Uae
ശൈഖ ബുദൂർ യുനെസ്‌കോ ഗുഡ്വിൽ അംബാസഡർ
നിയമനം ആഗോള പിന്തുണ പരിഗണിച്ച്
 
		
      																					
              
              
            ഷാർജ|വിദ്യാഭ്യാസത്തിനും പുസ്തക സംസ്‌കാരത്തിനും വേണ്ടിയുള്ള യുനെസ്‌കോ ഗുഡ്വിൽ അംബാസഡറായി ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയെ നിയമിച്ചു. പ്രസാധന മേഖലയിലും വിദ്യാഭ്യാസ വികസനത്തിലും ആഗോള തലത്തിൽ ശൈഖ ബുദൂർ നൽകിയ പിന്തുണ പരിഗണിച്ചാണ് ഈ നിയമനം യുനെസ്‌കോ പ്രഖ്യാപിച്ചത്. ഷാർജയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി പ്രസിഡന്റ‌്, ഷാർജ ബുക്ക് അതോറിറ്റി പ്രസിഡന്റ്എന്നീ നിലകളിൽ, സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന തൂണുകളായ അറിവിലേക്കുള്ള പ്രവേശനം, സർഗാത്മകമായ ആവിഷ്‌കാരം, വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് ശൈഖ ബുദൂർ.
“പുസ്തകങ്ങൾക്ക് മനസ്സിനെ സമ്പന്നമാക്കാനും വിടവുകൾ നികത്താനും അറിവിലധിഷ്ഠിതമായ സമൂഹങ്ങളെ കെട്ടിപ്പടുക്കാനും കഴിയും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, വായനയിലൂടെ വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയിലേക്കുള്ള പ്രവേശനം അത്യാവശ്യമാണ്. ഈ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള പഠനത്തിന്റെയും സർഗാത്മകമായ ആവിഷ്‌കാരത്തിന്റെയും ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനും ഈ പദവി സഹായകരമാവുമെന്ന് അവർ പറഞ്ഞു. ഷാർജ ബുക്ക് അതോറിറ്റി പ്രസിഡന്റ്എന്ന നിലയിൽ ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടികളിലൊന്നായ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന് അവർ മേൽനോട്ടം വഹിക്കുന്ന വ്യക്തിത്വമാണ് ശൈഖ ബുദൂർ.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

