Connect with us

articles

കേന്ദ്ര പദ്ധതികള്‍ക്ക് കേരളത്തിന്റെ ബദല്‍ വഴികൾ

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിരിക്കും സമഗ്ര ശിക്ഷ പദ്ധതിയെന്ന അറിയിപ്പ് 2022ലാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനും ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കുക എന്ന നിബന്ധന മുന്നോട്ടുവെച്ചു. കോണ്‍ഗ്രസ്സ് ഭരിക്കുന്നതും ഭരിച്ചിരുന്നതുമായ സംസ്ഥാനങ്ങളുള്‍പ്പെടെ ഒറ്റയടിക്ക് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എന്നാല്‍ കേരളം ഓരോ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാറിന്റെ സമീപനത്തെ വിമര്‍ശിച്ചു, കേരളത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിലപാട് സ്വീകരിച്ചു.

Published

|

Last Updated

ഡോ. ഷിജൂഖാൻ

ജനങ്ങളുയര്‍ത്തുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്യുക എന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സവിശേഷതയാണ്. മതനിരപേക്ഷതയെ സംരക്ഷിക്കലാണ് തങ്ങളുടെ ഉറച്ച നിലപാടെന്ന് പ്രഖ്യാപിക്കുന്ന പിണറായി സര്‍ക്കാര്‍ ജനാധിപത്യ ഇന്ത്യക്ക് അഭിമാനമാണ്. വിയോജിക്കുന്നവരോട് സംവദിച്ചും സംവദിക്കുന്നവരെ ചേര്‍ത്തുപിടിച്ചും മനോഹരമായ മാതൃകകള്‍ സൃഷ്ടിക്കുകയാണ്. സാംസ്‌കാരിക പുരോഗതി, സുസ്ഥിര വികസനം, മതമൈത്രി, ജനകീയ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം യോജിക്കാവുന്ന സര്‍വ മനുഷ്യരുമായും കൈകോര്‍ക്കുകയാണ്.

പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രം സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിവ്യൂ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. വിഷയം പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏഴംഗ ഉപസമിതി രൂപവത്കരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാണ്. കെ രാജന്‍, പി പ്രസാദ്, റോഷി അഗസ്റ്റിന്‍, പി രാജീവ്, എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എന്നീ മന്ത്രിമാര്‍ അംഗങ്ങളാണ്. ഉപസമിതി റിപോര്‍ട്ട് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് പി എം ശ്രീ നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്ര സര്‍ക്കാറിനെ കത്ത് മുഖേന അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസവും ഫെഡറലിസവും
യൂനിയന്‍ സര്‍ക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്തായിരിക്കണമെന്നും അധികാര വിഭജനം എങ്ങനെയായിരിക്കണമെന്നും ഭരണഘടന വ്യക്തമാക്കുന്നു. ഫെഡറല്‍ സ്റ്റേറ്റുകള്‍ എന്നാല്‍, യൂനിയന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ നിയമനിര്‍മാണം നടത്തുക എന്നല്ല അര്‍ഥം. സംസ്ഥാനങ്ങള്‍ക്ക് സ്വയമേവ അധികാരങ്ങളുണ്ട്, അവ ഭരണഘടനാദത്തവുമാണ്. എന്നാല്‍ യൂനിയനില്‍ നിന്ന് വേര്‍പ്പെട്ട അസ്തിത്വം സംസ്ഥാനങ്ങള്‍ക്ക് ഇല്ല. ഭരണഘടന രൂപം കൊള്ളുമ്പോള്‍ ഏഴാം ഷെഡ്യൂളില്‍ രണ്ടാം പട്ടികയില്‍ സ്റ്റേറ്റ് ലിസ്റ്റിലായിരുന്നു വിദ്യാഭ്യാസം. എന്നാല്‍ അടിയന്തരാവസ്ഥാ കാലയളവില്‍, 42ാം ഭരണഘടനാ ഭേദഗതിയിലൂടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇന്ന് മോദി സര്‍ക്കാര്‍, കണ്‍കറന്റ് ലിസ്റ്റിന്റെ ബലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുമ്പോള്‍, ഭരണഘടനാ ഭേദഗതി നടത്തിയത് ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസ്സ് സര്‍ക്കാറുമാണെന്ന് മറന്നുപോകരുത്.

