Kerala
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കും
ക്രിസ്മസ് ആഘോഷങ്ങള്‍ക്കുനേരെ രാജ്യത്ത് ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ സഭകള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം
ന്യൂഡല്‍ഹി | ക്രിസ്മസ് ആഘോഷം നടക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കും. ക്രിസ്മസ് ദിനത്തില്‍ രാവിലെ എട്ടരയ്ക്കുള്ള പ്രാര്‍ഥന ചടങ്ങ് നടക്കുന്ന സമയത്താണ് മോദി പള്ളിയില്‍ എത്തുക.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കുനേരെ രാജ്യത്ത് ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലാവശ്യപ്പെട്ട് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.
സി എന്‍ ഐ ആസ്ഥാനമായ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷനിലാണ് മോദിയുടെ സന്ദര്‍ശനം. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള നേതാക്കള്‍ ഒപ്പമുണ്ടാകും. ബി ജെ പി ദേശീയ അധ്യക്ഷനും നാളെ ക്രൈസ്തവര്‍ക്കൊപ്പം ആഘോഷ പരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയിലെ ന്യൂഡല്‍ഹി ചാപ്ലിനില്‍ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരിപാടി.
ഭയം കൂടാതെ ക്രിസ്മസ് ആഘോഷിക്കാനായി പ്രധാനമന്ത്രി നിയമപാലനം ഉറപ്പാക്കണമെന്ന് സി ബി സി ഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. അക്രമം അവസാനിപ്പിച്ചിട്ട് വേണം നരേന്ദ്ര മോദി നാളെ പള്ളിയില്‍ പോകാനെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. വിഷയത്തില്‍ ബിജെപി നേതാക്കള്‍ മൗനം തുടരുകയാണ്. ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യം ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെടണമെന്നാണ് ക്രൈസ്തവ സഭാ നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.



