Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; പാളികള്‍ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി
സാമ്പിളുകള്‍ ശേഖരിക്കാന്‍ എസ്ഐടിക്ക് കോടതി നിര്‍ദേശം നല്‍കി.
കൊച്ചി| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പാളികള്‍ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി. വിഎസ്എസ്സിയില്‍ നടത്തിയ പരിശോധനാഫലത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പരിശോധന നടത്തണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ എസ്ഐടിക്ക് കോടതി നിര്‍ദേശം നല്‍കി. ഫെബ്രുവരി 12ന് എസ്‌ഐടി സാമ്പിള്‍ ശേഖരിക്കും. തുടര്‍ന്ന് മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റിലെ ദേശീയ മെത്തഡോളജിക്കല്‍ ലബോറട്ടറിയിലായിരിക്കും പരിശോധന. പരിശോധനയിലൂടെ സ്വര്‍ണത്തിന്റെ കാലപ്പഴക്കത്തിലും കൃത്യത അറിയും.
989 ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണം ശബരിമലയില്‍ നിന്ന് നഷ്ടമായെന്ന് വിഎസ്എസ്സിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ 989 ഗ്രാം സ്വര്‍ണം ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശി എന്നായിരുന്നു പ്രതികള്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ ഇത് കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് വിഎസ്എസ്സി പരിശോധനാ ഫലം. പുറത്ത് വന്നതിനേക്കാള്‍ വ്യാപ്തിയിലുള്ള സ്വര്‍ണ്ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പരിശോധനാ ഫലം. ഈ കണക്ക് ഹൈക്കോടതിക്ക് കൈമാറിയതിന് പിന്നാലെയാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനായാണ് വിഎസ്എസ്സി രണ്ടാം തവണ പരിശോധന നടത്തിയത്. എന്നാല്‍ കൊള്ളയെക്കുറിച്ച് പ്രതികള്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്ന ഫലമായിരുന്നു വിഎസ്എസ്സിയില്‍ നിന്ന് പുറത്തുവന്നത്.
അതേസമയം, വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ദേവസ്വം ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ചു. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും.




