Ongoing News
ജെമിമ ജ്വലിച്ചു; ഫോമിലേക്കുയര്‍ന്ന് ഹര്‍മന്‍പ്രീതും; ഓസീസിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയ ജയം ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വന്തമാക്കിയത്.
നവി മുംബൈ | ജെമിമ റോഡ്രിഗ്‌സ് കൊടുങ്കാറ്റായി മാറിയ വനിതാ ലോകകപ്പിലെ അത്യന്തം ആവേശകരമായ സെമിയില്‍ കരുത്തരായ ആസ്‌ത്രേലിയയെ മുട്ടുകുത്തിച്ച് ഇന്ത്യ ഫൈനലില്‍. അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയ ജയം ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വന്തമാക്കിയത്. കളി അവസാനിക്കുമ്പോള്‍ ഒമ്പത് പന്ത് ബാക്കിയായിരുന്നു. കഴിഞ്ഞ തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഓസീസിനോട് വഴങ്ങേണ്ടി വന്ന തോല്‍വിക്കുള്ള മധുരതരമായ മറുപടി കൂടിയായി ഇന്ത്യയുടെ ധീരവനിതകള്‍ നേടിയ ഈ തകര്‍പ്പന്‍ വിജയം. കൂറ്റന്‍ സ്‌കോറിനെ പിന്തുടര്‍ന്നാണ് ഇന്ത്യ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 48.3 ഓവറില്‍ നേടിയ 338 റണ്‍സിനെയാണ് 49.5 ഓവറില്‍ ഇന്ത്യ മറികടന്നത്. സ്‌കോര്‍: ആസ്ത്രേലിയ-49.5 ഓവറില്‍ 338 ആള്‍ഔട്ട്. ഇന്ത്യ-48.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 341.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഒന്നാം സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ഇത് മൂന്നാം തവണയാണ് ഫൈനലിലെത്തുന്നത്. ഏഴ് തവണ ചാമ്പ്യന്മാരായ ടീമാണ് ആസ്ത്രേലിയ. വനിതാ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ 15 ജയങ്ങള്‍ക്ക് ശേഷമാണ് ആസ്‌ത്രേലിയ തോല്‍വി അറിയുന്നത്.
കത്തിക്കയറിയ ജെമിമ റോഡ്രിഗ്‌സ് പുറത്താകാതെ 134 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയ 127 റണ്‍സാണ് ഇന്ത്യയുടെ ഉജ്ജ്വല വിജയത്തിന് അടിത്തറയായത്. ഇന്ത്യന്‍ പോരാട്ട വീര്യത്തിന്റെ പ്രതീകമായി മാറിയ ജെമിമ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ മങ്ങിയ ഫോമിലായിരുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഈ മത്സരത്തില്‍ 88 പന്തില്‍ നേടിയ 89 റണ്‍സും ലക്ഷ്യം നേടുന്നതില്‍ ടീമിന് വലിയ സംഭാവനയേകി.
മൂന്ന് സിക്സും 17 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ജമിമയുടെ ഇന്നിംഗ്സ്. ജമിമക്കും ഹര്‍മന്‍പ്രീതിനും പുറമെ, റിച്ച ഘോഷ് (16 പന്തില്‍ 26), ദീപ്തി ശര്‍മ (17 പന്തില്‍ 24), സ്മൃതി മന്ഥാന (24 പന്തില്‍ 24) എന്നിവരുടെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ഓപണര്‍ ഷഫാലി വര്‍മയെ (പത്ത്) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും സ്മൃതി മന്ഥനയും ജമിമയും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. 59ല്‍ നില്‍ക്കെ മന്ഥനയുടെ അപ്രതീക്ഷിത പുറത്താകല്‍ ഇന്ത്യയെ ഉലച്ചു. മൂന്നാം വിക്കറ്റില്‍ ജമിമയും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് നേടിയ 167 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 226ല്‍ നില്‍ക്കെ ഹര്‍മന്‍പ്രീത് വീണു. പിന്നീട് ദീപ്തി ശര്‍മയും റിച്ച ഘോഷും റണ്‍റേറ്റ് താഴാതെ നോക്കി. റിച്ച ഘോഷ് പുറത്തായ ശേഷമെത്തിയ അമന്‍ജോത് കൗര്‍ (എട്ട് പന്തില്‍ 15) ജമിമക്ക് മികച്ച പിന്തുണ നല്‍കി.
ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേലിയ 49.5 ഓവറില്‍ 338 റണ്‍സിന് ആള്‍ഔട്ടായി. ഫീബി ലിച്്ഫീല്‍ഡിന്റെ മിന്നുന്ന സെഞ്ച്വറിയാണ് ഓസീസിനെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. 93 പന്തുകള്‍ നേരിട്ട താരം 119 റണ്‍സെടുത്തു. മൂന്ന് സിക്സും 17 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. എല്ലിസ് പെറി (88 പന്തില്‍ 77), ആഷ്്ലി ഗാര്‍ഡ്നര്‍ (45 പന്തില്‍ 63) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ബെത് മൂണി 22 പന്തില്‍ 24 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ അലീസ ഹീലിയെ (അഞ്ച്) തുടക്കത്തില്‍ തന്നെ മടക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ക്രാന്തി ഗൗഡിന്റെ പന്തില്‍ ഹീലി ബൗള്‍ഡായി മടങ്ങുമ്പോള്‍ ഓസീസ് സ്‌കോര്‍ 5.1 ഓവറില്‍ 25. രണ്ടാം വിക്കറ്റില്‍ ലിച്്ഫീല്‍ഡ്-എല്ലിസ് പെറി സഖ്യത്തിന്റെ ചെറുത്തുനില്‍പ്പാണ് വമ്പന്‍ ടോട്ടലിലെത്താന്‍ ഓസീസിന് ഇന്ധനമായത്. ഇരുവരും ചേര്‍ന്ന് 133 പന്തില്‍ 155 റണ്‍സെടുത്തു. 28ാം ഓവറില്‍ ഓസീസ് സ്‌കോര്‍ 180ല്‍ നില്‍ക്കെ ലിച്്ഫീല്‍ഡിനെ ബൗള്‍ഡാക്കി അമന്‍ജോത്് കൗര്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് എല്ലിസ് പെറിയുടെയും ആഷ്്ലി ഗാര്‍ഡ്നറുടെയും ഇന്നിംഗ്സിന്റെ ബലത്തിലാണ് ഓസീസ് സ്‌കോര്‍ ചലിച്ചത്. കിം ഗാരത് 17 റണ്‍സെടുത്തു. ദീപ്തി ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പെടെ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
ഇന്ത്യക്കു വേണ്ടി ശ്രീ ചരണി, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ് ഓരോ വിക്കറ്റെടുത്തു.
.




