National
യാത്രക്കാരുടെ കുറവ്: രണ്ട് വന്ദേ ഭാരത് സർവീസുകൾ നിർത്തി
ഇവയ്ക്ക് പകരമായി ഉദയ്പൂര്‍ - അസര്‍വ (അഹമ്മദാബാദ്) സര്‍വീസ് ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
ന്യൂഡല്‍ഹി| യാത്രക്കാരുടെ കുറവ് മൂലം രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. രാജ്യത്തെ ആദ്യ സര്‍വീസുകളായ ഉദയ്പൂര്‍ – ജയ്പൂര്‍, ഉദയ്പൂര്‍ – ആഗ്ര റൂട്ടുകളിലാണ് സര്‍വീസ് നിര്‍ത്തിയത്. ഇവയ്ക്ക് പകരമായി ഉദയ്പൂര്‍ – അസര്‍വ (അഹമ്മദാബാദ്) സര്‍വീസ് ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
രാജ്യത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 82 വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കേരളത്തിലെ മൂന്ന് ട്രെയിനുകളാണ് മുന്നില്‍. ഇവയില്‍ ഏകദേശം 200 ശതമാനം വരെ ഒക്യുപ്പന്‍സി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മൊത്തം കണക്കെടുത്താല്‍ പകുതിയോളം വന്ദേ ഭാരത് സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞ നിലയിലാണ്. 30-ലധികം ട്രെയിനുകളില്‍ സീറ്റുകള്‍ കാലിയാകുന്നുവെന്നാണ് വിലയിരുത്തല്‍.
അതേസമയം, കേരളത്തിന് അനുവദിച്ച ബംഗളൂരു – തിരുവനന്തപുരം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കോട്ടയം വഴിയായിരിക്കുമെന്ന സൂചനയുണ്ട്. രാത്രി 7.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 7.30ന് ബംഗളൂരുവിലെത്തുന്ന രീതിയിലായിരിക്കും സമയക്രമം. 16 എസി കോച്ചുകളുള്ള ട്രെയിനില്‍ തേര്‍ഡ് എസി 2,300, സെക്കന്റ് എസി 3,000, ഫസ്റ്റ് എസി 3,600 എന്നിങ്ങനെയാണ് ഏകദേശ നിരക്കുകള്‍. ആര്‍ എ സി അല്ലെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് സൗകര്യം ഉണ്ടായിരിക്കില്ല. ഇക്കാര്യത്തില്‍ റെയില്‍വേ ബോര്‍ഡ് ഉടന്‍ അന്തിമ തീരുമാനം കൈക്കൊള്ളും.




