Connect with us

Health

പെരുംജീരകത്തിന്റെ അത്ഭുത രഹസ്യം അറിയാമോ?

ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. ഹോര്‍മോണുകള്‍ക്ക് സന്തുലിതാവസ്ഥ നല്‍കും. മെറ്റബോളിസം മെച്ചപ്പെടുത്തും. വിശപ്പ് കുറയ്ക്കും. അതുവഴി ഭാരം കുറയ്ക്കാനും ഇത് സഹായകരമാകും.

Published

|

Last Updated

നിങ്ങള്‍ ഭക്ഷണത്തി ശേഷം പെരുംജീരകം ചവക്കാറുണ്ടോ? എന്നാല്‍ പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത്തിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ ചെറുതൊന്നുമല്ല. പലരും പെരുംജീരകം ഒരു മൗത് ഫ്രഷ്‌നറായാണ് ഉപയോഗിക്കാറ്. പക്ഷേ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ശരീരത്തെയും മനസ്സിനെയും പുതുക്കുന്ന അത്ഭുതശക്തികളാണെന്ന് നിങ്ങൾക്കറിയാമോ?

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. നാരുകള്‍, വിറ്റാമിന്‍ സി, ഇ, കെ, കാത്സ്യം, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ്, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങി ആരോഗ്യത്തിന് ആവശ്യമുള്ള അനേകം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. ഹോര്‍മോണുകള്‍ക്ക് സന്തുലിതാവസ്ഥ നല്‍കും. മെറ്റബോളിസം മെച്ചപ്പെടുത്തും. വിശപ്പ് കുറയ്ക്കും. അതുവഴി ഭാരം കുറയ്ക്കാനും ഇത് സഹായകരമാകും.

ദഹനത്തിന് മികച്ചതാണ് പെരുജീരകം. പെരുംജീരകത്തില്‍ അനെത്തോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന എന്‍സൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കും. ഭക്ഷണത്തെ കാര്യക്ഷമായി ദഹിപ്പിക്കാനും ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

വായ്നാറ്റം തടയുന്നതും ഇതിന്റെ മേൻമയാണ്. പെരുംജീരകത്തിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിന് സഹായകമാകുന്നത്. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ രൂക്ഷഗന്ധമുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിനുശേഷം അല്‍പം ജീരകം ചവയ്ക്കുന്നത് വായ്നാറ്റം ഒഴിവാക്കാന്‍ സഹായിക്കും.

പെരുംജീരകം പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കും. ഇതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലൈന്‍ ഗുണങ്ങള്‍ വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഇത് നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്‌ലക്സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഉയര്‍ന്ന അളവില്‍ ഭക്ഷ്യനാരുകള്‍ ഉള്ളതിനാല്‍ ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.

അതിനാല്‍ അടുത്ത തവണ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം കൗണ്ടറിലുള്ള പെരുംജീരകം കാണുമ്പോള്‍ അത് വെറും അലങ്കാരം എന്ന് കരുതരുത്. അത് നിങ്ങളുടെ ദഹനം, രക്തസമ്മര്‍ദ്ദം, ഹൃദയം തുടങ്ങി എല്ലാത്തിനും കരുത്ത് പകരുന്ന ചെറിയൊരു ഹെല്‍ത്ത് ബൂസ്റ്റര്‍ ആണ്.

Latest