Kerala
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരെ നടപ്പാക്കുന്നത് സാമ്പത്തിക ഉപരോധം: മുഖ്യമന്ത്രി പിണറായി വിജയന്‍
അര്‍ഹമായ വിഹിതവും വായ്പയും വെട്ടി കുറച്ചു വരിഞ്ഞു മുറുക്കി കേരളത്തിന്റ വികസന മാതൃകയെ തകര്‍ക്കുകയാണ് കേന്ദ്രം
തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരെ കൃത്യമായ സാമ്പത്തിക ഉപരോധമാണ് നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആകെ റവന്യു വരുമാനത്തിന്റെ 70 ശതമാനം സംസ്ഥാനം തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അര്‍ഹമായ വിഹിതവും വായ്പയും വെട്ടി കുറച്ചു വരിഞ്ഞു മുറുക്കി കേരളത്തിന്റ വികസന മാതൃകയെ തകര്‍ക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര വിഹിതത്തിലെ വിവേചനം ബജറ്റിനെ തന്നെ ബാധിക്കുന്നു. കിഫ്ബി, പെന്‍ഷന്‍ കമ്പനി വായ്പകളുടെ പേരില്‍ പൊതു കട പരിധിയില്‍ കുറവ് വരുത്തി. കേന്ദ്രത്തിന്റെ നെറ്റ് ബോറോവിങ്ങ് സീലിങ്ങ് 39,000 കോടിയാക്കി വെട്ടി കുറച്ചു. കേന്ദ്ര സമീപനം മൂലം ഒരു ലക്ഷത്തില്‍ പരം കോടി രൂപയുടെ വിഭവ നഷ്ടമാണ് സംഭവിച്ചത്. സുതാര്യമായി നടക്കുന്ന സംസ്ഥാന ലോട്ടറിയെ പോലും തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അക്കമിട്ട് നിരത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് വിശദമായ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നിഷേധാത്മക നിലപാടാണ് തുടര്‍ന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഒരു വശത്ത് വികസനത്തെ കുറിച്ച് സംസാരിക്കുന്ന കേന്ദ്രം മറുവശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി തളര്‍ത്താന്‍ ശ്രമക്കുന്ന ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും വിഭവ സമാഹാരത്തിലും വമ്പിച്ച കുതിപ്പ് ഉണ്ടാക്കാന്‍ എട്ട് വര്‍ഷം കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു. ചിട്ടയായ ധനമാനേജ്മെന്റിന്റെ ഫലമാണിത്. നമ്മള്‍ കഷ്ടപ്പെട്ട് നേടിയെടുത്ത പുരോഗതിയെ അപ്രസക്തമാക്കും വിധം അര്‍ഹമായ വിഹിതം നിഷേധിച്ചും കടം എടുപ്പ് പരിധി വെട്ടിക്കുറച്ചും സംസ്ഥാനത്തെ വരിഞ്ഞുമുറുക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.



