Kerala
ബംഗ്ലാദേശി എന്നാരോപിച്ച് ആള്‍ക്കൂട്ടക്കൊല; പ്രതികളില്‍ നാലുപേര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍
അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു
പാലക്കാട് | വാളയാര്‍ അട്ടപ്പള്ളത്ത് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളില്‍ നാലുപേര്‍ ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.
15 വര്‍ഷം മുമ്പ് ഡി വൈ എഫ് ഐ, സി ഐ ടി യു പ്രവര്‍ക്കകരെ വെട്ടിയ കേസിലെ പ്രതികളാണ് മുരളി, അനു എന്നിവര്‍. സി ഐ ടി യു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെ വെട്ടിയ കേസിന്റെ നടപടികള്‍ നിലവില്‍ ഹൈക്കോടതിയില്‍ നടന്നുവരികയാണ്. പാലക്കാട് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസിലെ പ്രതി ആര്‍ ജിനീഷിന്റെ സംഘത്തില്‍ പെട്ടവരാണ് പ്രതികള്‍. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. ഏതാനും പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്നു രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാമനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ഭയ്യ നേരിട്ടത്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലി തേടിയാണ് രാമനാരായണ്‍ ഭയ്യ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. ചെറിയ മാനസിക പ്രശ്നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് രാം നാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിച്ചു കൊല്ലുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ രാംനാരായണിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ വന്നതിന് ശേഷം മൃതദേഹം ഏറ്റുവാങ്ങും.

