International
37 വർഷത്തെ കീഴ്‌വഴക്കം ലംഘിച്ച് ഖാംനഈ; വ്യോമസേനാ കമാൻഡർമാരുടെ യോഗത്തിൽ പങ്കെടുത്തില്ല
ഇറാന് മേൽ യു എസ് സൈനിക ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, സുരക്ഷാ കാരണങ്ങളാലോ അല്ലെങ്കിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര കാര്യങ്ങളിൽ വ്യാപൃതനായതിനാലോ ആകാം അദ്ദേഹം വിട്ടുനിന്നതെന്ന് കരുതപ്പെടുന്നു
ടെഹ്റാൻ | ഗൾഫ് മേഖലയിൽ യു എസ് സൈനിക സാന്നിധ്യം ശക്തമാകുന്നതിനിടെ, 37 വർഷത്തെ കീഴ്‌വഴക്കം ലംഘിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ വ്യോമസേനാ കമാൻഡർമാരുടെ വാർഷിക യോഗത്തിൽ നിന്ന് വിട്ടുനിന്നു. 1989-ൽ നേതൃത്വം ഏറ്റെടുത്ത ശേഷം കോവിഡ് മഹാമാരിയുടെ സമയത്ത് പോലും മുടങ്ങാതെ പങ്കെടുത്തിരുന്ന ഫെബ്രുവരി 8-ലെ നിർണ്ണായക യോഗത്തിലാണ് ഇത്തവണ അദ്ദേഹം എത്താതിരുന്നത്. ഇറാൻ ഇന്റർനാഷണൽ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 1979 ഫെബ്രുവരി 8-ന് ഒരു കൂട്ടം വ്യോമസേനാ ഉദ്യോഗസ്ഥർ റൂഹുള്ള ഖൊമേനിയോട് കൂറ് പ്രഖ്യാപിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. ഇത്തവണ ഖാംനഈക്ക് പകരം സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൽറഹീം മൂസവിയാണ് കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തിയത്.
മേഖലയിൽ യു എസ് – ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഖാംനഈയുടെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇറാന് മേൽ യു എസ് സൈനിക ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, സുരക്ഷാ കാരണങ്ങളാലോ അല്ലെങ്കിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര കാര്യങ്ങളിൽ വ്യാപൃതനായതിനാലോ ആകാം അദ്ദേഹം വിട്ടുനിന്നതെന്ന് കരുതപ്പെടുന്നു. ഇറാന് നേരെ യു എസ് ആക്രമണം നടത്തിയാൽ അത് മധ്യേഷ്യയിലാകെ പടരുന്ന വലിയ യുദ്ധത്തിന് കാരണമാകുമെന്ന് ടെഹ്റാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 2025 ജൂണിൽ നടന്ന 12 ദിവസത്തെ ഇറാൻ – ഇസ്റാഈൽ യുദ്ധത്തിന് ശേഷവും മേഖലയിൽ സമാധാനം പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
മിസൈൽ ശേഖരത്തെക്കുറിച്ചുള്ള ചർച്ചകളിൽ അമേരിക്ക ഉറച്ചുനിൽക്കുന്നതും ആണവ പദ്ധതിയെക്കുറിച്ച് മാത്രം സംസാരിക്കാമെന്ന ഇറാൻ നിലപാടും ചർച്ചകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതോടെ സൈനിക നീക്കത്തിനുള്ള സാധ്യതകൾ വീണ്ടും വർദ്ധിച്ചു. ജനുവരി അവസാനം യു എസ് വിമാനവാ ഹിനി നിക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കൺ അറബിക്കടലിൽ എത്തിയതും ജോർദാനിലെ സൈനിക താവളത്തിൽ യു എസ് യുദ്ധവിമാനങ്ങൾ വിന്യസിച്ചതും ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഇതിന് പുറമെ സൂയസ് കനാൽ വഴിയുള്ള യു എസ് യുദ്ധക്കപ്പലുകളുടെ നീക്കവും നിരീക്ഷണ ഡ്രോണുകളുടെ സാന്നിധ്യവും മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.





