Kerala
ചേളാരിയിലും നെട്ടൂരും തീപ്പിടിത്തം; രണ്ടിടത്തും ഹരിതകര്‍മയുടെ ശേഖരത്തില്‍ നിന്നു തീ പടര്‍ന്നു
നെട്ടൂരില്‍ പാര്‍ക്കുചെയ്തിരുന്ന രണ്ടു കാറുകള്‍ കത്തിനശിച്ചു
മലപ്പുറം | മേലെ ചേളാരിയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ഷെഡിന് തീപിടിച്ചു. താനൂരില്‍ നിന്നുള്ള യൂണിറ്റിനു പുറമേ തിരൂരില്‍ നിന്നും മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണച്ചു. ഹരിതകര്‍മസേന കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം.
എറണാകുളം നെട്ടൂരില്‍ ആളൊഴിഞ്ഞ ഫ്‌ളാറ്റിന് സമീപമുള്ള കെട്ടിടത്തിനടിയില്‍ തീപിടിച്ച് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ കത്തിനശിച്ചു. നെട്ടൂര്‍ പാറയില്‍ അന്‍വറിന്റെ മാരുതി സെന്‍ കാര്‍, അമ്പലത്ത് വീട് റിയാസിന്റെ മഹീന്ദ്ര സൈലോ കാറുമാണ് കത്തിനശിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മരട് നഗരസഭയിലെ പുതിയ 29-ാം ഡിവിഷനിലെ ഹരിത കര്‍മസേന സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. നിമിഷ നേരം കൊണ്ടാണ് തീ വ്യാപിച്ചത്. സാമൂഹികവിരുദ്ധര്‍ തീ ഇട്ടതാകാമെന്നാണ് സംശയം. പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണ്.



