From the print
ആതിഥേയർക്ക് സ്വർണത്തിൽ ഇരട്ട സെഞ്ച്വറി
അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന്റെ മുന്നേറ്റം. കൗമാര കായിക മേളക്ക് ഇന്ന് തിരശ്ശീല വീഴും
തിരുവനന്തപുരം | നിരവധി പുതിയ റെക്കോര്‍ഡുകളുടെ പിറവിക്കും ഒട്ടേറെ പ്രതിഭകളുടെ ഉദയത്തിനും വഴിയൊരുക്കിയ കേരളത്തിന്റെ കൗമാര കായിക മേളക്ക് തലസ്ഥാന നഗരിയില്‍ ഇന്ന് തിരശ്ശീല വീഴും. ആദ്യദിനം മുതല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജൈത്രയാത്ര തുടങ്ങിയ ആതിഥേയരായ തിരുവനന്തപുരം 117.5 പവന്റെ മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് ഉറപ്പാക്കിയിരുന്നു. മേള ഏഴാം ദിനത്തിലെത്തിയപ്പോള്‍ സ്വര്‍ണത്തില്‍ ഇരട്ട സെഞ്ചറിയും കടന്നായിരുന്നു തിരുവനന്തപുരത്തിന്റെ കുതിപ്പ്. 202 സ്വര്‍ണവും 145 വെള്ളിയും 170 വെങ്കലവും 1,810 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ തിരുവനന്തപുരം മുഖ്യമന്ത്രിയുടെ ആദ്യ സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങാനുള്ള ഒരുക്കത്തിലാണ്.
തൊട്ടുപിറകിലുള്ള തൃശൂര്‍ 90 സ്വര്‍ണവും 54 വെള്ളിയും 106 വെങ്കലുമായി 869 പോയിന്റോടെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ മൂന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കണ്ണൂരും പാലക്കാടും മാറി മാറി മൂന്നാം സ്ഥാനത്ത് വന്നിരുന്നുവെങ്കിലും നിലവില്‍ 81 സ്വര്‍ണവും 76 വെള്ളിയും 85 വെങ്കലുമായി 843 പോയിന്റുള്ള കണ്ണൂരാണ് മൂന്നാം സ്ഥാനത്തുള്ളത്. പാലക്കാട്, മലപ്പുറം കോഴിക്കോട്, എറണാകുളം ജില്ലകളാണ് കണ്ണൂരിന് പിന്നില്‍ യഥാക്രമം ഏഴ് വരെ സ്ഥാനങ്ങളിലുള്ളത്. അതേസമയം അത്ലറ്റിക്സില്‍ 190 പോയിന്റുകളുമായി മലപ്പുറം ആണ് മുന്നില്‍. പാലക്കാടിനെ മറികടന്ന് മുന്നേറിയ മലപ്പുറത്തെ സ്‌കൂളുകളാണ് സ്‌കൂളുകളുടെ പട്ടികയിലും മുന്നിലുള്ളത്.
167 പോയിന്റുമായി പാലക്കാടും 81 പോയിന്റുമായി കോഴിക്കോടും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 54 പോയിന്റോടെ നാലാം സ്ഥാനമാണ് തിരുവനന്തപുരത്തിന് അത്ലറ്റിക്സില്‍ നേടാനായത്.
സബ്ജൂനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടില്‍ കണ്ണൂര്‍ മമ്പറം എച്ച് എസ് എസിലെ അന്‍വിക മത്സരത്തിന്റെ അവസാന റൗണ്ടില്‍ 11.31 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡ് കുറിച്ചു. പാര്‍വണ ജിതേഷിന്റെ 10.11 മീറ്റര്‍ എന്ന മൂന്ന് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മറികടന്നത്. അവസാന ദിനമായ ഇന്ന് ഉച്ച വരെയാണ് മത്സരങ്ങള്‍. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ 13 ഇനങ്ങളില്‍ ട്രിപ്പിള്‍ ജംപ്, യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഹാമര്‍ത്രോ എന്നിവയാണ് ഇന്ന് പൂര്‍ത്തിയാകാനുള്ള ഇനങ്ങള്‍.
ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തി ദീപശിഖ അണക്കുന്നതോടെ എട്ട് നാള്‍ നീണ്ട കൗമാര കായിക മേളക്ക് സമാപനമാകും. ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുഖ്യാതിഥിയാകും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.


