articles
പി എം ശ്രീയും കേരളവും
പി എം ശ്രീയുടെ പ്രത്യാഘാതം അളക്കേണ്ടത് അതിനെ മാത്രം ഒറ്റപ്പെടുത്തിയല്ല. അത്തരം പരിഷ്‌കാരങ്ങളെ ഒരു സാകല്യമായിട്ടാണ് കാണേണ്ടത്. മനുഷ്യത്വരഹിതമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ തേരു തെളിച്ചു വരുന്ന ശക്തികൾക്ക് യഥേഷ്ടം കടന്നുവരാൻ ഇന്ത്യയിൽ നടന്നുവരുന്ന മുന്നൊരുക്കങ്ങളെ ആർക്ക് മനസ്സിലായില്ലെങ്കിലും കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിയേണ്ടതാണ്.
പണം കിട്ടിയാൽ ഏതു നയത്തിലും വെള്ളം ചേർക്കുമോ? പതിനായിരം കോടി കേന്ദ്രം തന്നാലും തങ്ങളുടെ മതേതര വിദ്യാഭ്യാസ നയത്തിലും ഫെഡറൽ നിലപാടുകളിലും മാറ്റം വരുത്തുകയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറയുന്നു. ബംഗാളിലും മമതാ ബാനർജി പി എം ശ്രീ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇടതുപക്ഷം ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിക്കില്ലെന്നും പി എം ശ്രീ നടപ്പാക്കില്ലെന്നും സി പി എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞിരുന്നു. പി എം ശ്രീ നടപ്പാക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ശക്തമായ നിലപാടിലായിരുന്നു. ഏതാണ്ട് ഇതേ നിലപാട് തന്നെയാണ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാടുകളിൽ ശരിയുണ്ടെന്നു
തോന്നുന്നു.
കേരളം വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം പണ്ടേ കൈവരിച്ചതാണ്. പശ്ചാത്തല സൗകര്യങ്ങളിലും കേരളം ഏറെ മുന്നിലാണ്. കേന്ദ്രം 60 ശതമാനവും കേരളം 40 ശതമാനവും ചെല് വഹിക്കേണ്ടുന്ന പി എം ശ്രീ കൊണ്ട് ഉദ്ദേശിക്കുന്നത് സത്യത്തിൽ മറ്റു സംസ്ഥാനങ്ങളെ നമ്മുടെ നിലവാരത്തിലെങ്കിലും എത്തിക്കലാണ്. ആകെ ഒരു ബ്ലോക്കിൽ രണ്ട് സ്‌കൂളുകളെയാണ് ഈ പദ്ധതി പ്രകാരം സഹായിക്കാൻ ഉദ്ദേശിക്കുന്നത്. കേരളത്തിൽ ആകെ 300 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കേണ്ടി വരിക. കേന്ദ്ര സർക്കാറിന്റെയും സംഘ്പരിവാറിന്റെയും രാഷ്ട്രീയവും അവർ തയ്യാറാക്കിയ പുതിയ ഇന്ത്യാ ചരിത്രവും എൻ സി ആർ ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ അറു പിന്തിരിപ്പൻ വലതുപക്ഷ വർഗീയ രാഷ്ട്രീയവും നുണക്കഥകളും അതോടെ കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കേണ്ടിവരും.
പി എം ശ്രീ തുറന്നിടുന്ന വാതിലിലൂടെ എൻ ഇ പിയും ഭേദഗതി ഒട്ടുമില്ലാതെ നടപ്പാക്കണം. ഇപ്പോൾ തന്നെ എൻ ഇ പിയും ഭാഗികമായി കേരളം സ്വീകരിച്ച മട്ടാണ്. യു പിയിലെയും ഗുജറാത്തിലെയും മാതൃകകൾ കേരളത്തിന്റെ വിദ്യാഭ്യാസ ശരീരത്തിൽ പടർന്നുകേറും. കേന്ദ്രം തരുന്ന ചെറിയ പൈസ അല്ലെങ്കിലേ കടം കേറി മുടിഞ്ഞ കേരളം നിത്യനിദാന ചെലവുകൾക്കായി ഉപയോഗിക്കാനാണ് സാധ്യത. ഈ ഘട്ടത്തിൽ പി എം ശ്രീ ചെയ്യാനാവശ്യപ്പെടുന്ന പശ്ചാത്തല സൗകര്യങ്ങൾ എല്ലാം ഇവിടെ ഉള്ളതാണ്.
