Connect with us

National

ഉന്നാവ് ബലാത്സംഗ കേസ്: പ്രതിയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സി ബി ഐ സുപ്രീം കോടതിയിലേക്ക്

ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അന്വേഷണ ഏജന്‍സി പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പി മുന്‍ നേതാവ് പ്രതിയായ ഉന്നാവ് ബലാത്സംഗ കേസില്‍ സി ബി ഐ സുപ്രീം കോടതിയിലേക്ക്. പ്രതിയും മുന്‍ എം എല്‍യുമായ കുല്‍ദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അന്വേഷണ ഏജന്‍സി പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ വിധി ചോദ്യം ചെയ്ത് സേംഗര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാകും വരെയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സേംഗറിന്റെ അപ്പീല്‍ ജനുവരി 16ന് ഹൈക്കോടതി പരിഗണിക്കും.

15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെയും തത്തുല്യമായ മൂന്ന് ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2017 ജൂണ്‍ 11നും 20നുമിടയില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് 60,000 രൂപക്ക് വില്‍ക്കുകയും ചെയ്തെന്നാണ് കേസ്. അലഹബാദ് ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് പോക്സോ കേസില്‍ സേംഗര്‍ അറസ്റ്റിലായത്.

 

Latest