Kerala
കൊച്ചി മേയര്‍: തന്നെ തഴഞ്ഞതില്‍ കെ പി സി സി അധ്യക്ഷന് പരാതി നല്‍കി ദീപ്തി വര്‍ഗീസ്
തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല. ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കമുള്ളവര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു
കൊച്ചി | കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതെ തഴഞ്ഞതില്‍ പ്രതിഷേധവുമായി ദീപ്തി മേരി വര്‍ഗീസ്. മേയര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് ദീപ്തി കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന് പരാതി നല്‍കി. തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം വി കെ മിനിമോളും ഷൈനി മാത്യുവും പങ്കിടും എന്ന ധാരണക്ക് പിന്നാലെയാണ് ദീപ്തി മേരി വര്‍ഗീസ് പരാതി നല്‍കിയിരിക്കുന്നത്.
രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല. ജില്ലക്ക് പുറത്ത് നിന്നുള്ള നേതാക്കള്‍ വോട്ടെടുപ്പിന് എത്തിയില്ല, ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കമുള്ളവര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും ദീപ്തി ഉയര്‍ത്തിയിട്ടുണ്ട്. കെ പി സി സിയുടെ നിരീക്ഷകന്‍ കൗണ്‍സിലര്‍മാരുടെ അഭിപ്രായം കേള്‍ക്കണമെന്നും കൗണ്‍സിലര്‍മാരില്‍ കൂടുതല്‍ പേര്‍ അനുകൂലിക്കുന്നയാളെ മേയറാക്കണം എന്നുമാണ് പാര്‍ട്ടി നിലപാട്. എന്നാല്‍, ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എന്‍ വേണുഗോപാലുമാണ് കൗണ്‍സിലര്‍മാരുടെ അഭിപ്രായം കേട്ടതെന്നും ഇവര്‍ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസിനീയമാണെന്നും ദീപ്തി മേരി വര്‍ഗീസ് പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
വി കെ മിനിമോളെ മേയറും ദീപക് ജോയിയെ ഡെപ്യൂട്ടി മേയറുമാക്കാനാണ് ഇന്ന് ചേര്‍ന്ന എറണാകുളം ഡി സി സി കോര്‍ കമ്മിറ്റി യോഗത്തിലെ ധാരണ. ആദ്യ രണ്ടര വര്‍ഷം മിനിമോളും ഇതിനു ശേഷമുള്ള രണ്ടര വര്‍ഷം ഷൈനി മാത്യുവും മേയറാകും.




