Kerala
യു പി മോഡലുമായി കേരള ഗവര്‍ണറും; ലോക് ഭവന്‍ ജീവനക്കാര്‍ക്ക് ക്രിസ്തുമസ് അവധിയില്ല
അടല്‍ ബിഹാരി വാജ്‌പേയ് യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ലോക് ഭവന്‍ നിര്‍ദ്ദേശിച്ചു
തിരുവനന്തപുരം | ഉത്തര്‍ പ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ പോലെ കേരളാ ഗവര്‍ണറും ലോക് ഭവനിലും ജീവനക്കാര്‍ക്ക് ക്രിസ്തുമസ് അവധി എടുത്തുകളഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയ് യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ലോക് ഭവന്‍ നിര്‍ദ്ദേശിച്ചു.
നാളെ എല്ലാവരും ഹാജരാകണമെന്ന് ലോക്ഭവന്‍ കണ്‍ട്രോളുറുടെ ഉത്തരവില്‍ പറയുന്നു. യു പിയില്‍ ക്രിസ്മസ് അവധി നിഷേധിച്ച് വാജ്‌പേയ് ജന്മദിനാഘോഷം നടത്താനുള്ള തീരുമാനം വിവാദമായിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡിസംബര്‍ 25ന് ഉത്തര്‍പ്രദേശില്‍ സ്‌കൂളുകള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കാനും ഈ പരിപാടികളില്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യം നിര്‍ബന്ധമാണെന്നും യു പി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
കേരളത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി പത്ത് ദിവസത്തെ അവധിയാണ് നല്‍കിവരുന്നത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഡിസംബര്‍ 24-ന് അടയ്ക്കുകയും ജനുവരി അഞ്ചിന് തുറക്കുകയും ചെയ്യും.