എന്തായാലും ഈ വർഷം ഇനി കിട്ടാനർഹതയുള്ളത് വെറും 165 കോടി രൂപയാണ്. അല്ലെങ്കിലും 1,400 കോടിയൊന്നും ഒരുമിച്ച് കിട്ടുകയില്ല. സർവശിക്ഷാ അഭിയാൻ വകയിലെ ബാക്കിയും കൂടി ചേർത്താണ് സംഖ്യ വലുതാക്കി പറയുന്നത്. പി എം ശ്രീയുടെ കേന്ദ്ര വിഹിതം അഞ്ച് വർഷം ഗഡുക്കളായിട്ടാണ് കൊടുക്കുന്നത്. ഇടതു പക്ഷത്തിന്റെ ഈ രണ്ടാം സർക്കാറിന് ഇനി അതൊന്നും അനുഭവിക്കാൻ കാലമില്ല.
ആരു വന്നാലും അടുത്ത സർക്കാർ വേറെ ഒന്നാണല്ലൊ. അതിനു മുമ്പ് നരേന്ദ്ര മോദിയുടെ ചിത്രം എല്ലാ സ്‌കൂളുകളിലും പ്രദർശിപ്പിച്ചു കഴിഞ്ഞിരിക്കും. പിന്നെ അത് എടുത്തുമാറ്റൽ എളുപ്പമാകില്ല. രാജ്യത്തെ മുഴുവൻ റേഷൻ കടകളിലും പെട്രോൾ പമ്പുകളിലും ആശുപത്രികളിലും ബേങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലും ജനം കയറിയിറങ്ങുന്ന എവിടെയും ഇന്ത്യയെന്നാൽ മോദിയാണെന്ന് വരുത്തലാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. ഇനി ഗാന്ധിയില്ല, നെഹ്റുവില്ല, ആസാദില്ല, സ്വാതന്ത്ര്യ സമരമില്ല, മുഗൾ ഭരണമില്ല, ബുദ്ധനും ജൈനനും ഇല്ല പുതിയ അവതാരങ്ങൾ മാത്രം. കേരളത്തിനും അതു മതിയെങ്കിൽ മതിയാക്കാം.
ഇതു കേരളമാണെന്നൊന്നും മേലിൽ വീമ്പുപറയരുത്. ഇടക്കിടെ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പുന്നപ്ര വയലാർ, കയ്യൂർ, കരിവെള്ളൂർ എന്നൊന്നും വിളിച്ചുപറയരുത്.
ഇന്നലെ വരെ ഇടതുപക്ഷവും പൊതുവേ കേരളവും വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തെ പലരീതികളിൽ എതിർത്തു വരികയായിരുന്നു. അധ്യാപകർ, വിദ്യാർഥികൾ, ബുദ്ധിജീവികൾ, സാംസ്‌കാരിക നായകർ, പാർട്ടി നേതാക്കൾ തുടങ്ങിയവർ ഇക്കാര്യത്തിൽ നടത്തിയ നെടുങ്കൻ പ്രഭാഷണങ്ങൾ സാമൂഹിക മാധ്യമങ്ങളുടെ താളുകളിൽ ഇപ്പോഴും അന്ത്യ വിശ്രമം കൊള്ളു
കയാണ്.
കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ആയി നാം അഭിമാനത്തോടെ എന്നും പറഞ്ഞുനടക്കുന്നത് മത സഹിഷ്ണുത, സാഹോദര്യം, പുരോഗമന ചിന്ത, മതനിരപേക്ഷത, മനുഷ്യർക്കിടയിലെ തുല്യതാ ഭാവം, ജനാധിപത്യ ബോധം ഇവയൊക്കെയാണല്ലോ. അതുതന്നെ കുറച്ചു കാലമായി നഷ്ടമായി വരികയാണ്. കേരളത്തിന്റെ നവോത്ഥാന ചിന്തകളും മുഖ്യമന്ത്രി ഇടക്കിടെ പറയാറുള്ള നവ കേരള നിർമിതിയും ഒക്കെ പൊള്ളയായ വാക്കുകളായി മാറിക്കഴിഞ്ഞു.
ആഭ്യന്തരവകുപ്പിലെ ഉന്നതന്മാർ ഏറെക്കാലമായി ഇവിടെ നടപ്പാക്കുന്നത് പഴയ കേരളത്തിന്റെ പോലീസ് നയമല്ല. ഈ ആക്ഷേപം ഏറെ വന്നതാണല്ലോ. പോലീസിൽ മഹാഭൂരിപക്ഷവും ചോറ് കേരളത്തിലും കൂറ് കേന്ദ്രത്തോടും എന്ന മട്ടിലാണെന്നും കേൾക്കുന്നു. ഐ പി എസ് പോലെ ഐ എ എസിന്റെയും നിയന്ത്രണം കേരളത്തിന്റെ ഭരണസാരഥികൾക്ക് നഷ്ടമായെന്ന് കരുതണം.
ഇനിയും പല വകുപ്പുകളും സംഘ്പരിവാർ സ്വാധീനത്തിലാണ്. വിദ്യാഭ്യാസ വകുപ്പിനെയും സർക്കാർ തന്നെ ഡൽഹിയുടെ അധീനതയിലേക്ക് ഏൽപ്പിച്ചു കൊടുക്കാനാണ് ഇപ്പോൾ തയ്യാറെടുക്കുന്നത്.
