Kerala
വി സി നിയമനം; സമവായത്തിന് ഗവര്‍ണര്‍ തന്നെ രണ്ടു തവണ വിളിച്ചെന്നും അതാണു പോയതെന്നും മുഖ്യമന്ത്രി
സര്‍വകലാശലകളെ സംഘര്‍ഷ കേന്ദ്രമായി കാണാനല്ല ബഹു ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്
തിരുവനന്തപുരം | വി സി നിയമനത്തില്‍ സമവായത്തിന് ഗവര്‍ണര്‍ തന്നെ രണ്ടു തവണ വിളിച്ചെന്നും ഗവര്‍ണര്‍ വിളിച്ചത് അനുസരിച്ചാണ് സംസാരിക്കാന്‍ പോയതെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍. ഇത്തരം കാര്യങ്ങളില്‍ സമവായം ഉണ്ടാകണം എന്ന അഭിപ്രായമാണ് സര്‍ക്കാരിനും ഉള്ളത്.
സുപ്രീംകോടതിയുടെ നിര്‍ദേശം വന്നപ്പോള്‍ അതിന്ന് അനുകൂലമായി പ്രതികരിച്ചു.ഗവര്‍ണര്‍ വിളിക്കുമ്പോള്‍ മുട്ടാപ്പോക്ക് സമീപനം സ്വീകരിക്കുന്നത് ശരിയല്ല. സര്‍വകലാശാല വിസിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിങ്ങളുമായി സംസാരിക്കേണ്ടതുണ്ട് എന്ന് ഗവര്‍ണര്‍ പറഞ്ഞു. കണ്ടപ്പോള്‍ സമവായത്തിന് അദ്ദേഹം തയാറായി. സര്‍വകലാശലകളെ സംഘര്‍ഷ കേന്ദ്രമായി കാണാനല്ല ബഹു ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. സമവായം ഉണ്ടാക്കിയത് സര്‍വകലാശാലകള്‍ക്ക് ഗുണകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഭാഗമായ യൂനിവേഴ്‌സിറ്റികള്‍ ശാന്തമായ അന്തരീക്ഷത്തില്‍ പോകണം. അതിന് ഈ നില തന്നെ തുടര്‍ന്നു സ്വീകരിച്ചു പോകണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അത് അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ തന്റെ കാറില്‍ കയറിയത് മഹാ അപരാധമായി ചിത്രീകരിക്കാന്‍ ചില ശ്രമിക്കുന്നു. പമ്പയിലേക്ക് ഇറങ്ങുമ്പോഴാണ് വെള്ളാപ്പള്ളി കാണാന്‍ വരുന്നത്. അപ്പോഴാണ് കാറില്‍ കയറ്റിയത്. അതില്‍ മഹാ തെറ്റായി എന്താണു പറയാന്‍ കഴിയുക. അതില്‍ ഞാന്‍ അപാകത കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



