Kerala
അതിവേഗ റെയില്‍പാത: ഇ ശ്രീധരന്‍ ഓഫീസ് തുറന്നത് ജനങ്ങളെ പറ്റിക്കാനെന്ന് എം വി ഗോവിന്ദന്‍
റെയില്‍വേ മന്ത്രി പോലും അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തില്‍ ശ്രീധരന്റെ ഈ പരിപാടിക്ക് കേന്ദ്രം അംഗീകാരം നല്‍കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
കണ്ണൂര്‍ | കേരളത്തിലെ അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുറന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പദ്ധതിക്ക് കേന്ദ്ര അനുമതിയില്ലാതിരിക്കേയാണ് ശ്രീധരന്‍ ഓഫീസ് തുറന്നിരിക്കുന്നത്. റെയില്‍വേ മന്ത്രി പോലും അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തില്‍ ശ്രീധരന്റെ ഈ പരിപാടിക്ക് കേന്ദ്രം അംഗീകാരം നല്‍കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
കേരളത്തില്‍ അതിവേഗ റെയില്‍ പാതയുടെ ആവശ്യമില്ലെന്നാണ് റെയില്‍വേ മന്ത്രി പറയുന്നത്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ അതിവേഗ പാതകള്‍ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ കേരളത്തിന് അതിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര മന്ത്രിയുടെ നിലപാട്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കേരളത്തിന്റെ വികസനത്തെ കേന്ദ്രം അവഗണിക്കുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതിനുള്ള ഡി പി ആര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് ഇ ശ്രീധരന്‍ പൊന്നാനിയില്‍ സ്വന്തം നിലക്ക് ഓഫീസ് തുറന്നത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡി പി ആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അവകാശവാദം.




