Kerala
വയനാട് പച്ചിലക്കാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നു; കടുവയെ തിരിച്ചറിഞ്ഞു
രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
വയനാട്| വയനാട് പച്ചിലക്കാട് പടിക്കംവയല്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവയെ തിരിച്ചറിഞ്ഞു. അഞ്ച് വയസ് പ്രായം വരുന്ന വയനാട് വന്യജീവി സങ്കേതത്തിലെ 112 ാം നമ്പര്‍ കടുവയാണ് ജനവാസ മേഖലയില്‍ ഉള്ളത്. കടുവയെ കണ്ടെത്താനുള്ള ദൗത്യം വനം വകുപ്പ് തുടരുകയാണ്. പ്രദേശത്തെ കാപ്പിത്തോട്ടത്തിന് അടുത്ത വയലില്‍ നിന്ന് കടുവയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. ഈ ഭാഗത്ത് കാമറ ട്രാപ്പുകളും ലൈവ് കാമറയും സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ആര്‍ആര്‍ടി സംഘം ഇന്ന് ഡ്രോണ്‍ പരിശോധന പുനരാരംഭിക്കും.
പടിക്കംവയല്‍, ചുണ്ടക്കുന്ന് പ്രദേശങ്ങളില്‍ വനം വകുപ്പ് പട്രോളിങ്ങ് തുടരുകയാണ്. കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുവ ഇറങ്ങിയ സാഹചര്യത്തില്‍ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

