Kerala
തിരുവനന്തപുരം ജവഹര്‍ നഗര്‍ ഭൂമി തട്ടിപ്പ് കേസ്; സബ് രജിസ്ട്രാര്‍ അറസ്റ്റില്‍
ഭൂമി തട്ടിപ്പിന് കൂട്ടുനിന്നുകൊടുത്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സബ് രജിസ്ട്രാര്‍ ലക്ഷ്മിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്
തിരുവനന്തപുരം| തിരുവനന്തപുരത്ത് വിദേശ മലയാളിയുടെ ജവഹര്‍ നഗറിലെ ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത സംഭവത്തില്‍ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ലക്ഷ്മിയെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. പത്ത് കോടിയിലധികം രൂപ വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് കേസ്. അനന്തപുരി മണികണ്ഠന്‍, വ്യവസായി അനില്‍ തമ്പി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
യു കെയില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് ഭൂമിയും 6,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും വ്യാജരേഖയുണ്ടാക്കി ആള്‍മാറാട്ടത്തിലൂടെ വെണ്ടറായ മണികണ്ഠന്‍ അനില്‍ തമ്പിക്ക് കൈവശപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ഇതിന് രണ്ടുകോടി രൂപ മണികണ്ഠന്റെയും ഒരു കോടി രൂപ ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കൈമാറി. മുന്‍കൂറായി 40 ലക്ഷം രൂപയും കൈപ്പറ്റി. ഇതുപയോഗിച്ച് മണികണ്ഠന്‍ കടങ്ങള്‍ വീട്ടുകയും പുതിയ വീടിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.
ഭൂമി തട്ടിപ്പിന് കൂട്ടുനിന്നുകൊടുത്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സബ് രജിസ്ട്രാര്‍ ലക്ഷ്മിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡോറയായി ആള്‍മാറാട്ടം നടത്തിയ വട്ടപ്പാറ സ്വദേശി വസന്ത, ഡോറയുടെ ചെറുമകളെന്ന പേരില്‍ രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായ പുനലൂര്‍ സ്വദേശി മെറിന്‍ ജേക്കബ്, ആള്‍മാറാട്ടത്തിന് സഹായിച്ച സുനില്‍, വെണ്ടര്‍ മണികണ്ഠന്‍, സഹോദരന്‍ മഹേഷ്, സെയ്മാലി എന്നിവരടക്കം എട്ടുപേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.




