Kerala
266ാം ദിവസത്തില്‍ സുപ്രധാന തീരുമാനം; സെക്രട്ടറിയേറ്റിന് മുന്നില്‍ ആശപ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു
ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശമാരുടെ തീരുമാനം
 
		
      																					
              
              
            തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശമാരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ രാപ്പകല്‍ സമരം 266ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്.
ഫെബ്രുവരി 10ന് ആരംഭിച്ച സമരം അവസാനിപ്പിക്കുക 266ാം ദിവസത്തിലാണ്. നാളെ സമരപ്രതിജ്ഞ റാലിയോടെ സമരം അവസാനിപ്പിക്കും. രാപ്പകല്‍ സമരം അവസാനിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനും ധാരണയായി. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നത് വരെ വിവിധ രീതിയിലുള്ള സമരം തുടരും.
ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചത് സമര വിജയമായി തന്നെയാണ് ആശ സമരസമിതി വിലയിരുത്തുന്നത്. എന്നാല്‍ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജില്ലകളില്‍ സമരം തുടരാന്‍ തീരുമാനിച്ചത്. പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാ അവകാശങ്ങളും നേടിയിട്ടുള്ളൂവെന്ന് ആശാ സമരസമിതി പ്രതിനിധി എം എ ബിന്ദു പറഞ്ഞു. സമര ചരിത്രത്തിലെ ഐതിഹാസിക ഏടാണ് ആശാ സമരം. ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 7,000 രൂപയില്‍ നിന്ന് 8000 രൂപയാക്കിയാണ് കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാര്‍.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

