Connect with us

Articles

കേരളം കരുതല്‍ തുടരും

വര്‍ധിതമായ സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ കാര്യക്ഷമമായി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. കേന്ദ്രത്തിന്റെ ബഹുമുഖമായ സാമ്പത്തിക നടപടികള്‍ ഒരുവശത്ത് കേരളത്തെ പിന്നിലേക്ക് വലിക്കുമ്പോഴും നാം പിടിച്ചുനിന്നു. കൂടുതല്‍ മികവോടെയും കരുത്തോടെയും കേരളത്തിന് മുന്നോട്ട് കുതിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നടപ്പാക്കുന്നതും ആവിഷ്‌കരിച്ചതുമായ പദ്ധതികളുടെ പൂര്‍ത്തീകരണവും തുടര്‍ പ്രവര്‍ത്തനങ്ങളും ഭാവികേരളത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ്.

Published

|

Last Updated

നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വിപുലമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സാധാരണക്കാരായ ജനങ്ങളുടെയും തൊഴിലാളി വിഭാഗങ്ങളുടെയും സംരക്ഷണം. ആ ലക്ഷ്യത്തിലേക്കുള്ള കര്‍മ പദ്ധതിയുടെ തുടര്‍ പരിപാടികളാണ് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ചത്. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ജനവിഭാഗങ്ങളുടെയും വിവിധ ആനുകൂല്യങ്ങളുടെ വര്‍ധനവും സമയബന്ധിതമായ വിതരണവും ഉറപ്പാക്കുന്ന പ്രവര്‍ത്തന പദ്ധതിയാണ് തുടര്‍ന്ന് മുഖ്യമന്ത്രി അവതരിപ്പിച്ചത്.

ക്ഷേമ പെന്‍ഷന്‍ 2,000 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ പെന്‍ഷന്‍ ഏര്‍പ്പെടുത്തി. തൊഴിലന്വേഷിക്കുന്ന യുവാക്കള്‍ക്ക് പ്രതിമാസം 1,000 രൂപ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. ഇത് രണ്ടും കേരളത്തിന് പുതുമയാര്‍ന്ന പദ്ധതികളാണ്. ആശ, അങ്കണവാടി, പ്രീപ്രൈമറി, സ്‌കൂള്‍ പാചക തൊഴിലാളികള്‍, സാക്ഷരതാ പ്രേരക്മാര്‍, ഗസ്റ്റ് ലക്ചറര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേതന വര്‍ധനവ് നടപ്പാക്കി. സംസ്ഥാന ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ മൂന്നും നാലും ഗഡുക്കള്‍ അനുവദിക്കാനും തീരുമാനിച്ചു. നെല്ലിന്റെ താങ്ങുവില 30 രൂപയായി ഉയര്‍ത്തി. കേന്ദ്രം നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന തുകയാണ് സംസ്ഥാനം നല്‍കുന്നത്.

ക്ഷേമനിധി അംഗങ്ങള്‍ക്ക് കൊടുക്കാനുള്ള ഏതാണ്ട് ആയിരം കോടിയോളം രൂപയുടെ കുടിശ്ശികകള്‍ കൊടുത്തുതീര്‍ക്കാനുള്ള പ്രവര്‍ത്തന പദ്ധതിയും പ്രഖ്യാപിച്ചു. അങ്കണ്‍വാടി ജീവനക്കാരുടെ ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക, പട്ടിക വിഭാഗ, മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള തണല്‍ പദ്ധതി, ഖാദി തൊഴിലാളികളുടെ പൂരക വരുമാന പദ്ധതി എന്നിവയെല്ലാം സമയബന്ധിതമായി തന്നെ തീര്‍ക്കുകയാണ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ആരോഗ്യ കിരണം, ശ്രുതി തരംഗം പദ്ധതികള്‍ക്കുള്ള തുകകളും പൂര്‍ണമായും നല്‍കുന്നു. മരുന്ന് വിതരണം, വിലക്കയറ്റ വിരുദ്ധ നടപടികള്‍, നെല്ല് സംഭരണം, റേഷന്‍ വിതരണം, മരാമത്ത് പ്രവൃത്തികള്‍ തുടങ്ങിയവക്കെല്ലാം മതിയായ സാമ്പത്തിക വകയിരുത്തല്‍ ഉറപ്പാക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ തന്നെ ഏതാണ്ട് 4,200ല്‍പരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും നവീകരണവും പൂര്‍ത്തീകരിക്കുകയാണ്. കേരളത്തിലെ ഒരു സാധാരണ കുടുംബത്തിലെ മൂന്ന് തലമുറയില്‍പ്പെട്ട ആളുകളിലേക്കും സര്‍ക്കാറിന്റെ ക്ഷേമം നേരിട്ടെത്തുകയാണ്. ഇതിനു പുറമേയാണ് സര്‍ക്കാറിന്റെ വിപുലമായ വിപണി ഇടപെടലിന്റെ ഭാഗമായ വിലക്കുറവിന്റെ നേട്ടവും കുടുംബ ബജറ്റിലേക്ക് എത്തുന്നത്.

