Kerala
ചലച്ചിത്രമേളയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്; മന്ത്രി സജി ചെറിയാന്‍
വിലക്ക് രാഷ്ട്രീയ അജണ്ടയാണ്. സിനിമയുടെ പേരുകളോട് പോലും അസഹിഷ്ണുതയാണെന്നും മന്ത്രി
ആലപ്പുഴ| തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പലസ്തീനില്‍ നിന്നുള്‍പ്പെടെയുള്ള 19 സിനിമകള്‍ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. വിലക്ക് രാഷ്ട്രീയ അജണ്ടയാണ്. സിനിമയുടെ പേരുകളോട് പോലും അസഹിഷ്ണുതയാണെന്നും മന്ത്രി പറഞ്ഞു. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്കയുണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പ്രതികരിച്ചു.
ലോകപ്രശസ്തമായ ക്ലാസിക്കല്‍ പലസ്തീന്‍ സിനിമകള്‍ കാണിക്കേണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്?. ആദ്യം എല്ലാ സിനിമയ്ക്കും അനുമതി നിഷേധിക്കുകയായിരുന്നു. മേളയ്ക്ക് തുരങ്കം വെയ്ക്കുന്ന തരത്തിലാണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇതുവരെയില്ലാത്ത പ്രശ്നമാണ് ഇപ്രാവശ്യം ചലച്ചിത്രമേളയിലുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയുള്ള ബോധപൂര്‍വമായ ഇടപെടലാണിത്.
വിഷയത്തില്‍ അടിയന്തരമായി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം ഇടപെടണം. എല്ലാ സിനിമകളും കാണാന്‍ അവസരം ഒരുക്കണം. ലോകത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് മേള കാണാനായി എത്തുന്നത്. സിനിമാ ടൂറിസത്തിലൂടെ നമ്മുടെ സമ്പദ് ഘടനയില്‍ മാറ്റം വരുത്താന്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ എല്ലാ തരത്തിലും കേന്ദ്രം കേരളത്തെ ദ്രോഹിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
സിനിമ വിലക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ലോകത്തെ സാമൂഹികാന്തരീക്ഷം, രാഷ്ട്രീയ വീക്ഷണങ്ങള്‍, മറ്റ് മൗലികമായ പ്രസക്തികള്‍ തുടങ്ങിയവ പുതിയ തലമുറയ്ക്ക് പഠിക്കാന്‍ കഴിയുന്ന വലിയ മേളയാണിത്. കേരളത്തിലെ സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മേളയാണിത്. സിനിമാ ടൂറിസത്തിന്റെ ഏറ്റവും വലിയ മേള കൂടിയാണിത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇനിയാരെങ്കിലും രാജ്യാന്തര മേള കാണാന്‍ വരുമോയെന്നും മന്ത്രി സജി ചെറിയാന്‍ ചോദിച്ചു.