ഡോ. കെ കസ്തൂരിരംഗന്‍ കമ്മിറ്റി തയ്യാറാക്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2020ല്‍ ദേശീയ വിദ്യാഭ്യാസ നയം പ്രാബല്യത്തില്‍ വരുന്നത്. 1968ലും 1986ലും വിദ്യാഭ്യാസ നയം നടപ്പാക്കിയിരുന്നു. രാജീവ് ഗാന്ധി സര്‍ക്കാറിന്റെ കാലത്ത് (1986) അവതരിപ്പിച്ച നയമാണ് വിദ്യാഭ്യാസ മേഖലയില്‍ വാണിജ്യവത്കരണത്തിന് ആക്കം കൂട്ടുന്നത്. നരസിംഹ റാവു പ്രധാനമന്ത്രിയായ ശേഷം 1991ല്‍, വിദ്യാഭ്യാസ നയം പരിഷ്‌കരിച്ചത് പുത്തന്‍ സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റമായിരുന്നു. 2001ല്‍ എ ബി വാജ്പയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എന്‍ ഡി എ സര്‍ക്കാര്‍ നിയമിച്ച അംബാനി-ബിര്‍ല കമ്മീഷന്‍, വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചു. രണ്ടാം യു പി എ സര്‍ക്കാര്‍ വാണിജ്യവത്കരണം ശക്തിപ്പെടുത്തി. 2014ല്‍ മോദി സര്‍ക്കാര്‍ വന്നതിനു ശേഷം വിദ്യാഭ്യാസ രംഗത്ത് വര്‍ഗീയവത്കരണം നടപ്പാക്കാന്‍ തുടങ്ങി. എന്‍ സി ഇ ആര്‍ ടി, യു ജി സി, എ ഐ സി ടി ഇ, കേന്ദ്ര സര്‍വകലാശാലകള്‍, ഐ സി എച്ച് ആര്‍ സംഘ്പരിവാര്‍ സഹയാത്രികരുടെ പിടിയലമര്‍ന്നു.

2020ല്‍ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് സംസ്ഥാനങ്ങളുടെ താത്പര്യങ്ങളും അഭിപ്രായങ്ങളും മാനിക്കാതെയും ഏകപക്ഷീയവുമായാണ്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ രാജ്യം ആര്‍ജിക്കേണ്ട ചില നേട്ടങ്ങളെ സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്. 2030ല്‍ ഇന്ത്യയിലെ എല്ലാ കുട്ടികളെയും ഒന്നാം ക്ലാസ്സില്‍ എത്തിക്കണമെന്നും ജി ഇ ആര്‍ 100 ശതമാനം ആക്കണമെന്നും വിവരിക്കുന്നു. എന്നാല്‍ കേരളം 20 വര്‍ഷം മുമ്പ് നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും.

കേരളത്തിന്റെ പ്രതിരോധം
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം രാജ്യത്തെ അക്കാദമിക സമൂഹത്തെ വിസ്മയിപ്പിക്കുന്നതാണ്. കിഫ്ബി, ഇതര സ്രോതസ്സുകള്‍ എന്നിവയിലൂടെ 5,000 കോടിയിലധികം രൂപ വിദ്യാഭ്യാസ രംഗത്ത് വിന്യസിച്ചു. പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, അത്യാധുനിക ലാബുകള്‍, ലൈബ്രറികള്‍, കളിസ്ഥലങ്ങള്‍ എന്നിവ സജ്ജമാക്കി. 518 മികവുറ്റ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്രം അധ്യാപക- അനധ്യാപക തസ്തികകളില്‍ 80,887 നിയമനം നടത്തി. അക്കാദമിക ഗുണനിലവാരം വര്‍ധിപ്പിക്കലാണ് വിദ്യാകിരണത്തിലൂടെ സാധ്യമാക്കുന്നത്.

വിദ്യാഭ്യാസ രംഗത്ത് ഫെഡറലിസത്തെ തകര്‍ക്കാനും കാവിവത്കരണം നടപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോഴൊക്കെ അതിശക്തമായി പ്രതിരോധിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. എന്‍ ഇ പി നിലവിലുള്ളപ്പോള്‍ തന്നെ, നമ്മുടെ പാഠ്യപദ്ധതി എസ് സി ഇ ആര്‍ ടിയുടെ നേതൃത്വത്തിലാണ് സമഗ്രവും ശാസ്ത്രീയവുമായി പരിഷ്‌കരിച്ചത്. മതനിരപേക്ഷത, ഭരണഘടനാ മൂല്യം, ശാസ്ത്രബോധം, മാനവികത തുടങ്ങിയവയില്‍ ഊന്നിയാണ് അത് നിര്‍വഹിച്ചത്.