ഈ ചെലവുകള്‍ നിര്‍വഹിക്കാനുള്ള പണം സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തുമെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെയുള്ള ചിലരുടെ സംശയം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്നത് മാത്രമേ പറയാറുള്ളൂ. പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും. ഇടക്കാല ബജറ്റിലല്ല ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളത്. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോളം കാലം അവശേഷിക്കെ ഇക്കാലയളവിനുള്ളില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികളാണ് പറഞ്ഞിട്ടുള്ളത്.

സര്‍ക്കാറിന്റെ ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ മുന്‍ഗണന വികസനവും ക്ഷേമവുമാണ്. ഇടതു സര്‍ക്കാര്‍ പാവങ്ങളുടെ സര്‍ക്കാറാണ്. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ ബദലാണ് കേരളത്തിലെ വിപുലമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍. അഞ്ച് ലക്ഷം പാവപ്പെട്ട മനുഷ്യര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയും സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്‍കിയും നാം മുന്നോട്ട് പോകുകയാണ്. നാളെ കേരളത്തിലെ 64,006 അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യാവസ്ഥയില്‍ നിന്ന് വിമോചിപ്പിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തുകയാണ്. ഇതെല്ലാം ചരിത്രമാണ്. ജനങ്ങളോട് പറഞ്ഞ എല്ലാ കാര്യങ്ങളും സമയബന്ധിതമായും കാര്യക്ഷമമായും ചെയ്തുതീര്‍ക്കുകയാണ് ഈ സര്‍ക്കാര്‍.

വികസന രംഗത്ത് കേരളം കുതിക്കുകയാണ്. വിഴിഞ്ഞം തുറമുഖവും പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്ന തെക്ക്-വടക്ക് ദേശീയ പാതയും കേരളത്തെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്ക് കൈപിടിച്ചുനടത്തുന്ന ഐ ടി / ഐ ടി അധിഷ്ഠിത വ്യവസായങ്ങളുടെ ശക്തിപ്പെടലും നാടിന്റെ ഭാവിയെ മാറ്റിമറിക്കാനുതകുന്നതാണ്. വാട്ടര്‍മെട്രോയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും ഐ ടി ഇടനാഴികളും നാടിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായവയാണ്. ഈ വികസന മുന്നേറ്റത്തിന് യാതൊരു തടസ്സവും നേരിടാതെ വിഭവങ്ങളെത്തിക്കാന്‍ സര്‍ക്കാര്‍ ജാഗരൂകമായിരുന്നു. നാടിന്റെ ഭാവി മുന്‍നിര്‍ത്തിയുള്ള നിരവധി നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യ വികസനവും നാം സാധ്യമാക്കി.

ഒരുവശത്ത് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ കൊണ്ടുപോകുമ്പോഴും മറുവശത്ത് കേന്ദ്രം ഉപരോധ സമാനമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ നികുതി വിഹിതത്തിലും അര്‍ഹമായ കടമെടുപ്പ് പരിധിയിലും കേന്ദ്രം വെട്ടിക്കുറവ് വരുത്തി. ഇതിലൂടെ ഓരോ വര്‍ഷവും കേരളത്തിന് ലഭിക്കേണ്ട 50,000 കോടി രൂപയെങ്കിലും നിഷേധിക്കപ്പെട്ടു. സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര നിലപാടുകള്‍ക്കെതിരെ കേസ് നല്‍കുകയുണ്ടായി. കേന്ദ്രത്തിന്റെ പുതിയ നയങ്ങള്‍ കേരളത്തിന്റെ ധനവിഭവങ്ങള്‍ വെട്ടിച്ചുരുക്കുന്നു എന്നത് ബോധ്യമായതിനെ തുടര്‍ന്നാണ് ഹരജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ ശരാശരി ചെലവ് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 1.17 ലക്ഷം കോടി രൂപയായിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് അത് 1.65 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. വര്‍ധിതമായ സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ കാര്യക്ഷമമായി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. കേന്ദ്രത്തിന്റെ ബഹുമുഖമായ സാമ്പത്തിക നടപടികള്‍ ഒരുവശത്ത് കേരളത്തെ പിന്നിലേക്ക് വലിക്കുമ്പോഴും നാം പിടിച്ചുനിന്നു.

കൂടുതല്‍ മികവോടെയും കരുത്തോടെയും കേരളത്തിന് മുന്നോട്ട് കുതിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നടപ്പാക്കുന്നതും ആവിഷ്‌കരിച്ചതുമായ പദ്ധതികളുടെ പൂര്‍ത്തീകരണവും തുടര്‍ പ്രവര്‍ത്തനങ്ങളും ഭാവികേരളത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ്.

 

Latest