Ongoing News
കൗമാര കേരളം തയ്യാര്‍
തലസ്ഥാനത്തെ കളിമൈതാനങ്ങളില്‍ ഇറങ്ങുന്ന കൗമാര കേരളം എട്ട് ദിവസം കായിക ലഹരി തീര്‍ക്കും.

തിരുവനന്തപുരം | ഒളിമ്പിക്സ് മാതൃകയില്‍ നടക്കുന്ന 67ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഫീല്‍ഡ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തലസ്ഥാനത്തെ കളിമൈതാനങ്ങളില്‍ ഇറങ്ങുന്ന കൗമാര കേരളം എട്ട് ദിവസം കായിക ലഹരി തീര്‍ക്കും. ഇരുപതിനായിരത്തിലധികം പ്രതിഭകള്‍ പലനാടുകളില്‍, പല കളരികളില്‍ അഭ്യസിച്ച് നേടിയെടുത്ത കായിക മികവ് തലസ്ഥാനത്തെ 22 മൈതാനങ്ങളില്‍ 41 കായിക ഇനങ്ങളിലായി മാറ്റുരക്കുന്നതിനായി കാത്തിരിക്കുകയാണ് കായിക കേരളം. ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കായിക മാമാങ്കത്തിന്റെ ആഘോഷങ്ങളിലും ആരവത്തിലുമാണ് തലസ്ഥാന നഗരി.
നഗരത്തിലെ യൂനിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, സെന്‍ട്രല്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളജ് സ്റ്റേഡിയം, വെള്ളായണി കാര്‍ഷിക കോളജ് ഗ്രൗണ്ട്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ജി വി രാജ സ്പോര്‍ട്സ് സ്‌കൂള്‍ ഗ്രൗണ്ട്, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റെയ്ഞ്ച്, ടെന്നീസ് ക്ലബ് എന്നിവക്ക് പുറമെ നഗരത്തിനു പുറത്ത് പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷനല്‍ അക്വാട്ടിക് കോംപ്ലസ്, കാലടി ഗവ. എച്ച് എസ് എസ് ഗ്രൗണ്ട്, തുമ്പ സെന്റ് സേവിയേഴ്സ് കോളജ് സ്റ്റേഡിയം തുടങ്ങിയ 12 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ആദ്യ ദിനങ്ങള്‍ ഫീല്‍ഡ് വിഭാഗത്തില്‍ ഗെയിംസ് ഇനങ്ങളായിരിക്കും.
ആദ്യദിനം ഇന്‍ക്ലൂസ്സിവ് വിഭാഗത്തിന്റെ മത്സരങ്ങളാണ് പ്രധാനമായും നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്‍ക്ലൂസ്സിവ് വിഭാഗത്തിന്റെ ബോക്സ് ബോളും യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഫുട്ബോളും വെള്ളായണി കാര്‍ഷിക കോളജ് ഗ്രൗണ്ടില്‍ ക്രിക്കറ്റും, ഹാന്‍ഡ്ബോളും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ അത്ലറ്റിക്സും ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്റണും നടക്കും. ഇതോടൊപ്പം ജനറല്‍ വിഭാഗങ്ങളുടെ തായ്ക്വാന്‍ഡോ, കബഡി, ഖൊ- ഖൊ, ജൂഡോ മത്സരങ്ങളും അരങ്ങേറും. നാളെ മുതല്‍ അത്ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാകും. ഇത്തവണ ആദ്യമായി ഇന്‍ക്ലൂസ്സീവ് സ്പോര്‍ട്സില്‍ പെണ്‍കുട്ടികള്‍ക്കായി ബോച്ചേ, ആണ്‍കുട്ടികള്‍ക്കായി ക്രിക്കറ്റ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തനത് ആയോധന കലയായ കളരിപ്പയറ്റ് ജനറല്‍ വിഭാഗത്തില്‍ തന്നെ മത്സരത്തിനുണ്ട്.
മേളയില്‍ ഇന്‍ക്ലൂസ്സീവ് സ്പോര്‍ട്സിന്റെ ഭാഗമായുള്ള 1,944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ്സ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നുള്ള 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റ്‌നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവന്‍ സ്വര്‍ണക്കപ്പാണ് നല്‍കുന്നത്.
മേളയുടെ സമഗ്ര വിവരങ്ങള്‍ കൈറ്റ് പോര്‍ട്ടല്‍ വഴി അറിയാം. ുെീൃെേ.സശലേ.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടല്‍ വഴി 12 വേദികളിലായി നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ വേദികളിലെയും തത്സമയ ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കോര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ ലഭിക്കും.
ഓരോ കുട്ടിയുടെയും ഉപജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടനങ്ങളുടേയും വിവരങ്ങളും ട്രാക്ക് ചെയ്യാം. കൈറ്റ് വിക്ടേഴ്സ് victers.kite.kerala.gov.in സൈറ്റിലും itsvicters യൂട്യൂബ് ചാനലിലും ഇ- വിദ്യ കേരളം ചാനലിലും മത്സരങ്ങള്‍ തത്സമയം കാണാം.