Kerala
ശബരിമല: വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍; ഭക്തര്‍ക്ക് കേരളത്തില്‍ എവിടെയും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണം സംഭവിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം ധനസഹായം
പത്തനംതിട്ട | ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനുളള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും. sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദര്‍ശനത്തിനുളള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്.
ശബരിമല തീര്‍ഥാടകര്‍ക്കുളള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇത്തവണ കേരളത്തിലെവിടെയും ലഭ്യമായിരിക്കും. അയ്യപ്പഭക്തര്‍ക്ക് യാത്രാമധ്യേ കേരളത്തില്‍ എവിടെ അപകടമുണ്ടായാലും പരിരക്ഷ ലഭിക്കുന്ന തരത്തില്‍ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ശബരിമലക്ക് അടുത്തുള്ള നാല് ജില്ലകളിലുണ്ടാകുന്ന അപകട മരണങ്ങള്‍ക്ക് മാത്രമായിരുന്നു പരിരക്ഷ ലഭിച്ചിരുന്നത്. ശബരി മല ഡ്യൂട്ടിയിലുളള ജീവനക്കാര്‍ക്കും ഈ വര്‍ഷം മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ തീര്‍ഥാടന പാതയില്‍ അസുഖങ്ങള്‍ മൂലം സ്വാഭാവിക മരണം സംഭവിക്കുന്നവര്‍ക്കും മൂന്ന് ലക്ഷം ധനസഹായം ലഭിക്കുന്ന പദ്ധതിയും ഈ വര്‍ഷം ദേവസ്വം ബോര്‍ഡ് തുടങ്ങുന്നുണ്ട്.
വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി ഒരു ദിവസം എഴുപതിനായിരം പേര്‍ക്കാണ് അവസരം. വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ റിയല്‍ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. റിയല്‍ ടൈം ബുക്കിങ് വഴി ഇരുപതിനായിരം പേരെയാണ് ദര്‍ശനത്തിന് അനുവദിക്കുക.



