Connect with us

Kerala

എക്‌സൈസ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം: കഞ്ചാവ് വില്‍പന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

പത്തനംതിട്ട വലഞ്ചുഴി നസീം സുലൈമാന്‍, സുഹൃത്ത് അസീഫ് എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

പത്തനംതിട്ട | കഞ്ചാവ് മാഫിയയിലെ കണ്ണികളെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഇന്നലെ രാത്രി ഒമ്പതോടെ പി എം റോഡില്‍ കുമ്പഴ വടക്കിന് സമീപം പത്തനംതിട്ട എക്‌സൈസ് സ്‌ക്വാഡിലെ സിവില്‍ ഓഫീസര്‍ കെ എസ് ആനന്ദിനെയാണ് കഞ്ചാവ് വില്‍പന സംഘം കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പത്തനംതിട്ട വലഞ്ചുഴി നസീം സുലൈമാന്‍, സുഹൃത്ത് അസീഫ് എന്നിവരാണ് പിടിയിലായത്.

കഞ്ചാവ് വില്‍പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു എക്‌സൈസ് സംഘം. സി ഐ. എം ഒ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം കുമ്പഴക്ക് സമീപം നിലയുറപ്പിച്ചിരുന്നു. സിവില്‍ ഓഫീസര്‍മാരായ ആനന്ദ്, കെ അജിത്, അഭിജിത്, നിതിന്‍ എന്നിവര്‍ ഇവിടേക്കെത്തി. ബെലനോ കാറിലുണ്ടായിരുന്ന കഞ്ചാവ് വില്‍പനക്കാര്‍ സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് എക്‌സൈസ് സംഘം എത്തിയത്. അപ്പോഴേക്കും സ്‌കൂട്ടറിലെത്തിയവര്‍ രക്ഷപ്പെട്ടു. കാറിനുള്ളിലുള്ളവരെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ഡോര്‍ അകത്തുനിന്ന് പൂട്ടി ഗ്ലാസ് ഉയര്‍ത്തി. ബൈക്കുമായി കാറിന് മുന്നില്‍ എക്‌സൈസുകാര്‍ തടസ്സം നിന്നെങ്കിലും ഇടിച്ച് തെറിപ്പിച്ചു മുന്നോട്ടു പോകുകയായിരുന്നു. കാറിന് മുന്നില്‍വീണ ആനന്ദ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആനന്ദിന്റെ ഇടത് കണങ്കാലിലൂടെ ഓടിച്ചുകയറ്റിയാണ് കാര്‍ കടന്നുപോയത്. കാറിടിച്ച് എക്‌സൈസിന്റെ ബൈക്കും തകര്‍ന്നു. വിവരമറിഞ്ഞെത്തിയ സി ഐയും സംഘവുമാണ് ആനന്ദിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്.

അക്രമത്തിനു ശേഷം നാടുവിടാന്‍ ഒരുങ്ങുന്നതിനിടെയാണ് നസീമിനെയും അസീഫിനെയും പോലീസ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ടയില്‍ കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്ന ശൃംഖലയിലെ പ്രധാനിയാണ് നസീം. കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതിയാണ് ഇയാള്‍. നിരവധി കേസുകളാണ് പ്രതിക്കെതിരെ നിലവിലുള്ളത്. പലപ്പോഴും എക്‌സൈസിനെ വെട്ടിച്ച് കടന്നുകളയുകയും പിടിയിലാകുകയും ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest