉള്ളടക്കങ്ങളെയാണ് സിന്തറ്റിക്കായി സൃഷ്ടിച്ച വിവരം എന്ന് കരട് നിയമത്തിൽ നിർവചിക്കുന്നത്.

പുതിയ നിയമങ്ങൾ അനുസരിച്ച്, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം സിന്തറ്റിക് ആണോ എന്ന് അവരോട് ചോദിക്കേണ്ടതുണ്ട്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുകയും, സിന്തറ്റിക് ഉള്ളടക്കങ്ങളെല്ലാം ഉപയോക്താക്കൾക്ക് അത് ആധികാരികമല്ലെന്ന് അറിയുന്നതിനായി വ്യക്തമായി ലേബൽ ചെയ്യുകയും വേണം.

വീഡിയോയുടെ സ്ക്രീനിന്റെ 10% എങ്കിലും അല്ലെങ്കിൽ ഓഡിയോ ക്ലിപ്പിൻ്റെ ആദ്യത്തെ 10% എങ്കിലും ഉൾക്കൊള്ളുന്ന രൂപത്തിൽ ഈ ലേബലുകളോ അടയാളങ്ങളോ വ്യക്തമായി കാണാനോ കേൾക്കാനോ കഴിയണം. ഈ അടയാളപ്പെടുത്തലുകൾ നീക്കം ചെയ്യാനോ മാറ്റം വരുത്താനോ പ്ലാറ്റ്‌ഫോമുകൾക്ക് അനുവാദമുണ്ടായിരിക്കില്ല. കൂടാതെ, പരാതികളുടെ അടിസ്ഥാനത്തിലോ യുക്തിസഹമായോ സിന്തറ്റിക് ഉള്ളടക്കം നീക്കം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകൾക്ക് നിയമപരമായ സംരക്ഷണം നിയമം ഉറപ്പ് നൽകുന്നു.

ഉപയോക്താക്കളുടെ അവബോധം വർദ്ധിപ്പിക്കുക, ഉത്തരവാദിത്തം മെച്ചപ്പെടുത്തുക, സിന്തറ്റിക് ഉള്ളടക്കം എവിടെ നിന്ന് വന്നു എന്ന് കണ്ടെത്തുക എന്നിവയാണ് ഈ ഭേദഗതികളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. അതേസമയം എ ഐ മേഖലയിലെ നവീകരണത്തിന് തടസ്സമുണ്ടാകില്ലെന്നും മന്ത്രാലയം പറയുന്നു. കരട് നിയമത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നവംബർ 6 വരെ അറിയിക്കാം.

ജനറേറ്റീവ് എ ഐ. ടൂളുകൾ അതിവേഗം പ്രചരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ കരട് വരുന്നത്. ഇത് തെറ്റിദ്ധാരണകൾ, ആൾമാറാട്ടം, തിരഞ്ഞെടുപ്പ് ഇടപെടൽ, തട്ടിപ്പ് തുടങ്ങിയ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു. വ്യാജവാർത്തകൾ, തട്ടിപ്പുകൾ, അല്ലെങ്കിൽ സമ്മതമില്ലാത്ത ഉള്ളടക്കങ്ങൾ എന്നിവയ്ക്കായി സിന്തറ്റിക് മീഡിയ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യയിലെയും വിദേശത്തെയും നയരൂപകർത്താക്കൾ ആശങ്കയിലാണ്.

Latest