Kerala
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികള്‍ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് ഉപഹാരം നല്‍കിയതില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി
കേസുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ ധാരാളം പേര്‍ കോണ്‍ഗ്രസ് ബാന്ധവം ഉള്ളവരാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പിടിയിലായ മുഖ്യപ്രതികള്‍ക്ക് സോണിയാഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം തുറന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ ധാരാളം പേര്‍ കോണ്‍ഗ്രസ് ബാന്ധവം ഉള്ളവരാണെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി പലതരത്തിലുള്ള പ്രചാരണം കോണ്‍ഗ്രസ് നടത്തിയതുകൊണ്ടുമാത്രമാണ് ചിലകാര്യങ്ങള്‍ പറയേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ കക്ഷി രാഷ്ട്രീയം കാണാതെയാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കൊള്ള കേസില്‍ നിലവില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, പോറ്റി സ്വര്‍ണ്ണം വിറ്റ ഗോവര്‍ധന്‍ എന്ന ബല്ലാരി സ്വദേശിയായ വ്യാപാരി ഇവര്‍ രണ്ട് പേരും സോണിയാ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രം പുറത്തായിട്ടുണ്ട്. ഒരു ചിത്രത്തില്‍ ഗോവര്‍ധന്‍ സോണിയാ ഗാന്ധിക്ക് ഉപഹാരം സമര്‍പ്പിക്കുന്നു. രണ്ടാമത്തെ ചിത്രത്തില്‍ കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുടെ കൈയ്യില്‍ എന്തോ കെട്ടി കൊടുക്കുന്നു. ചിത്രത്തില്‍ ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ട എം പി ആന്റോ ആന്റണിയും പത്തനംതിട്ട ജില്ലക്കാരനും നിലവില്‍ ആറ്റിങ്ങല്‍ എം പിയുമായ അടൂര്‍ പ്രകാശും സോണിയാ ഗാന്ധിക്ക് ഒപ്പമുണ്ട്.
രാജ്യത്തെ തന്ത്ര പ്രധാന സുരക്ഷയുള്ള ഏതാനും ചിലരില്‍ ഒരാള്‍ ആണ് സോണിയാ ഗാന്ധി. അവരുടെ അപ്പോയിന്‍മെന്റ് ലഭിക്കാന്‍ ഉള്ള കാലതാമസത്തെ പറ്റി ഒരു പാട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരാതി പറഞ്ഞിട്ടുണ്ട്. ലീഡര്‍ എന്ന് കോണ്‍ഗ്രസുകാര്‍ വിളിക്കുന്ന കെ കരുണാകരന് പോലും സോണിയാ ഗാന്ധിയുടെ അപ്പോയിന്‍മെന്റ് ലഭിച്ചിരുന്നില്ല. ആസാം മുഖ്യമന്ത്രിയും പഴയ കോണ്‍ഗ്രസ് നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ ഗാന്ധി കുടുംബത്തിന്റെ അപ്പോയിന്‍മെന്റിന് ശ്രമിച്ചതും മടുത്തപ്പോള്‍ ബി ജെ പിയില്‍ ചേര്‍ന്നതും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി മുഴുവനായി ബി ജെ പി ആയി മാറിയതിന് പിന്നിലും ഈ അപ്പോയില്‍മെന്റ് ലഭിക്കാത്തത് ആണ് എന്ന വാര്‍ത്ത വന്നിരുന്നു.
രാജ്യത്തെ മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും എളുപ്പത്തില്‍ ലഭിക്കാത്ത സോണിയാ ഗാന്ധിയുമായുള്ള അപ്പോയിന്‍മെന്റ് ഈ സ്വര്‍ണക്കേസ് പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു എന്നു വ്യക്തമാക്കണം. സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇവരെയും വിളിച്ചുകൊണ്ട് പോകാന്‍ മാത്രം അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും എന്ത് തരം ബന്ധം ആണ് ഈ പോറ്റിയുമായും ഗോവര്‍ധനനുമായും ഉള്ളതെന്നും വ്യക്തമാവണം. യു ഡി എഫ് ഭരണകാലത്ത് ശബരിമലയില്‍ നടന്ന പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഈ പോറ്റിയും ഗോവര്‍ധനും എങ്ങനെ പ്രധാന പങ്കാളികള്‍ ആയി എന്ന ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും ജനങ്ങളോട് മറുപടി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയറ്റ് പരിസരസത്ത് ശബരിമലയുടെ ആംബുലന്‍സ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പോറ്റി തന്നോടൊപ്പം നില്‍ക്കുന്ന ചിത്രം പോലെയല്ല സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച ചിത്രമെന്നും പിണറായി പറഞ്ഞു.
‘പോറ്റിയെ കേറ്റിയെ’ എന്ന യു ഡി എഫിന്റെ തിരഞ്ഞെടുപ്പു ഗാനത്തിനെതിരെ കേസ് എടുത്തത് സര്‍ക്കാര്‍നയമല്ല. പരാതിയില്‍ പോലീസ് കേസെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നും പിണറായി പറഞ്ഞു. ഒരു പരാതി ചെന്നാല്‍ കേസെടുത്തിട്ടുണ്ടാകും, പക്ഷേ പിന്നീട് സര്‍ക്കാരിന്റെ നയമാണ് നടപ്പാക്കുക. കേസ് കേസിന്റെ വഴിക്ക് പോകും. സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ കൃത്യമായ നയമുണ്ട്. ആ നയം ഇത് പോലുള്ള കാര്യങ്ങളെ കേസുകൊണ്ട് നേരിടുക എന്നതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് അല്ലെന്നും തിരുത്തല്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിവാദം എല്‍ ഡി എഫിന് എതിരല്ല. കോണ്‍ഗ്രസ്സും ബി ജെ പിയും ശബരിമലയുമായി ബന്ധപ്പെട്ട് വലിയ തോതില്‍ പ്രചാരണം നടത്തി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. തട്ടിപ്പില്‍ ശക്തമായ നടപടി സ്വീകരിച്ചു. ഹൈക്കോടതി നിയോഗിച്ച എസ് ഐ ടിയെ സര്‍ക്കാര്‍ പിന്തുണച്ചു. എസ് ഐ ടി വന്നപ്പോള്‍ സി ബി െഎക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എസ് ഐ ടി ഫലപ്രദമായി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


