Kerala
രാഷ്ട്രപതിയുടെ സന്ദര്‍ശനം; സുരക്ഷാ വീഴ്ചയില്ലെന്ന് പോലീസ് മേധാവി
ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. സെറ്റ് ആവാത്ത കോണ്‍ക്രീറ്റില്‍ ആയിരുന്നു അത്.

പത്തനംതിട്ട | രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. ‘ഹെലിപാഡ് വളരെ വൈകിയാണ് തയ്യാറാക്കിയത്. ലാന്‍ഡ് ചെയ്യാന്‍ ക്രമീകരണമുണ്ടാക്കിയിരുന്നു. എന്നാല്‍, ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. സെറ്റ് ആവാത്ത കോണ്‍ക്രീറ്റില്‍ ആയിരുന്നു അത്. തുടര്‍ന്ന് മുമ്പോട്ട് നീങ്ങാനാകാത്തതിനാല്‍ ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിടത്തേക്ക് തള്ളിനീക്കുകയായിരുന്നുവെന്നും പോലീസ് മേധാവി വ്യക്തമാക്കി.
‘കോണ്‍ക്രീറ്റ് താഴ്ന്നുപോയാല്‍ എന്താ പ്രശ്‌നം; മുകളിലോട്ട് ഉയര്‍ന്നല്ലേ ഹെലികോപ്റ്റര്‍ പോകുന്നത്’: ജനീഷ് കുമാര്‍ എം എല്‍ എ
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഹെലികോപ്റ്റര്‍ പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ താഴ്ന്നുപോയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കോന്നി എം എല്‍ എ. കെ യു ജനീഷ് കുമാര്‍. എന്‍ എസ് ജി അടക്കം പരിശോധിച്ച സ്ഥലമാണ്. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും പൈലറ്റിന്റെ ആവശ്യപ്രകാരമാണ് എച്ചിലേക്ക് തള്ളി നീക്കിയതെന്നും എം എല്‍ എ പറഞ്ഞു. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിര്‍ദേശിക്കുന്നത്. കോണ്‍ക്രീറ്റ് താഴ്ന്നുപോയാല്‍ എന്താണ് പ്രശ്‌നമെന്നും മുകളിലോട്ട് ഉയര്‍ന്നല്ലേ ഹെലികോപ്റ്റര്‍ പോകുന്നതെന്നും ജനീഷ് കുമാര്‍ ചോദിച്ചു.
ബുധനാഴ്ച വൈകിട്ടാണ് പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി തുടങ്ങി ഇന്ന് രാവിലെയോടെയാണ് മൂന്ന് ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സ്ഥലം കോണ്‍ക്രീറ്റ് ചെയ്തത്. രാഷ്ട്രപതി വന്നിറങ്ങിയതിന് പിന്നാലെ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ പുതയുകയായിരുന്നു. രാഷ്ട്രപതി ഇറങ്ങി വാഹനത്തില്‍ പമ്പയിലേക്ക് പോയതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളിനീക്കി. കോണ്‍ക്രീറ്റ് ഉറച്ചു പോകുന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്.