Connect with us

Kerala

രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ കേരളത്തിലും തല പൊക്കുന്നത് അംഗീകരിക്കില്ല: മുഖ്യമന്ത്രി

പാലക്കാട് വാളയാറില്‍ നടന്ന ആള്‍ക്കൂട്ട കൊലക്ക് ഇരയായ അതിഥി തൊഴിലാളിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കും

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ കേരളത്തിലും തല പൊക്കുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് വാളയാറില്‍ നടന്ന ആള്‍ക്കൂട്ട കൊലക്ക് ഇരയായ അതിഥി തൊഴിലാളിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മത പരിവര്‍ത്തനം ആരോപിച്ചാണ് ബി ജെ പി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും മധ്യപ്രദേശിലെ ജബല്‍ പൂരില്‍ സംഘര്‍ഷമുണ്ടാക്കിയത്. ഡല്‍ഹിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. ഒഡിഷയില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ വില്‍ക്കാനെത്തിയവര്‍ക്ക് നേരെയും ഭീഷണിയുണ്ടായി. മധ്യപ്രദേശില്‍ പ്രാര്‍ഥനാ സംഘത്തെ അക്രമിച്ചെന്നും പരാതി.

കേരളത്തിലും മാനവികതക്കെതിരായ ഇത്തരം ശക്തികള്‍ തലപൊക്കുന്നതായി കണ്ടുവരുന്നു. പാലക്കാട്ട് കരോള്‍ സംഘത്തെ അക്രമിക്കാന്‍ ശ്രമിച്ചു. സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം റദ്ദാക്കി. കേരളത്തിന്റെ പാരമ്പര്യത്തിനെതിരായി ഛിദ്രശക്തികള്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് വാളയാറില്‍ നടന്ന ആള്‍ക്കൂട്ട കൊല ഹീനമാണെന്നും അതിന് പിന്നിലുള്ളവരെ പുറത്തു കൊണ്ടു വന്നെന്നും പിണറായി വിജയന്‍ പറഞ്ഞു. അപര വിദ്വേഷത്തിന്റ ആശയത്തില്‍ ആകൃഷ്ടരായവര്‍ ആണ് പിന്നില്‍. യു പി മോഡല്‍ അക്രമം കേരളത്തിലും പറിച്ചു നടാന്‍ ആണ് ശ്രമം നടന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ എന്ന് ചാപ്പ കുത്തിയാണ് കൊല നടന്നത്. ഇത്തരം ചാപ്പ കുത്തല്‍ കേരളം അനുവദിക്കില്ല. കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ തകര്‍ക്കുന്ന ആര്‍ എസ് എസ് നയിക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ ഒരുമിച്ച് ശബ്ദം ഉയര്‍ത്താന്‍ കേരളത്തിലെ പ്രതിപക്ഷം സഹകരിക്കുന്നില്ല. പാര്‍ലമെന്റില്‍ യു ഡി എഫ് എം പിമാര്‍ പ്രശ്‌നം ഉന്നയിക്കുന്നില്ല. കേന്ദ്രത്തെ സഹായിക്കുന്ന രീതിയിലാണ് യു ഡി എഫ് എം പിമാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ് ഐ ആര്‍ കരട് പട്ടികയില്‍ 19 ലക്ഷത്തോളം പേര്‍ പുറത്തായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തവര്‍ പോലും ഒഴിവാക്കപ്പെടുന്നു. ചില ബൂത്തില്‍ വ്യാപകമായ പുറത്താക്കല്‍ നടന്നു. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പെടാത്തവര്‍ക്ക് ആയി സര്‍ക്കാര്‍ വില്ലേജ് ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങും. രണ്ട് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ഉന്നതികളില്‍ നേരിട്ട് എത്തുമെന്നും ആവശ്യമായ സഹായം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഫോട്ടോ പതിച്ച നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ട് വരുമെന്നും ഇതിന് നിയമ പ്രാബല്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest