Business
വരുന്നു ആപ്പിൾ പേ ഇന്ത്യയിലേക്ക്; ഗൂഗിൾ പേക്ക് വെല്ലുവിളിയാകുമോ?
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി ആപ്പിൾ ചർച്ചകൾ നടത്തിവരികയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു
ആപ്പിളിന്റെ ഡിജിറ്റൽ പേയ്മെന്റ് സേവനമായ ആപ്പിൾ പേ (Apple Pay) 2026 പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി ആപ്പിൾ ചർച്ചകൾ നടത്തിവരികയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. മാസ്റ്റർകാർഡ്, വിസ തുടങ്ങിയ കാർഡ് നെറ്റ്‌വർക്കുകളുമായും കമ്പനി ചർച്ചയിലാണ്.
2014-ൽ അമേരിക്കയിൽ ആരംഭിച്ച ഈ സേവനം 11 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. നിലവിൽ ലോകമെമ്പാടുമുള്ള 89 വിപണികളിൽ ആപ്പിൾ പേ ലഭ്യമാണെങ്കിലും ഇന്ത്യയിലെ സങ്കീർണ്ണമായ നിയമവ്യവസ്ഥകളും യു പി ഐയുടെ (UPI) ആധിപത്യവും കാരണമാണ് ഇതുവരെ അവതരിപ്പിക്കാതിരുന്നത്.
എന്നാൽ, ഡിജിറ്റൽ പേയ്മെന്റുകൾക്കായി ഫേസ് ഐഡി (Face ID), ടച്ച് ഐഡി (Touch ID) തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയതോടെ ആപ്പിളിന് ഇന്ത്യയിലേക്കുള്ള വഴി തെളിഞ്ഞു.
ആദ്യ ഘട്ടത്തിൽ എൻ എഫ് സി (NFC) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കാർഡ് പേയ്മെന്റുകളായിരിക്കും ലഭ്യമാവുക. കൂടുതൽ ഇന്ത്യക്കാരും ഉപയോഗിക്കുന്ന യു പി ഐ സംവിധാനവുമായി ആപ്പിൾ പേ ബന്ധിപ്പിക്കുന്നത് രണ്ടാം ഘട്ടത്തിലായിരിക്കും. ഇതിനായി പ്രത്യേക അനുമതികൾ ആവശ്യമാണ്.
2025-ന്റെ മൂന്നാം പാദത്തിൽ ഇന്ത്യയിൽ റെക്കോർഡ് ഐഫോൺ വിൽപന നടന്നതും മുംബൈയിൽ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചതും ഈ നീക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന യുപിഐ ആപ്പുകളിൽ ഒന്ന് ഗൂഗിൾ പേയാണ്. ആപ്പിൾ പേയുടെ കടന്നുവരവ് ഗൂഗിൾ പേക്ക് പാരയാകുമോ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.
Summary
Apple is actively planning to launch Apple Pay in India by mid-2026, engaging in discussions with major private banks like ICICI, HDFC, and Axis, along with card giants Visa and Mastercard. The entry is facilitated by India’s recent regulatory shift allowing biometric authentication like Face ID for digital transactions. Initially focusing on NFC-based card payments, the service aims to tap into Apple’s rapidly growing iPhone user base in India, with potential UPI integration to follow later.