മോദി സര്‍ക്കാര്‍ എന്‍ സി ഇ ആര്‍ ടി മുഖാന്തിരം, രാജ്യത്തെ പാഠപുസ്തകങ്ങളില്‍ വലിയ വെട്ടിത്തിരുത്തലുകള്‍ വരുത്തി. മതനിരപേക്ഷത, ഫെഡറലിസം, ദേശീയത, പൗരത്വം, നോട്ട് നിരോധനം, ജനാധിപത്യ അവകാശങ്ങള്‍, മുഗള്‍ സാമ്രാജ്യം, ദേശീയ സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം പ്രാതിനിധ്യം, കര്‍ഷക സമരങ്ങള്‍, ഗാന്ധിവധം, അടിയന്തരാവസ്ഥ, ബാബരി മസ്ജിദ്, ഗുജറാത്ത് വംശഹത്യ, ജമ്മു കശ്മീര്‍ എന്നിവ സംബന്ധിച്ച പാഠഭാഗങ്ങള്‍ സിലബസില്‍ നിന്ന് കേന്ദ്രം ഒഴിവാക്കി. എന്നാല്‍ ഒഴിവാക്കപ്പെട്ട ഭാഗങ്ങള്‍ ചേര്‍ത്ത് കേരളം ബദല്‍ പുസ്തകം പുറത്തിറക്കി കുട്ടികളിലെത്തിച്ചു. സ്വന്തമായി പാഠ്യപദ്ധതി തയ്യാറാക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ട്.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വരുമ്പോള്‍
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നാല്‍ സംസ്ഥാനത്തിനു കൂടി അവകാശപ്പെട്ടതാണ്. കാരണം നമ്മുടെ നികുതിപ്പണം കൂടിയാണതിനു പിന്നിലുള്ള സാമ്പത്തിക സ്രോതസ്സ്. ഇത് ഔദാര്യമോ ആനുകൂല്യമോ അല്ല, നമ്മുടെ അവകാശം തന്നെയാണ്. സങ്കുചിത രാഷ്ട്രീയ, വര്‍ഗീയ ഘടകങ്ങള്‍ അവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ മാറ്റം വരുത്തിയാണ് നാം പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളത്. ആരോഗ്യ രംഗത്ത് പി എം അഭീം പദ്ധതി നടപ്പാക്കിയപ്പോള്‍ കേന്ദ്രത്തിന്റെ നിബന്ധനക്ക് മുന്നില്‍ കീഴടങ്ങിയല്ല, നമ്മുടെ തീരുമാനം കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയാണ് മുന്നോട്ട് പോയത്. ആയുഷ്മാന്‍ ഭാരത് വെല്‍നസ്സ് സെന്ററുകള്‍ ആരംഭിച്ചപ്പോഴും നമ്മുടെ നിലപാട് ഉയര്‍ത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് പി എം ഉഷ പദ്ധതി നടപ്പാക്കാനായി ധനസഹായം നേടിയെടുത്തപ്പോഴും, യു ജി സിയും കേന്ദ്ര സര്‍ക്കാറും മുന്നോട്ടുവെച്ച വര്‍ഗീയ രാഷ്ട്രീയത്തെ സിലബസിലോ കരിക്കുലത്തിലോ ഉള്‍പ്പെടുത്തിയില്ല.

കേരളത്തിലെ സര്‍വകലാശാലകള്‍ സ്വന്തമായി സിലബസ് പരിഷ്‌കരണം നടപ്പാക്കി. ഫോര്‍ ഇയര്‍ ഡിഗ്രി കോഴ്‌സുകള്‍ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് നാം നടപ്പാക്കിയത്. യു ജി സി കരട് റെഗുലേഷന്‍ 2025നെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നു.
കേന്ദ്ര സര്‍ക്കാര്‍ പി എം എ വൈ പദ്ധതിയിലൂടെ ഒരു വീടിന് കേവലം 72,000 രൂപ ധനസഹായം നല്‍കി, വീടിന്റെ മുന്നില്‍ പദ്ധതിയുടെ വിശദാംശമെഴുതി, ഗുണഭോക്താവിന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ കേരളം ഒരു വീടിന് നാല് ലക്ഷം രൂപ നല്‍കുന്ന ലൈഫ് പദ്ധതി കൂടിയായാണ് അത് നടപ്പാക്കിയത്. പേരും എംബ്ലവും വീടിന് മുന്നില്‍ വെക്കേണ്ടതില്ല എന്നും തീരുമാനിച്ചു. ഇങ്ങനെ ആറര ലക്ഷം കുടുംബങ്ങള്‍ക്കാണ് വീട് നല്‍കിയത്; അവരുടെ ആത്മാഭിമാനത്തിന് സംരക്ഷണവും.

