Kerala
പി എം ശ്രീ: പുനപ്പരിശോധിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതി; റിപോര്‍ട്ട് വരുന്നതു വരെ പദ്ധതി നിര്‍ത്തിവെക്കും
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് സമിതിയുടെ അധ്യക്ഷന്‍. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി പ്രസാദ്, പി രാജീവ് കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍.
തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ഇത് പുനപ്പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏഴംഗ ഉപസമിതിയെയാണ് നിയോഗിച്ചത്.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് സമിതിയുടെ അധ്യക്ഷന്‍. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി പ്രസാദ്, പി രാജീവ് കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍. സമിതിയുടെ റിപോര്‍ട്ട് വരുന്നതു വരെ പദ്ധതി നിര്‍ത്തിവെക്കും. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ കത്തിലൂടെ അറിയിക്കും.
തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം (എസ് ഐ ആര്‍) രാജ്യത്തെ ജനാധിപത്യ പ്രക്രിയക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിശദ ചര്‍ച്ചകള്‍ക്കായി നവം: അഞ്ചിന് സര്‍വകക്ഷി യോഗം ചേരും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) തിടുക്കപ്പെട്ടു നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഈ നീക്കത്തിന്റെ അപകടം ചൂണ്ടിക്കാട്ടി കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം അംഗീകരിച്ചതാണ്. എസ് ഐ ആര്‍ നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നും സുതാര്യമായ വോട്ടര്‍ പട്ടിക പുതുക്കല്‍ നടത്തണമെന്നുമാണ് സഭ ആവശ്യപ്പെട്ടത്.
രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ തന്നെയും അഭിപ്രായം അവഗണിച്ച് എസ് ഐ ആര്‍ നടപ്പാക്കും എന്ന തീരുമാനമാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. ഇത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇത് ഇപ്പോള്‍ പ്രാവര്‍ത്തികമല്ലെന്ന് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ തന്നെ അഭിപ്രായപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


