Kerala
പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി വീടിനുള്ളില്‍ കഞ്ചാവ് തോട്ടം; വലിയതുറ സ്വദേശി പിടിയില്‍
കഞ്ചാവ് ചെടികള്‍ക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി പ്രത്യേക ഫാനടക്കം മുറിയില്‍ സജ്ജീകരിച്ചിരുന്നു
തിരുവനന്തപുരം | വീടിനുള്ളിലെ കഞ്ചാവ് തോട്ടം പിടികൂടി പോലീസ്. തിരുവനന്തപുരം വലിയതുറയിലാണ് വീട്ടിനുള്ളില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് വളര്‍ത്തിയത്. വലിയതുറ സ്വദേശി ധനുഷിനെയാണ് സിറ്റി ഷാഡോ പോലിസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് ചെടികള്‍ക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി ഫാനടക്കം മുറിയില്‍ പ്രത്യേകം സജ്ജീകരണങ്ങളോടെയായിരുന്നു ധനുഷിന്റെ കഞ്ചാവ് വളര്‍ത്തല്‍. പിടിയിലായ ധനുഷ് എം ഡി എം എ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
അതിനിടെ, തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട നടന്നു. തിരൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ആര്‍ പി എഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.
പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. തിരൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കാര്‍ത്തികേയന്‍ പി, ആര്‍ പി എഫ് സബ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടത്തിയത്.