സമഗ്ര ശിക്ഷ: ലക്ഷ്യവും മാര്‍ഗവും
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിരിക്കും സമഗ്ര ശിക്ഷ പദ്ധതിയെന്ന അറിയിപ്പ് 2022ലാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനും ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കുക എന്ന നിബന്ധന മുന്നോട്ടുവെച്ചു. കോണ്‍ഗ്രസ്സ് ഭരിക്കുന്നതും ഭരിച്ചിരുന്നതുമായ സംസ്ഥാനങ്ങളുള്‍പ്പെടെ ഒറ്റയടിക്ക് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എന്നാല്‍ കേരളം ഓരോ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാറിന്റെ സമീപനത്തെ വിമര്‍ശിച്ചു, കേരളത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിലപാട് സ്വീകരിച്ചു. കേരളത്തിന് അര്‍ഹതപ്പെട്ട 1,400 കോടി രൂപ കുടിശ്ശികയുള്‍പ്പെടെ തടഞ്ഞുവെക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. 40 ലക്ഷം കുട്ടികളെ ബാധിക്കുന്ന പ്രതിസന്ധിയായി ഇത് മാറുന്ന നിലവന്നു. പാവപ്പെട്ടവര്‍, പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, ഭിന്നശേഷി വിഭാഗം, സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവര്‍ എന്നിവരുടെ തുടര്‍ പഠനത്തെ ബാധിക്കുമോ എന്ന ആശങ്ക എല്ലാവരിലുമുണ്ടായി.

ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചത്. വിദ്യാഭ്യാസ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ സംസ്ഥാനങ്ങള്‍ക്കുള്ള എല്ലാ ധനസഹായവും സമഗ്ര ശിക്ഷ വഴിയാണ് ലഭിക്കുന്നത്. 2001ല്‍ ആരംഭിച്ച എസ് എസ് എയും 2009ല്‍ തുടങ്ങിയ ആര്‍ എം എസ് എയും ഇതര അധ്യാപക പരിശീലന പദ്ധതികളുമാണ് 2018ല്‍ സമഗ്ര ശിക്ഷ പദ്ധതി എന്ന പേരില്‍ സംയോജിപ്പിച്ചത്. കേന്ദ്ര നിലപാടിന്റെ ഭാഗമായുള്ള സാമ്പത്തിക പ്രശ്‌നം, പദ്ധതിയുടെ ഭാഗമായ കേരളത്തിലെ പതിനായിരത്തിനടുത്ത് അധ്യാപക- അനധ്യാപക ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍, സംസ്ഥാന-ജില്ല – ബി ആര്‍ സി തലങ്ങളിലെ ഓഫീസ് പ്രവര്‍ത്തനം എന്നിവയെ ബാധിക്കുമെന്ന നില വന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള എസ് സി, എസ് ടി, ബി പി എല്‍ വിഭാഗങ്ങളിലെ കുട്ടികളുടെ യൂനിഫോം വിതരണം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, തെറാപ്പി സേവനം, ഭിന്നശേഷി പെണ്‍കുട്ടികളുടെ സ്‌റ്റൈപെൻഡ്, കിടപ്പിലായ കുട്ടികള്‍ക്കുള്ള സേവനം, അര്‍ഹരായ കുട്ടികളുടെ ട്രാന്‍സ്‌പോര്‍ട്ട് സൗകര്യം, കാഴ്ചപരിമിതരായ കുട്ടികള്‍ക്കുള്ള സാങ്കേതിക സഹായം, ഇന്‍ക്ലൂസീവ് വിഭാഗം സ്‌പോര്‍ട്‌സ്, പട്ടികജാതി -പട്ടിക വര്‍ഗ വിഭാഗത്തിലുള്ള കുട്ടികളുടെ ഹോസ്റ്റല്‍ സൗകര്യം – ഇത്യാദി ചെലവുകളെല്ലാം സമഗ്ര ശിക്ഷ വഴിയാണ് നടപ്പിലാകുന്നത്.

കൂടാതെ മുഴുവന്‍ വിദ്യാലയങ്ങളിലെയും നൂതനമായ അക്കാദമിക പരിപാടികള്‍, ബ്ലോക്ക് – ക്ലസ്റ്റര്‍ പരിശീലനം, കുട്ടികളുടെ ഭാഷാ- ശാസ്ത്ര- ഗണിത- സാമൂഹിക ശാസ്ത്ര രംഗങ്ങളിലെ ഗുണമേന്മ വര്‍ധിപ്പിക്കുന്ന സംരംഭങ്ങള്‍ എന്നിവയും ഈ പദ്ധതിയിലൂടെയാണ്. സംസ്ഥാനത്തെ 40 ലക്ഷം കുട്ടികളെയും ബാധിക്കുന്ന ഒരു പ്രശ്‌നമായി ഇത് വളരുമെന്നത് നമ്മള്‍ ആര്‍ജിച്ച വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് ഭീഷണിയാണ്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ധനസഹായം ലഭിക്കുക എന്നത് ഫെഡറല്‍ രാഷ്ട്രഘടനയില്‍ നമ്മുടെ അവകാശമാണ്. ആഗോളവത്കരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് വാണിജ്യവത്കരണം യാഥാര്‍ഥ്യമായപ്പോള്‍, ജനകീയവും വികസനോന്മുഖവുമായ ബദലുയര്‍ത്തിയാണ് നാം മുന്നോട്ടു പോയത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്, അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ല. മതനിരപേക്ഷ വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
(ലേഖകന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറാണ്)

Latest