കാവിവത്കരണം പ്രശ്നമാണെങ്കിൽ ഇവിടെ ഇപ്പോൾ തന്നെ പാതിയും കാവിയാണ്. കേന്ദ്ര ഭരണാധികാരികളോട് ഏറ്റവും കൂടുതൽ വിധേയത്വം കാണിക്കുന്ന സംസ്ഥാന ഗവൺമെന്റ് കേരളത്തിലാണത്രെ. എന്തു കൊണ്ടോ മോദി ഭരണകൂടത്തോട് വിധേയത്വം കാണിക്കേണ്ടുന്ന ചിലതൊക്കെ കേരളത്തിലെ ഭരണ നേതൃത്വത്തിനുണ്ടായിരിക്കാം. അറിയില്ല. ഗവർണർമാരുമാരുമായി ഏറ്റുമുട്ടി എവിടെയും എത്താൻ ഈ സർക്കാറിനു കഴിഞ്ഞില്ല. ഉന്നത വിദ്യാഭ്യാസ രംഗം ഏതാണ്ട് കേന്ദ്ര സർക്കാറിനും ഗവർണർക്കും കീഴ്പ്പെട്ടു കഴിഞ്ഞു.
ഇനി സ്‌കൂൾ വിദ്യാഭ്യാസവും സംഘ്പരിവാർ ശക്തികളുടെ കരങ്ങളിൽ ഏൽപ്പിക്കണോ? ഇലക്്ഷൻ കമ്മീഷനായും തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണമായും പൗരത്വ നിയമമായും തൊഴിൽ നിയമമായും കർഷക നിയമമായും വഖ്ഫ് പരിഷ്‌കരണമായും ഹജ്ജ് വിഷയങ്ങളായും ഹിജാബ് വിവാദമായും ഇപ്പോൾ പി എം ശ്രീയായും ഒക്കെ വരുന്നത് ഒരേ അവതാരത്തിന്റെ വ്യത്യസ്ത രൂപങ്ങൾ ആണെന്ന് അറിയാത്തവരാണോ കമ്മ്യൂണിസ്റ്റുകാർ?
പി എം ശ്രീയുടെ പ്രത്യാഘാതം അളക്കേണ്ടത് അതിനെ മാത്രം ഒറ്റപ്പെടുത്തിയല്ല. അത്തരം പരിഷ്‌കാരങ്ങളെ ഒരു സാകല്യമായിട്ടാണ് കാണേണ്ടത്. മനുഷ്യത്വരഹിതമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ തേരു തെളിച്ചുവരുന്ന ശക്തികൾക്ക് യഥേഷ്ടം കടന്നുവരാൻ ഇന്ത്യയിൽ നടന്നുവരുന്ന മുന്നൊരുക്കങ്ങളെ ആർക്ക് മനസ്സിലായില്ലെങ്കിലും കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിയേണ്ടതാണ്. എതിർക്കാൻ ശേഷിയില്ലെങ്കിലും അനുകൂലിക്കുന്ന
തെങ്ങനെ?
സി പി ഐ സംസ്ഥാന, കേന്ദ്ര ഘടകങ്ങളെയും സി പി എം കേന്ദ്ര കമ്മിറ്റിയെയും അതിന്റെ ജനറൽ സെക്രട്ടറി ബേബിയെയും മറികടന്ന് കേരളത്തിൽ പി എം ശ്രീയും എൻ ഇ പിയും നടപ്പാക്കണമെന്ന വാശിയും ശക്തിയും ആർക്കാണാവോ? മന്ത്രി ശിവൻകുട്ടി വല്ലപ്പോഴും നേർവഴിക്കു വരാറുള്ള ഒരു മന്ത്രിയാണ്. മുഖ്യമന്ത്രി അമേരിക്കയിലായിരുന്നപ്പോൾ രാജ്ഭവനിൽ പോയി ഭാരതാംബയുടെ ചിത്രത്തെയും കാവിക്കൊടിയെയും ഗവർണറെയും വിറപ്പിച്ച ധീര സഖാവാണദ്ദേഹം. ഇപ്പോൾ വിദ്യാഭ്യാസ ഭവനിൽ ആ കൊടി ഔദ്യോഗികമായി നാട്ടുകയാണദ്ദേഹം.
ഹിജാബ് വിവാദമാക്കിയ സ്‌കൂൾ മാനേജ്മെന്റിനെ എതിർക്കാനും ഹിജാബ് ധാരിയായ കുട്ടിയെ ചേർത്തു പിടിക്കാനും ഭരണഘടനാപരമായ അവകാശങ്ങൾ ഓർമിപ്പിക്കാനും അദ്ദേഹം മറന്നില്ല. വാസവനും സജിയും ഇതൊക്കെ ചെയ്താൽ ആരും അത്ഭുതപ്പെടില്ലായിരുന്നു.


